തൊടുപുഴ: ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്രൈസ്തവ മിഷനറിമാർക്കു രാജ്യത്തു സ്വതന്ത്രമായി പ്രവർത്തിക്കാൻ സാഹചര്യം സൃഷ്ടിക്കണമെന്നു കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയന്നിലം. മിഷനറിമാർക്കെതിരെ കള്ളകേസെടുത്തു കൽത്തുറങ്കിലടച്ചു ഭീതി സൃഷ്ടിക്കാനാണു ശ്രമം നടന്നുവരുന്നത്. നാടും വീടും ഉപേക്ഷിച്ചു നിർധന ജനവിഭാഗത്തിനിടയിൽ അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിരപരാധികളായ മിഷനറിമാരെ പീഡിപ്പിക്കുന്ന സംഭവങ്ങൾ സമീപനാളിൽ വർധിച്ചുവരികയാണ്.
ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഭഗൽപുർ രൂപതയിൽ മതപരിവർത്തനം ആരോപിച്ചു മലയാളിയും തൊടുപുഴ സ്വദേശിയുമായ ഫാ.ബിനോയി ജോണ് വടക്കേടത്തുപറന്പിലിനെയും സുവിശേഷ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നിരപരാധിയായ വൈദികനെ കള്ളക്കേസിന്റെ പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരാതി സംബന്ധിച്ചു കൃത്യമായ അന്വേഷണത്തിനു പോലും അധികൃതർ തയാറായിട്ടില്ല. ഈ വേട്ടയാടൽ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.