ക്രൈസ്തവരോടുള്ള അവഗണനയും നീതിനിഷേധവും അതിരുകടക്കുന്നു: ലെയ്റ്റി കൗണ്‍സിൽ
കോട്ടയം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ക്രൈസ്തവരോടുള്ള അവഗണനയും നീതി നിഷേധവും അതിരുകടക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. പ്രഫ.ജോസഫ് മുണ്ടശേരിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിൽ പോലും 80 ശതമാനം മുസലിം സമുദായത്തിനും 20 ശതമാനം ക്രൈസ്തവരുൾപ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ ആനുപാതികമായി 59:41 രീതിയിൽ ഈ സ്കോളർഷിപ്പുകൾ ക്രൈസ്തവർക്കും അവകാശമുണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനെ വകുപ്പുമന്ത്രിയുടെ സ്വകാര്യസ്വത്തുപോലെ കാണുന്നത് ജനാധിപത്യഭരണത്തിന് ഭൂഷണമല്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യവും പങ്കാളിത്തവും ക്ഷേമ പദ്ധതികളിൽ ഉറപ്പുവരുത്തണം. ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ന്യൂനപക്ഷ കമ്മീഷൻ ചെയർമാനും പ്രധാനപ്പെട്ട അംഗങ്ങളും ഒരേ സമുദായത്തിൽ നിന്നായിരിക്കുന്നത് ശരിയായ നടപടിയല്ല.
കേരള ജനസംഖ്യയുടെ 18.38 ശതമാനം ക്രൈസ്തവരാണെന്നിരിക്കെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ നിന്നും വകുപ്പ് ഭരണപങ്കാളിത്തത്തിൽ നിന്നും ക്രൈസ്തവരെ മനഃപൂർപം ഒഴിവാക്കിയിരിക്കുന്നത് നീതികരിക്കാനാവില്ല. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷപദ്ധതികളുടെ നടത്തിപ്പിലും പ്രാതിനിധ്യത്തിലും സംസ്ഥാനസർക്കാർ ക്രൈസ്തവരോട് വലിയ വിവേചനമാണ് കാണിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി സംഘടിച്ചു രംഗത്തുവരണം.
ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന യുഡിഎഫും ഇതേ നയമാണു കഴിഞ്ഞ നാളുകളിൽ സ്വീകരിച്ചത്. ക്രൈസ്തവരായ ജനപ്രതിനിധികൾ പോലും വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി അവസരവാദസമീപനങ്ങൾ സ്വീകരിക്കുന്നത് എതിർക്കപ്പെടണമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾ നിർവഹിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.