ആതുര ശുശ്രൂഷാരംഗത്തെ വെല്ലുവിളികളെ അതിജീവിക്കണം: മാർ ഞരളക്കാട്ട്
കൊച്ചി: ആതുര ശുശ്രൂഷാരംഗത്തു പുതിയ കാലത്തിന്റെ സങ്കീർണതകളെയും വെല്ലുവിളികളെയും അതിജീവിക്കാനും സാക്ഷ്യം പകർന്നു മുന്നേറാനും കത്തോലിക്കാ ആശുപത്രികൾക്കു സാധിക്കണമെന്നു കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അഭിപ്രായപ്പെട്ടു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരളയുടെ 57-ാമതു വാർഷിക ജനറൽ ബോഡി യോഗത്തിന്റെ സമാപന ദിനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചായ് കേരളയുടെ പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറന്പിൽ അധ്യക്ഷത വഹിച്ചു. ചായ് കേരള സെക്രട്ടറിയും ലൂർദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബിസിനസ് സെഷനോടെയാണു സമ്മേളനം സമാപിച്ചത്. ചായ് കേരളയുടെ പുതിയ വൈസ് പ്രസിഡന്റായി കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ബിനു കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു.
കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയും ചായ് കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ് പള്ളുപ്പേട്ട, ചായ് കേരള ട്രഷററും രാജഗിരി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
നേരത്തെ ഹെൽത്ത് കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. രാജഗിരി ആശുപത്രിയിലെ ഡോ. വി.എ. ജോസഫ് സെഷൻ നയിച്ചു. ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ കേരളത്തിലെ മുഴുവൻ കത്തോലിക്കാ ആശുപത്രികളുടെ ഡയറക്ടർമാരും അഡ്മിനിസ്ട്രേറ്റർമാരും ചായ് ദേശീയ പ്രതിനിധികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു.