സഭയിലെ പ്രതിസന്ധികളെ പ്രാര്ഥനയാലേ പരിഹരിക്കാനാവൂ എന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: സമര്‍പ്പിതര്‍ പ്രാര്‍ഥനയുടെ ചൈതന്യത്തില്‍ പരിശുദ്ധ ആത്മാവിനാല്‍ പ്രേരിതരായി നയിക്കപ്പെടുന്നവരാണെന്നും സമര്പ്പിതസാക്ഷ്യത്തിന്റെ മുഖമുദ്ര പ്രേഷിതാഭിമുഖ്യം ആണെന്നും സീറോ മലബാർ സഭാ മേജർ ആർച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സീറോ മലബാര്‍ സഭാ മെത്രാന് സിനഡിനോടുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമര്‍പ്പിത- അപ്പസ്തോലിക് സമൂഹങ്ങള്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സന്യാസ സമൂഹങ്ങളുടെ മേലധികാരികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ പ്രതിസന്ധികളെ പ്രാര്‍ഥനയാലും പരിശുദ്ധ ആത്മാവിന്റെ കൃപയാലും മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
സിനഡല്‍ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം സമര്‍പ്പിത ജീവിതത്തിന്റെ സാക്ഷ്യത്തെക്കുറിച്ചും മുന്നേറ്റ സാധ്യതകളെക്കുറിച്ചും ഓര്‍മിപ്പിച്ചു. സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ ഡോ.പോള്‍ പറത്താഴം മുഖ്യപ്രഭാഷണം നടത്തി. സിനഡ് പിതാക്കന്മാരും സീറോ മലബാര്‍ സഭയിലെ വിവിധ സന്യാസസമൂഹങ്ങളിലെ സുപ്പീരിയര്‍ ജനറാളന്മാരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരും പങ്കെടുത്ത സമ്മേളനത്തില്‍ കമ്മീഷന് സെക്രട്ടറി ഫാ. ഷാബിന് കാരക്കുന്നേല്‍, സിസ്റ്റര്‍ ഡോ. മേഴ്സി നെടുമ്പുറം, ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് തോലാനിക്കല്‍, സിസ്റ്റര്‍ ശുഭ എന്നിവര്‍ നേതൃത്വം നല്കി.