മതപരിവർത്തനം ആരോപിച്ച് ജാർഖണ്ഡിൽ രണ്ടു വൈദികരെ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രണ്ടു കത്തോലിക്കാ വൈദികരെയും സുവിശേഷ പ്രവർത്തകനെയും ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഭഗൽപുർ രൂപതയിലെ വൈദികരായ ബിനോയി ജോണ്‍ വടക്കേടത്തുപറന്പിൽ, അരുണ്‍ വിൻസെന്റ് എന്നിവരെയും മുന്നാ ഹൻസദ എന്ന സുവിശേഷ പ്രവർത്തകനെയുമാണ് ജാർഖണ്ഡ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഫാ. ബിനോയി തൊടുപുഴ വെട്ടിമറ്റം സ്വദേശിയാണ്.
അറസ്റ്റ് ചെയ്തവരെ അഗൈമുർ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അറസ്റ്റ് കള്ളക്കേസിലാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധമുയർത്തിയതോടെ ഫാ. അരുണ്‍ വിൻസെന്റിനെ വിട്ടയച്ചു. എന്നാൽ, മറ്റു രണ്ടുപേരെ വിട്ടയച്ചിട്ടില്ല. നിർബന്ധിത മതപരിവർത്തനത്തിനൊപ്പം ഭൂമി കൈയേറ്റവും വൈദികർക്കെതിരേ ചുമത്തിയിട്ടുണ്ടെന്നും വളരെ ആസൂത്രിതമായി കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും രൂപത വികാരി ജനറാൾ ഫാ. എൻ.എം. തോമസ് പറഞ്ഞു.
ബിഹാറിലെയും ജാർഖണ്ഡിലെയും അതിർത്തി പ്രദേശങ്ങളായ ഭഗൽപുർ, ബാങ്ക, ജാമുയി, ഗോദ്ദ, ദേവഗർ, സാഹെബ്ഗഞ്ച് എന്നിവയാണ് ഭഗൽപുർ രൂപതയുടെ കീഴിലുള്ളത്. ഇവിടെ പള്ളികളും കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളും വർഷങ്ങളായി പ്രവർത്തിച്ചുവരുന്പോ ഴാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഇപ്പോഴത്തെ അറസ്റ്റ്. അറസ്റ്റിലായവരെ വിട്ടയയ്ക്കുന്ന കാര്യം മുഹറത്തിനു ശേഷം പരിഗണിക്കാമെന്ന് പോലീസ് പറഞ്ഞതായി ഫാ. എൻ.എം. തോമസ് അറിയിച്ചു. വൈദികർക്കുവേണ്ടി ഫാ. ബിനോയി ജോണിന്റെ ഇടവകയായ തൊടുപുഴ വെട്ടിമറ്റം പള്ളിയിൽ പ്രത്യേക പ്രാർഥന നടന്നു.