മാർ ആന്റണി കരിയിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ വികാര്‍ ആര്‍ച്ച്ബിഷപ്പ്
കൊച്ചി: മാണ്ഡ്യ രൂപത മെത്രാനായ മാർ ആന്റണി കരിയിൽ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികർ ആർച്ച്ബിഷപ്. രണ്ടാഴ്ചയായി നടന്നുവരുന്ന സീറോ മലബാർ സഭാ സിനഡിലാണ് പ്രഖ്യാപനമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരും.
എറണാകുളം അങ്കമാലി അതിരൂപതയുടെ മുന്‍ സഹായമെത്രാന്‍ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ ബിഷപ്പായും മാർ ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചിട്ടുണ്ട്. സിഎംഐ സഭാംഗമായ മാർ വിൻസന്റ് നെല്ലായിപ്പറമ്പിലിനെ ബിജ്നോർ ബിഷപ്പായും നിയമിച്ചു.
ആലപ്പുഴ ചേർത്തല സ്വദേശിയായ മാർ ആന്റണി കരിയിൽ സിഎംഐ സന്യാസ സഭാംഗമാണ്. സിഎംഐ സഭയുടെ പ്രിയോർ ജനറൽ ആയിരുന്നു. കളമശേരി രാജഗിരി കോളജ് പ്രിൻസിപ്പൽ, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2015 ഒക്ടോബറിലാണ് അദ്ദേഹം കർണാടകയിലെ മാണ്ഡ്യരൂപതയുടെ ബിഷപ് ആയി നിയമിതനായത്.