ഈ ലോകം വരേണ്യവര്‍ഗത്തിന്റേതായി മാറുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഈ ലോകം കൂടുതല്‍ കൂടുതല്‍ വരേണ്യവര്‍ഗത്തിന്റെതായി മാറുന്നുവെന്നും പാവപ്പെട്ടവരോട് ശത്രുത പുലര്‍ത്തുന്നുവെന്നും ഫ്രാന്‍സിസ് പാപ്പായുടെ വിമര്‍ശനം. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ആഗോള ദിനത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്.
‘ഇന്ന് ലോകം കൂടുതല്‍ കൂടുതല്‍ വരേണ്യവര്‍ഗത്തെ പിന്തുണയ്ക്കുന്നതും ക്രൂരവുമായി മാറിക്കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങള്‍ പ്രകൃതിവിഭവങ്ങളും മാനവ വിഭവശേഷിയും സമ്പന്നര്‍ക്കും വരേണ്യവര്‍ഗങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുകയാണ്. യുദ്ധം ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് ബാധിക്കുന്നത്. എന്നാല്‍ ആയുധങ്ങള്‍ മറ്റിടങ്ങളിലും വില്ക്കപ്പെടുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആരും തയ്യാറാകുന്നില്ല:’ പാപ്പാ വിലപിച്ചു.
ഇതിനെല്ലാം ബലിയാടാകുന്നത് പാവപ്പെട്ടവരും സമൂഹത്തിലെ ഏറ്റവും ചെറിയവരുമാണെന്ന് പാപ്പാ പറഞ്ഞു. വിരുന്നു മേശയില്‍ നിന്ന് താഴെ വീഴുന്ന അപ്പക്കഷണങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍.
ക്രിസ്ത്യാനികളെന്ന നിലയില്‍ നമുക്ക് ഇതിനോട് നിസംഗത പാലിക്കാന്‍ ആവില്ല. നമ്മുടെ ഗ്രൂപ്പില്‍ പെട്ടവരല്ല എന്നു പറഞ്ഞ് പാവങ്ങളെ സഹായിക്കാതിരിക്കാനും ഈ വിവേചനമെല്ലാം കണ്ടിട്ട് മിണ്ടാതിരിക്കാനും ആവില്ല, പാപ്പാ പറഞ്ഞു.
പാര്‍ശ്വങ്ങളില്‍ ജീവിക്കുന്നവരോട് ഉപവി കാണിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും നാം ദയ കാണിക്കണം. അവരെ ചേര്‍ത്തു നിര്‍ത്തണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.