കർദിനാൾ റോജർ എച്ചെഗരായി കാലം ചെയ്തു
വത്തിക്കാൻസിറ്റി: കർദിനാൾ തിരുസംഘത്തിന്റെ മുൻ വൈസ് ഡീൻ ഫ്രഞ്ച് കർദിനാൾ റോജർ എച്ചെഗരായി(96) അന്തരിച്ചു. പാരീസിലെ സഹായ മെത്രാനായും മാഴ്സയിൽസിലെ ആർച്ച്ബിഷപ്പായും സേവനം ചെയ്ത അദ്ദേഹം 1988ൽ റോമിലെത്തി പൊന്തിഫിക്കൽ കൗൺസിൽ ഫോർ ജസ്റ്റീസ് ആൻഡ് പീസിന്റെ അധ്യക്ഷനായി ചുമതലയേറ്റു.1998ൽ 75-ാം വയസിൽ റിട്ടയർ ചെയ്യുന്നതുവരെ ഈ പദവിയിൽ തുടർന്നു.
ഫ്രഞ്ച് ബിഷപ്സ് കോൺഫറൻസിന്റെയും യൂറോപ്യൻ ബിഷപ്സ് കോൺഫറൻസിന്റെയും അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തെ 1979ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്. 2005ൽ കർദിനാൾ തിരുസംഘത്തിന്റെ വൈസ് ഡീനായി. 2017ൽ അദ്ദേഹം വത്തിക്കാനിൽനിന്നു ഫ്രാൻസിലെ ബയോണിൽ തിരിച്ചെത്തി. കർദിനാൾ എച്ചെഗരായിയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.