സംഘടിത ആക്രമണങ്ങള്ക്കെതിരെ സന്ന്യസ്ത മഹാസംഗമം
മാനന്തവാടി: സന്യസ്തരുടെയും അല്മായരുടെയും മഹാസംഗമം ‘സമർപ്പിത ശബ്ദം’ സന്യസ്തർക്കെതിരായ സംഘടിത ആക്ഷേപങ്ങൾക്കുള്ള മറുപടിയായി. ക്രൈസ്തവ സന്യാസത്തിനെതിരേ തത്പരകക്ഷികൾ നടത്തുന്ന വ്യാജ ആരോപണങ്ങളെ തിരുത്തുകയും സംഘടിതമായ ആക്ഷേപങ്ങൾക്കു മറുപടി നൽകുകയുമായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശ്യം.
സമ്മേളനത്തിൽ മൂവായിരത്തോളം പേർ പങ്കെടുത്തു. എല്ലാ സന്യാസ സമൂഹങ്ങളിൽനിന്നുള്ളവരും ഇടവകകളിൽനിന്നുള്ള അല്മായ പ്രതിനിധികളും വയനാടിന്റെയും സമീപ ജില്ലകളുടെയും വിവിധ ഭാഗങ്ങളിൽനിന്ന് സംഘടനകളെയും ഇടവകകളെയും സമർപ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചും അംഗങ്ങൾ പങ്കെടുത്തു.
സിസ്റ്റർ റോണ സിഎംസി നടത്തിയ പ്രാർഥനാശുശ്രൂഷയോടെയാണ് സമ്മേളനം ആരംഭിച്ചത്. സിസ്റ്റർ ഡെൽഫി സിഎംസി, സിസ്റ്റർ ക്രിസ്റ്റീന എസ്സിവി, സിസ്റ്റർ റോസ് ഫ്രാൻസി എഫ്സിസി, സിസ്റ്റർ ഷാർലറ്റ് എസ്കെഡി, സിസ്റ്റർ ലിന്റ എസ്എബിഎസ് എന്നിവർ സന്യാസജീവിതത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചു പ്രസംഗിച്ചു.
ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മീഷൻ മുൻ അധ്യക്ഷ കെ.സി. റോസക്കുട്ടി, ഫാ. ജോസ് കൊച്ചറക്കൽ, ഗ്രേസി ചിറ്റിനപ്പള്ളി, സെബാസ്റ്റ്യൻ പാലംപറന്പിൽ, അലീന ജോയി, ഷാജി ചന്ദനപ്പറന്പിൽ എന്നിവർ അല്മായ- വൈദിക പക്ഷത്തുനിന്നു പ്രതികരിച്ചു.
ഏതുതരത്തിലുള്ള ബാഹ്യ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ആത്മീയവും ധാർമികവുമായ ശക്തി തങ്ങൾക്കുണ്ട് എന്നു സമർപ്പിതസംഗമം പ്രഖ്യാപിച്ചു. തിന്മയുടെ ശക്തികൾക്കു മുന്പിലും ദുരാരോപണങ്ങൾക്കു മുന്പിലും ആത്മവീര്യം നഷ്ടപ്പെട്ടവരാകാൻ തങ്ങൾ തയാറല്ലെന്നു ദിവ്യകാരുണ്യ ആരാധനയിൽ സമർപ്പിത സമൂഹം കത്തിച്ച തിരികൾ ഉയർത്തി പ്രതിജ്ഞ ചെയ്തു.
എല്ലാ കുടുംബങ്ങളിലേക്കും വേണ്ടി തയാറാക്കിയ ‘സമർപ്പിതശബ്ദം’ എന്ന പത്രം പ്രകാശനം ചെയ്തു. അതിന്റെ ആദ്യപ്രതി വിശ്വാസസംരക്ഷണ വേദിയുടെ പ്രവർത്തകാംഗങ്ങൾ ഏറ്റുവാങ്ങി. സമർപ്പിതർ നേരിടുന്ന വിവിധ പ്രതിസന്ധികളെ മുൻനിർത്തി മുഖ്യമന്ത്രിക്കും മറ്റ് നിയമസംവിധാനങ്ങൾക്കും എല്ലാ സന്യസ്തരുടെയും ഒപ്പോടു കൂടി സമർപ്പിക്കാനിരിക്കുന്ന പരാതി പ്രമേയ രൂപത്തിൽ സിസ്റ്റർ മരിയ വിജി എസി അവതരിപ്പിച്ചു. സമ്മേളനത്തിനു സിസ്റ്റർ ആൻസിറ്റ എസ്സിവി സ്വാഗതം ആശംസിച്ചു. ദിവ്യകാരുണ്യ ആരാധനയോടുകൂടി സമാപിച്ച സമ്മേളനത്തിനു സിസ്റ്റർ ആൻമേരി ആര്യപ്പള്ളിൽ നന്ദി പ്രകാശിപ്പിച്ചു. സമർപ്പിതശബ്ദം മഹാസമ്മേളനത്തിന് സിസ്റ്റർ ആൻസിപോൾ എസ്എച്ച്, സിസ്റ്റർ ട്രീസ എസ്എബിഎസ്, സിസ്റ്റർ ജീസ സിഎംസി എന്നിവർ നേതൃത്വ നൽകി.