യോജിക്കാവുന്ന മേഖലകളിൽ ഒന്നിക്കണം: മാർ ആലഞ്ചേരി
കുറവിലങ്ങാട്: ചരിത്രം പല തട്ടുകളാക്കിയെങ്കിലും യോജിക്കാവുന്ന മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ മാർത്തോമ സുറിയാനി പാരന്പര്യമുള്ള സഭകൾക്കു കഴിയണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭകൾക്കു വ്യത്യസ്തമായ ആരാധനക്രമവും വ്യത്യസ്തമായ ഭരണക്രമവുമുണ്ട്. അവയൊന്നും തച്ചുടയ്ക്കാതെ വിശ്വാസത്തിലൂടെയും സന്മാർഗത്തിലൂടെയും സുവിശേഷ സാക്ഷ്യത്തിന്റെയും അടിസ്ഥാനത്തിൽ ഒന്നായി ചേർന്നു പ്രവർത്തിക്കണം.
പ്രൊട്ടസ്റ്റന്റ് സഭകളുടെ ഒന്നു ചേർന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായി വിവിധ സംരംഭങ്ങളുണ്ട്. വെല്ലൂർ, ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജുകൾ ഇതിന് ഉദാഹരണം. നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾ പോലെ കൂടുതൽ എക്യുമെനിക്കൽ പ്രസ്ഥാനങ്ങൾ ഉണ്ടാകണം. സീറോ മലബാർ സഭ ഉൾപ്പെടെ നമ്മുടെ സഭകളിലെ ചില ആഭ്യന്തര പ്രശ്നങ്ങൾ വ്യക്തിസഭകൾ എന്ന നിലയിൽ പരസ്പര ധാരണയോടും സഹാനുഭൂതിയോടും കൂട്ടായ്മ മനോഭാവത്തോടുംകൂടി നോക്കിക്കാണാനും പരിഹാരത്തിന് ഉപകരിക്കുന്ന നിലപാടെടുക്കാനും സഭാധ്യക്ഷന്മാർ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.