ആമസോണ്‍ കാടുകളിലെ തീ, ആശങ്കയറിച്ച് കത്തോലിക്കാ നേതാക്കള്‍
സാവോ പാവ്‌ലോ: ആമസോണ്‍ മഴക്കാടുകള്‍ കത്തിച്ചു ചാമ്പലാക്കി വ്യാപിക്കുന്ന കാട്ടു തീയെ കുറിച്ച് വിവിധ കത്തോലിക്കാ സംഘടനകള്‍ ആശങ്ക അറിയിച്ചു.
കാടുകളെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന കാട്ടു തീയെ കുറിച്ച് എന്‍ജിഓ ഗ്രൂപ്പായ മാനോസ് ഉനിഡാസ് ദുഖവും ആശങ്കയും പ്രകടിപ്പിച്ചു. ഭൂമിയുടെ ഹരിത ശ്വാസകോശമാണ് ഇനി തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതെന്ന് ഉനിഡാസ് അഭിപ്രായപ്പെട്ടു.
ബ്രസീലില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാണെന്ന് ഉനിഡാസ് വെബ് പേജില്‍ പറയുന്നു. 2019 ല്‍ കാട്ടു തീ 84 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നതായി അവര്‍ അറിയിച്ചു. അതില്‍ 54 ശതമാനം വര്‍ദ്ധനവ് ആമസോണ്‍ പ്രദേശങ്ങളിലാണ്. കാലവാസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വലിയ ആശങ്കയുണര്‍ത്തുന്നു എന്നും അവര്‍ പറഞ്ഞു.
മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ അലോണ്‍സോ മിറാന്‍ഡയും ഈ അനിഷ്ട സാഹചര്യത്തില്‍ ദുഖം രേഖപ്പെടുത്തി. എല്ലാവരുടെയും പ്രാര്‍ത്ഥനയും ഭൗതിക സഹായവും അദ്ദേഹം ആഹ്വാനം ചെയ്തു.