തടവറ പ്രേഷിതത്വ പദ്ധതിക്കു തുടക്കമായി
വാഴക്കുളം: കുറ്റവാളികളെ സൃഷ്ടിക്കാതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ടെന്നു കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ. ജോസ് പുളിക്കൽ. മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് ജയിൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തടവറ പ്രേഷിതത്വവും കുടുംബങ്ങളുടെ പുനരുദ്ധാരണവും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബിഷപ്.
കുറ്റവാളികളായി ആരും ജനിക്കുന്നില്ല. സമൂഹം സൃഷ്ടിക്കുന്ന സാഹചര്യമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അറിഞ്ഞോ അറിയാതെയോ നമുക്കോരോരുത്തർക്കും ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതരരോടുള്ള സ്നേഹവും സഹാനുഭൂതിയുംകൊണ്ട് ഇത്തരം പ്രതിസന്ധികൾ നമുക്കു തരണം ചെയ്യാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ മേധാവി കെ.ബി. അൻസാർ മുഖ്യപ്രഭാഷണം നടത്തി. മുട്ടം ജയിൽ വെൽഫെയർ ഓഫീസർ ഷിജോ, സാമൂഹ്യ പ്രവർത്തക മിസ്. കൊർണേലിയ മോസർ, കാർമൽ സ്കൂൾ മാനേജർ ഫാ. ജോർജ് തടത്തിൽ, കാർമൽ പ്രൊവിൻസ് സാമൂഹ്യ പ്രവർത്തന വിഭാഗം കൗണ്‍സിലർ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിജൻ ഊന്നുകല്ലേൽ, സാമൂഹ്യ പ്രവർത്തക ഉപദേശക സമിതിയംഗങ്ങളായ ഫാ. ജോണ്‍ ആനിക്കോട്ടിൽ, ഫാ. ജിൻസ് പടിഞ്ഞാറയിൽ, കാർമൽ സ്കൂൾ ബർസാർ ഫാ. ബിനോജ് വട്ടോടിയിൽ, പ്രോജക്ട് അംഗങ്ങളായ മോഡ്വിൻ ജോയി, സിറിയക് മാത്യു, ജി. അലൻ എന്നിവർ പ്രസംഗിച്ചു.
ജയിൽ നിവാസികളുടെ സ്വയംതൊഴിൽ പദ്ധതി പ്രകാരം ജയിൽ നിവാസികൾക്കുള്ള തയ്യൽ മെഷീൻ വിതരണവും യോഗത്തോടനുബന്ധിച്ചു നടത്തി. വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ടു ജയിലിൽ കഴിയുന്നവരുടെയും ശിക്ഷ കഴിഞ്ഞു പുറത്തുവരുന്നവരുടെയും കുടുംബങ്ങളുടെ മാനസികവും സാമൂഹ്യവുമായ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് പഠന സ്കോളർഷിപ്, സ്വയംതൊഴിൽ പദ്ധതികൾ, ബോധവത്കരണ ക്ലാസുകൾ, കൗണ്‍സലിംഗ്, തൊഴിൽ പരിശീലനം, നിയമസഹായം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ ഇരുന്നൂറോളം കുടുംബങ്ങളിൽ നടപ്പാക്കുന്നതെന്നു സാമൂഹ്യപ്രവർത്തന വിഭാഗം കൗണ്‍സിലർ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ അറിയിച്ചു.