ഹിന്ദി ഏക ഭാഷാവാദം അംഗീകരിക്കാനാവില്ലെന്ന് ജാഗ്രതാസമിതി
ചങ്ങനാശേരി: സമീപകാലത്ത് ഉയർന്നിരിക്കുന്ന ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം അംഗീകരിക്കാനാവില്ലെന്നും ഇതിനു പിന്നിൽ നിഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ഇതു ദേശവിരുദ്ധമാണെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി.
വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഭാരതം. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യം. ഭാരത സംസ്കാരത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തഃസത്ത ബഹുസ്വരതയാണെന്നും സമിതി വിലയിരുത്തി.
ഒരു ഭാഷാ ഒരു മതം ഒരു സംസ്കാരം എന്നത് ഇന്ത്യയ്ക്ക് അന്യമാണ്. ഇത്തരം ചിന്താഗതികൾ രാജ്യത്ത് അന്തഃഛിദ്രവും അസമാധാനവും സൃഷ്ടിക്കും. ഭരണത്തിന്റെ പിൻബലത്തിൽ സങ്കുചിത താത്പര്യങ്ങളോടെ ഉത്തരവാദിത്തപ്പെട്ടവർ ഇത്തരം നിലപാടെടുക്കുന്നതു നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കണമെന്നും പിആർഒ അഡ്വ. ജോജി ചിറയിൽ, ജാഗ്രതാസമിതി കോഒാഡിനേറ്റർ ഫാ. ആന്റണി തലച്ചെല്ലൂർ എന്നിവർ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.