മികച്ച നാടകത്തിനുള്ള കെസിബിസി പുരസ്കാരം ഇതിഹാസത്തിന്
കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്റെ അഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ നടന്ന നാടകമേളയിൽ തിരുവനന്തപുരം സൗപർണികയുടെ ‘ഇതിഹാസം’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ ) എന്ന നാടകത്തിലെ റോയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്സണ് ഐക്കരയാണ് മികച്ച നടൻ. അമ്മയിലെ (കാളിദാസ കലാകേന്ദ്രം കൊല്ലം) അഭിനയത്തിന് മഞ്ജു റെജി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചമിപെറ്റ പന്തിരുകുലം (നാടകസഭ കോഴിക്കോട്) എന്ന നടകത്തിന്റെ സംവിധായകൻ മനോജ് നാരായണൻ ആണ് മികച്ച സംവിധായകൻ. മികച്ച നാടകകൃത്ത്- അശോക് ശശി (ഇതിഹാസം), മികച്ച രണ്ടാമത്തെ നടൻ-വിനോദ് മായന്നൂർ (പാട്ടുപാടുന്ന വെള്ളായി), നടി-വിനോദിനി (ഇതു ധർമഭൂമിയാണ്), മികച്ച സംഗീത സംവിധായകൻ- അനിൽ മാള (പട്ടുപാടുന്ന വെള്ളായി) എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ. ഒന്പതു നാടകങ്ങളാണ് മേളയിൽ അവതരിപ്പിച്ചത്. ഇന്നലെ വൈകുന്നേരം പിഒസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ സമ്മാനദാനം നിർവഹിച്ചു. കേരളസംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ് ജേതാവ് മരട് ജോസഫിനെ ചടങ്ങിൽ ആദരിച്ചു.