അല്മായ പങ്കാളിത്തത്തിലൂടെ സഭ കൂടുതൽ സജീവവുമാകുന്നു : മാർ ജോർജ് ആലഞ്ചേരി
കൊച്ചി: അല്മായരുടെ പങ്കാളിത്തത്തിലൂടെയാണു സഭ കൂടുതൽ ശക്തവും സജീവവുമാകുന്നതെന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭയുടെ സിനഡിനോടനുബന്ധിച്ചു സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിമാരുടെയും സിനഡ് പിതാക്കന്മാരുടെയും സംയുക്ത സമ്മേളനത്തിൽ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഭയുടെ 35 രൂപതകളെ പ്രതിനിധീകരിച്ചുള്ള കൗണ്‍സിൽ സെക്രട്ടറിമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളോട് സിനഡ് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അല്മായരുടെ വീക്ഷണങ്ങൾ സമ്മേളനത്തിൽ പങ്കുവച്ചു.
ആരാധനക്രമത്തിലെ ഐകരൂപ്യം, സഭയിലെ അച്ചടക്കം തുടങ്ങിയ വിഷയങ്ങളിൽ സിനഡിന് വ്യക്തമായ നിലപാടുകൾ ഉണ്ടാകണമെന്നു യോഗം വിലയിരുത്തി. സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ പോലും മാധ്യമങ്ങൾ അനാവശ്യമായ ഇടപെടലുകൾ നടത്തുന്ന പ്രവണത വർധിച്ചുവരുന്നതിൽ അല്മായ നേതാക്കൾ ഉത്കണ്ഠ രേഖപ്പെടുത്തി. സഭയുടെ ആഭ്യന്തര പ്രശ്നങ്ങൾ തെരുവുകളിലേക്കും ചാനലുകളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സാമൂഹികമാധ്യമങ്ങളിലൂടെ കക്ഷിതിരിഞ്ഞു നടത്തുന്ന പ്രചാരണങ്ങൾ സഭാഗാത്രത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതായി യോഗം വിലയിരുത്തി.
ന്യൂനപക്ഷ സമുദായം എന്ന നിലയിൽ ക്രൈസ്തവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ആയുധമാക്കി കുടിയേറ്റ കർഷകരെ പീഡിപ്പിക്കാനുള്ള നീക്കം ചില കോണുകളിൽനിന്ന് ഉയരുന്നത് ആശങ്കാജനകമാണെന്നു യോഗം വിലയിരുത്തി. സർക്കാർ ജോലികളിൽ ക്രൈസ്തവ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞതായുള്ള ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ സഭയുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രകൃതിയെ സംഘടിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ നിയന്ത്രിക്കാനുള്ള ആർജവത്വമാണ് സർക്കാർ കാണിക്കേണ്ടത്. സഭയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് കൂട്ടായ ചർച്ചയിലൂടെ എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താൻ കഴിയുമെന്നു മേജർ ആർച്ച്ബിഷപ് പ്രസ്താവിച്ചു. സിനഡ് പിതാക്കന്മാർ പ്രാർഥനാപൂർവം ഒരേ മനസോടെ എടുക്കുന്ന തീരുമാനങ്ങൾ സഭയിലെ ഐക്യവും സമാധാനവും ശക്തിപ്പെടുത്തുമെന്നും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
സഭയുടെ കുടുംബ-അല്മായ കമ്മീഷൻ നേതൃത്വം നല്കിയ സമ്മേളനത്തിൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. ചർച്ചകൾക്ക് മാർ റാഫേൽ തട്ടിൽ മോഡറേറ്ററായി. കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോബി മൂലയിൽ നന്ദി പറഞ്ഞു.