വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്തംബര്‍ 24 ന് സമാപിക്കും
എറണാകുളം: മധ്യകേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്തംബര്‍ 24 ന് സമാപിക്കും. വിമോചനത്തിന്റെ നാഥ എന്നാണ് വല്ലാര്‍പാടത്തമ്മ അറിയപ്പെടുന്നത്. സെപ്തംബര്‍ 24 ന് വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ മുഖ്യകാര്‍മികനായിരിക്കും.
കൊച്ചി രാജ്യത്തെ ദിവാനായിരുന്ന ചേന്ദമംഗലം പാലിയത്തച്ചന്റെ പിന്‍തലമുറക്കാര്‍ ബസിലിക്കയില്‍ കെടാവിളക്കിനുള്ള എണ്ണ സമര്‍പ്പിക്കാനെത്തും. പരമ്പരാഗതമായ ബന്ധമാണ് ഈ കുടുംബത്തിന് വല്ലാര്‍പാടവുമായുള്ളത്. ബസിലിക്കയില്‍ പ്രധാന അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാരുണ്യമാതാവിന്റെ തിരുസ്വരൂപം 1524 ല്‍ പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നതാണ്.
വള്ളത്തില്‍ യാത്ര ചെയ്യവേ കായലില്‍ മുങ്ങിപ്പോയ മീനാക്ഷി അമ്മ എന്ന നായര്‍ സ്ത്രീയെയും അവരുടെ കുഞ്ഞിനെയും അത്ഭുതകരമായ മാതാവ് രക്ഷിച്ചതിന്റെ ബഹുമാനാര്‍ത്ഥമാണ് വല്ലാര്‍പാടത്തമ്മയോടുള്ള വിശ്വാസം വളര്‍ന്നത്. ദേശത്തിന്റെ നാനാഭാഗത്തു നിന്നും ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടത്തേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു.