ചാവറ കൾച്ചറൽ സെന്ററിനു യുഎൻ സ്പെഷ്യല്‍ കണ്‍സൾട്ടേറ്റീവ് പദവി
കൊച്ചി: കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിനു ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാന്പത്തിക- സാമൂഹിക കൗണ്‍സിലിന്റെ സ്പെഷ്യല്‍ കണ്‍സൾട്ടേറ്റീവ് പദവി. സാംസ്കാരികധാരകളിലും മതാന്തരസൗഹൃദ രംഗത്തും നടത്തിയ സ്തുത്യർഹമായ സേവനങ്ങളെ പരിഗണിച്ചാണ് അംഗീകാരം.
അര നൂറ്റാണ്ടോളമായി കൊച്ചിയുടെ സാംസ്കാരികധാരയിൽ നിർണായക സാന്നിധ്യമായി മതാന്തരസൗഹൃദം ഊട്ടി വളർത്തുന്നതിനു നിസ്തുല സേവനങ്ങൾ നൽകിവരുന്ന പ്രസ്ഥാനമാണു സിഎംഐ സന്ന്യാസ സമൂഹത്തിന്റെ കീഴിലുള്ള ചാവറ കൾച്ചറൽ സെന്റർ. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ വെളിച്ചത്തിൽ കത്തോലിക്കാ സഭയുടെ സാംസ്കാരിക സമീപനങ്ങളിൽ തദ്ദേശീയരൊടൊപ്പം ഇടപെടുകയും മുൻകൈയെടുക്കുകയും വേണമെന്ന തീരുമാനത്തിനു വിധേയമായി സ്ഥാപിക്കപ്പെട്ട ആദ്യ സാംസ്കാരിക കേന്ദ്രങ്ങളിൽ പ്രമുഖമായ ഒന്നാണിത്.
യുഎൻ അംഗീകാരത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ വിവിധ സംഘടകൾ ചേർന്നു ചാവറ കൾച്ചറൽ സെന്ററിന് ആദരമൊരുക്കും. ചാവറയുടെ ഇതുവരെയുള്ള ഡയറക്ടർമാരെ ആദരിക്കും. 16നു വൈകുന്നേരം അഞ്ചിന് എറണാകുളം ഫൈൻ ആർട്സ് ഹാളിലാണ് അഭിനന്ദന സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളതെന്നു സംഘാടക സമിതി ചെയർമാൻ പ്രഫ.എം.കെ. സാനു അറിയിച്ചു.
എറണാകുളം -അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ സമ്മേളനം ഉദ്ഘാടനംചെയ്യും. കൊച്ചി മേയർ സൗമിനി ജെയിൻ അധ്യക്ഷതവഹിക്കും. ഹൈബി ഈഡൻ എംപി, ഡോ. എം. ലീലാവതി, പ്രഫ. എം.കെ. സാനു, ഷാജി. എൻ. കരുണ്‍, സി.വി. ആനന്ദബോസ്, കെ.വി. തോമസ്, സിഎംഐ സഭ പ്രയോർ ജനറൽ റവ. ഡോ. പോൾ ആച്ചാണ്ടി, ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത്, ഫാ. റോബി കണ്ണൻചിറ എന്നിവർ പ്രസംഗിക്കും. ഹാർട്ട് ടു ഹാർട്ടിലെ ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ സംഗീതാഭിവാദനം, ചാവറ കൾച്ചറൽ സെന്ററിന്റെ ദൃശ്യചിത്ര പ്രദർശനം. ധരണി അവതരിപ്പിക്കുന്ന നൃത്തശില്പം, സെന്റ് തെരെസാസ് കോളജ് അവതരിപ്പിക്കുന്ന ജ്വലനം നൃത്തപരിപാടി എന്നിവയുണ്ടാകും.
1971ൽ സ്ഥാപിതമായ ചാവറ കൾച്ചറൽ സെന്ററിനുള്ള ശ്രേഷ്ഠമായ അംഗീകാരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നൂറാം ചരമവാർഷികത്തിനുള്ള പ്രണാമസമർപ്പണം കൂടിയാണെന്നു ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ പറഞ്ഞു.