യേശു നിങ്ങളുടെ ഉള്‍ക്കണ്ണുകള്‍ തുറന്നു തരണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ഏലിയ മൂസാക്കാലം ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം

സുവിശഷങ്ങളിലെ ഉപമകള്‍ക്കും അത്ഭുതങ്ങള്‍ക്ക് ആത്മീയമായ അര്‍ത്ഥങ്ങളുണ്ട്. ജെറീക്കോയില്‍ വച്ച് യേശുവിന്റെ കാരുണ്യം തേടിയ അന്ധന് യേശു മിശിഹായാണെന്ന് ബോധ്യമായി. ദാവീദിന്റെ പുത്രാ എന്നാണ് അയാള്‍ യേശുവിനെ അഭിസംബോധന ചെയ്യുന്നത്. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് യേശു അയാള്‍ക്ക് വരം നല്‍കുന്നത്. യേശു നല്‍കുന്ന ആത്മീയ വെളിച്ചം സ്വന്തമാക്കി നിത്യരക്ഷ നേടുന്നതിനായിരിക്കണം നാം ലക്ഷ്യം വയ്‌ക്കേണ്ടത്.

ഇന്നത്തെ സുവിശേഷ വായന
ലൂക്കാ 18. 35 – 43

“അവന്‍ ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അന്വേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യേശു അവിടെ നിന്നു; അവനെ തന്റെ അടുത്തേക്കുകൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.”

സുവിശേഷ വിചിന്തനം

യേശു ജെറീക്കോയില്‍ പ്രവേശിച്ചപ്പോളാണ് ഈ സംഭവം നടക്കുന്നത്. ജെറിക്കോ ഇസ്രായേല്‍ക്കാരുടെ ചരിത്രത്തില്‍ പ്രാധാന്യമേറിയ നഗരമാണ്. ജോഷ്വയുടെ നേതൃത്വത്തില്‍ ജെറീക്കോ നഗരം കീഴടക്കി കൊണ്ടാണ് കാനാന്‍ ദേശം കൈയടക്കല്‍ ആരംഭിച്ചത്. ജെറീക്കോ എന്നാല്‍ പനകളുടെ നാട് എന്നാണര്‍ത്ഥം. സമരിയാക്കാരെ ശത്രുക്കളായി കണക്കാക്കിയിരുന്നതിനാല്‍ യഹൂദര്‍ ഗലീലിയില്‍ നിന്ന് ജറുസലേമിലേക്ക് പോകുമ്പോള്‍ സമരിയാ വഴി പോയിരുന്നില്ല.

വഴിയരികില്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നവനായിരുന്നു, ആ അന്ധന്‍. അയാള്‍ക്ക് കുടുംബത്തിന്റെ സഹായമുണ്ടായിരുന്നില്ല. യഹൂദര്‍ ആരാധനയ്ക്കായി അതു വഴി പോയിരുന്നിതു കൊണ്ട് വഴിയോരം ഭിക്ഷ യാചിക്കാന്‍ പറ്റിയ സ്ഥലമാണെന്ന് അയാള്‍ കരുതിയിരിക്കണം.

പെസഹാ ആചരിക്കാന്‍ ജനക്കൂട്ടങ്ങള്‍ അയാളുടെ മുന്നിലൂടെ കടന്നു പോകുകയായിരുന്നു. അവരുടെ വാക്കുകളില്‍ നിന്ന് യേശുവിനെ കുറിച്ച് അയാള്‍ കേട്ടു കാണും. അയാള്‍ താല്പര്യാര്‍ത്ഥം യേശുവിനെ കുറിച്ചുള്ള വിശദ വിവരങ്ങളും അറിഞ്ഞിട്ടുണ്ടാകണം. ഒരു പക്ഷേ, യേശുവിനെ കാണാന്‍ അയാള്‍ കാത്തിരിക്കുകയായിരുന്നിരിക്കണം.

നസ്രത്തിലെ യേശുവാണ് കടന്നു പോകുന്നതെന്ന് ജനങ്ങള്‍ അയാളോട് പറഞ്ഞു. യേശുവേ, ദാവീദിന്റെ പുത്രാ ഞങ്ങളില്‍ കനിയേണമേ, എന്ന് അയാള്‍ വിളിച്ചു പറഞ്ഞു. ഭൗതികമായി അന്ധനായിരുന്നെങ്കിലും ദാവീദിന്റെ പുത്രനായി തന്നെ തിരിച്ചറിഞ്ഞ അയാളുടെ ഉള്‍ക്കാഴ്ച യേശുവിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

എന്നാല്‍ ചിലര്‍ അന്ധനെ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്. അയാളുടെ നിലവിളി യേശുവിനെ ശ്രവിക്കുന്നതില്‍ നിന്ന് അവര്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചിരിക്കാം. അല്ലെങ്കില്‍ ദാവീദിന്റെ പുത്രന്‍ എന്ന് യേശുവിനെ സംബോധന ചെയ്തത് ഇഷ്ടപ്പെട്ടില്ലായിരിക്കാം. ജനങ്ങള്‍ വിദൂര ദേശങ്ങളില്‍ നിന്നും വന്നവരായിരുന്നു. ലാസറിനെ ഉയിര്‍പ്പിച്ച സംഭവം അവരില്‍ പലരും കേട്ടിട്ടുണ്ടായിരുന്നു.

ഇത് കാഴ്ച വീണ്ടു കിട്ടാനുള്ള തന്റെ അവസാനത്തെ അവസരമാണെന്ന് അന്ധന്‍ മനസ്സിലാക്കി. അതിനാല്‍ അയാള്‍ തടസ്സങ്ങളെ ഗൗനിക്കാതെ വീണ്ടും ഉച്ചത്തില്‍ വിളിച്ചു കൊണ്ടിരുന്നു.

അപ്പോള്‍ യേശു നിന്നു. അയാളെ തന്റെ പക്കലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തന്റെ പരസ്യജീവിതകാലത്ത് മറ്റുള്ളവരെ സഹായിക്കാന്‍ ലഭിച്ച ഒരവസരവും യേശു പാഴാക്കിട്ടില്ല. തനിക്ക് എന്ത് അനുഗ്രഹമാണ് വേണ്ടതെന്ന് അന്ധന്‍ ആദ്യം വ്യക്തമായി പറഞ്ഞിട്ടില്ലായിരുന്നു. അപ്പോള്‍ എന്താണ് വേണ്ടതെന്ന് യേശു ചോദിക്കുന്നു. എനിക്ക് കാഴ്ച വേണം എന്ന് അയാള്‍ മറുപടി പറയുന്നു. യേശു അയാള്‍ക്ക് ഭൗതികമായ കാഴ്ച മാത്രമല്ല, ആത്മീയമായ കാഴ്ച കൂടി നല്‍കുന്നു.

സന്ദേശം

അയാള്‍ക്ക് ഭിക്ഷ നല്‍കിയവരേക്കാള്‍ ആത്മീയമായി ഏറെ ഉയര്‍ന്നവനായിരുന്നു അന്ധനായ ആ യാചകന്‍.യേശു മിശിഹാ ആണെന്ന് തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച അയാള്‍ക്ക് ലഭിച്ചിരുന്നു. സമൂഹത്തിലെ താഴ്ന്നവരെയും ഭാഗ്യഹീനരെയും നാം ഒരിക്കലും നിന്ദിക്കരുത്. ദൈവത്തിന്റെ കണ്ണുകളില്‍ അവര്‍ക്ക് ഉന്നതമായ സ്ഥാനം ഉണ്ടായിരിക്കാം.

ഉറക്കെ യേശുവിനെ വിളിക്കുന്നതില്‍ നിന്ന് ജനം അയാളെ തടയുന്നുണ്ട്. ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കളും മറ്റും യേശുവിനെ സമീപിക്കുന്നതില്‍ നിന്നും പള്ളിയില്‍ പോകുന്നതില്‍ നിന്നും നമ്മെ തടസ്സപ്പെടുത്താം.

തന്റെ പക്കലേക്ക് അന്ധയാചകനെ കൊണ്ടു വരാന്‍ യേശു ആവശ്യപ്പെടുന്നു. മറ്റുള്ളവരെ നാം യേശുവിന്റെ സഭയിലേക്ക് കൊണ്ടു വരണം എന്ന് യേശു ആഗ്രഹിക്കുന്നു.

തന്റെ സഹായം തേടി എത്തിയ ആരെയും യേശു ഒഴിവാക്കിയില്ല. സ്വര്‍ഗത്തിലേക്കുള്ള യാത്രയാകുന്ന ഈ ജീവിതത്തില്‍ നമ്മുടെ സഹായം ആവശ്യമുള്ള ആരെയും നമുക്ക് അകറ്റി നിര്‍ത്താതിരിക്കാം.

പണമോ ലൗകിക സ്ഥാനമാനങ്ങളോ ഒന്നുമല്ല ആ അന്ധയാചകന്‍ യേശുവിനോട് ചോദിച്ചത്. അയാള്‍ ചോദിച്ച് തനിക്ക് കാഴ്ചയുണ്ടാകണം എന്നു മാത്രമാണ്. തന്റെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം എന്നാണ് അയാള്‍ ആഗ്രഹിച്ചത്. അതു പോലെ സ്വര്‍ഗം എന്ന പരമലക്ഷ്യത്തിനു വേണ്ടി യേശുവിനോട് അപേക്ഷിക്കാനുള്ള ഉള്‍ക്കാഴ്ച നമുക്കും ഉണ്ടാകുന്നതിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

കാഴ്ച ലഭിച്ചതിന് ശേഷം അന്ധയാചകന്‍ യേശുവിനെ അനുഗമിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. ദൈവത്തെ സ്തുതിക്കാന്‍ അയാള്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതു പോലെ നമുക്ക് ചെയ്യാം.

പ്രാര്‍ത്ഥന

നിത്യപ്രകാശമായ ദൈവമേ,

ആത്മാവില്‍ അന്ധരായ ഞങ്ങള്‍ക്ക് അവിടുന്ന് ആന്തരിക കാഴ്ച നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. അവിടുന്ന് ദാവീദിന്റെ പുത്രനായ മിശിഹാ ആണെന്ന് ആ അന്ധയാചകന്‍ ഗ്രഹിച്ചതു പോലെ അവിടുന്ന് ലോകരക്ഷകനായ ദൈവമാണെന്ന് തിരിച്ചറിയാനും വിശ്വസിക്കാനും ഞങ്ങള്‍ക്കു കൃപയരുളണമേ. ആ അന്ധന്റെ ശക്തമായ വിശ്വാസം മൂലമാണ് യേശു അയാള്‍ക്ക് കാഴ്ച പ്രദാനം ചെയ്യുന്നത്. അതു പോലെ ശക്തമായ വിശ്വാസം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles