നിങ്ങള്‍ യേശുവിന്റെ ഉപമയിലെ ധനവാനാണോ ലാസറാണോ?


~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

കൈത്താക്കാലം അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം

ധനവാന്റെയും ലാസറിന്റെയും കഥ പറയുന്ന സുവിശഷഭാഗമാണ് നാം ഇന്ന് വായിക്കുന്നത്. ധനവാന്‍ ഫരിസേയരുടെയും മറ്റ് യഹൂദപ്രമാണിമാരുടെയും പ്രതിനിധിയാണ്. പാവപ്പെട്ട ലാസറിനെ ഗൗനിക്കുക പോലും ചെയ്യാതെ അവര്‍ ജീവിതം ആസ്വദിക്കുന്നു. തന്റെ വാക്കുകളും പ്രവര്‍ത്തികളും വഴി യേശു പാവപ്പെട്ടവരെയാണ് പിന്തുണച്ചത്. അതിനാല്‍ പ്രമാണിമാര്‍ യേശുവിനെ അപഹസിച്ചു. ഈ പശ്ചാത്തലത്തിലാണ് വരാനിരിക്കുന്ന ജീവിതത്തില്‍ ഓരോരുത്തരുടെയും ഭാഗധേയം എപ്രകാരം മാറിമറിയുന്നു എന്ന് യേശു ഒരു ഉപമയിലൂടെ വ്യക്തമാക്കുന്നത്.

ഇന്നത്തെ സുവിശേഷവായന
ലൂക്ക 16. 19-31

“ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. ധനവാന്റെ മേശയില്‍ നിന്ന് വീണിരുന്നവ കൊണ്ട് വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്ക്കള്‍ വന്ന് അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു. ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ വന്ന് അവനെ അബ്രഹാമിന്റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി. ദൂരെ അബ്രഹാമിനെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു; പിതാവായ അബ്രഹാമേ, എന്നില്‍ കനിയണമേ! തന്റെ വിരല്‍ത്തുമ്പ് വെള്ളത്തില്‍ മുക്കി എന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയക്കണമേ! ഞാന്‍ ഈ അഗ്നിജ്വാലയില്‍ കിടന്ന് യാതന അനുഭവിക്കുന്നു. അബ്രഹാം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക. നിനക്ക് ജീവിത കാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു. ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു,. ഇവിടെ നിന്ന് നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കുകയില്ല. അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍ ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയക്കണമേ എന്ന് ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ച് സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത് വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്ക് സാക്ഷ്യം നല്‍കട്ടെ. അബ്രഹാം പറഞ്ഞു: അവര്‍ മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു: പിതാവായ അബ്രഹാമേ, അങ്ങനെയല്ല, മരിച്ചവരില്‍ നിന്ന് ഒരുവന്‍ ചെന്ന് പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹാം അവനോട് പറഞ്ഞു; മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്ക് ബോധ്യമാകുകയില്ല.”

വചന വിചിന്തനം

ഈ ഉപമയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ പറയുന്നത് വരാനിരിക്കുന്ന ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ എപ്രകാരം മാറിമറിയുന്നു എന്നാണ്. രണ്ടാം ഭാഗം പറയുന്നത് സ്വര്‍ഗലോകം സ്വന്തമാക്കുന്നതിനായി ജീവിതപരിവര്‍ത്തനം വരുത്തി ഈ ജീവതത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കണം എന്നാണ്.

ഒന്നാം ഭാഗം

ധനവാന്‍ ചെമന്ന പട്ട് ധരിച്ചവനായിരുന്നു എന്ന് ബൈബിള്‍ പറയുന്നു. റോമാ ചക്രവര്‍ത്തിമാരും രാജാക്കന്മാരും വളരെ ധനമുള്ളവരും ധരിച്ചിരുന്ന വസ്ത്രമാണ് ചെമന്ന പട്ട്. പ്രധാന പുരോഹിതരും ഈ വസ്ത്രം ധരിച്ചിരുന്നു. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ കാണുന്ന ഒരുതരം ഒച്ചുകളില്‍ നിന്നാണ് ഈ വസ്ത്രത്തിന് നിറം പകരുന്ന വസ്തു ശേഖരിച്ചിരുന്നത്. ഇത് എടുക്കുക വളരെ പ്രയാസമേറിയ കാര്യമായിരുന്നതിനാല്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് വില വളരെ കൂടുതല്‍ ആയിരുന്നു. അവന്റെ വസ്ത്രം മുദുലവുമായിരുന്നു.

അവന്‍ എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിച്ചിരുന്നു. സ്വാര്‍ത്ഥതയോടെ ജീവിതം പരമാവധി ആസ്വദിക്കുന്ന ഒരാളായാണ് ധനവാനെ യേശു അവതരിപ്പിക്കുന്നത്. അവന്റെ വാതില്‍പ്പടിയില്‍ ലാസര്‍ എന്നൊരു യാചകന്‍ കിടന്നിരുന്നു.

സാധാരണഗതിയില്‍ യേശു തന്റെ ഉപമയിലുള്ളവര്‍ക്ക് പേര് നല്‍കിയിരുന്നില്ല. എന്നാല്‍ ലാസറിന് അവിടുന്ന് പേര് നല്‍കുന്നു. അതേസമയം ധനവാന് പേര് നല്‍കുന്നുമില്ല. ദൈവത്തെ സംബന്ധിച്ച് ലാസര്‍ കൂടുതല്‍ വിലയുള്ളവനായിരുന്നു. അവന്റെ പേര് ജീവന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരുന്നു. ലാസര്‍ എന്ന പേര് ദൈവമാണ് എന്റെ സഹായകന്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് വാക്കായ ഏലിയാസറിന്റെ ലത്തീന്‍ രൂപമാണ്. ദൈവമല്ലാതെ മറ്റാരും സഹായിക്കാനില്ലാത്തവനായിരുന്നു ലാസര്‍.

നായ്ക്കള്‍ യഹൂദരെ സംബന്ധിച്ച് അശുദ്ധ മൃഗങ്ങളായിരുന്നു. അവയെ യഹൂദര്‍ വീട്ടില്‍ വളര്‍ത്തിയിരുന്നില്ല. ഈ നായ്ക്കള്‍ ലാസറിന്റെ വ്രണങ്ങള്‍ നക്കിയിരുന്നു എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അവ തെരുവുനായ്ക്കളായിരുന്നു എന്നാണ്. ലാസര്‍ നായ്ക്കളെ പോലെ ധനവാന്റെ മേശയില്‍ നിന്ന് നിലത്തു വീണ ഉച്ചിഷ്ടം തിന്ന് വിശപ്പടക്കി. മാത്രമല്ല, അവ അയാളുടെ വ്രണങ്ങള്‍ നക്കുകയും ചെയ്തു. ലാസറിന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണിത്.

ലാസറും ധനവാനും മരിച്ചു. ധനികന് വലിയ ആഘോഷമായ ശവമടക്ക് ലഭിച്ചപ്പോള്‍ ദരിദ്രന്‍ അഗതികളുടെ ശ്മശാനത്തിലേക്ക് ആരുമില്ലാതെ എറിയപ്പെട്ടു കാണും. മരണാനന്തര ജീവിതത്തില്‍ ദൈവം പ്രാധാന്യം കൊടുക്കുന്നത് ലാസര്‍ എന്ന ദരിദ്രനാണ്. അയാളെ മാലാഖമാര്‍ അബ്രഹാമിന്റെ മടിത്തട്ടിലേക്ക് വഹിച്ചു കൊണ്ടു പോയി. യഹൂദാചാരപ്രകാരം വിശുദ്ധാത്മാക്കളെ മാലാഖമാര്‍ ദൈവത്തിങ്കലേക്ക് വഹിച്ചു കൊണ്ടു പോയിരുന്നു.

അബ്രഹാമിന്റെ മടിത്തട്ട് എന്നാല്‍ പറുദീസയില്‍ പ്രവേശിക്കാന്‍ അര്‍ഹത നേടിയ നീതിമാന്മാരുടെ വിരുന്നാണ്. അബ്രഹാം വിശ്വാസികളുടെ പിതാവാണ്.

പഴയ വിശ്വാസമനുസരിച്ച് മിശിഹായുടെ വരവിന് മുമ്പ് മരിച്ച എല്ലാവരും പാതാളത്തിലേക്ക് പോകും. അവിടെ രണ്ട് സ്ഥലങ്ങളുണ്ട്. നല്ല ആളുകള്‍ അബ്രഹാമിന്റെ മടിത്തട്ടിന്റെ വലതു ഭാഗത്തേക്കും നീചര്‍ പീഡനങ്ങളുടെ അധോലോകത്തേക്കും പോകും. ധനികന്‍ ചെന്നു പെട്ടത് ഈ അധോലോകത്തിലാണ്. അവിടെ നിറയെ പീഡനങ്ങളാണ്.

ധനികന്‍ അബ്രഹാമിനെ വിളിക്കുന്നത് പിതാവായ അബ്രഹാമേ, എന്നാണ്. താന്‍ അബ്രഹാമിന്റെ സന്തതിയായ യഹൂദനാണ് എന്ന് കാണിക്കുന്നതിനാണ് അയാള്‍ അപ്രകാരം വിളിക്കുന്നത്. അബ്രഹാമിന്റെ സഹാനുഭൂതി പിടിച്ചു പറ്റുന്നതിനു വേണ്ടിയാണിത്. ലാസറിനോട് ഒരിക്കലും ദയ കാണിക്കാത്ത ധനികന്‍ ഇപ്പോള്‍ അബ്രഹാമിനോട് ദയ അഭ്യര്‍ത്ഥിക്കുകയാണ്. തന്റെ ജീവിതകാലത്ത് മുഴുവന്‍ സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിച്ച അയാളുടെ നാവ് ഇപ്പോള്‍ ചുട്ടു പൊള്ളുകയാണ്. തന്റെ നാവ് തണുപ്പിക്കണമേ എന്നാണ് അയാള്‍ ഇപ്പോള്‍ യാചിക്കുന്നത്.

എന്നാല്‍ അബ്രഹാം പറയുന്നു: നീ ജീവിതകാലത്ത് എല്ലാ സമ്പത്തും ആസ്വദിച്ചു. അതേസമയം ലാസര്‍ ദുഖങ്ങള്‍ മാത്രം അനുഭവിച്ചു. എന്നാല്‍ ഇപ്പോള്‍ ലാസര്‍ സന്തോഷവും സൗഭാഗ്യവും ആസ്വദിക്കുന്നു.

അബ്രഹാം ധനികനെ മകനേ എന്നാണ് സംബോധന ചെയ്യുന്നത്. എന്നാല്‍ അബ്രഹാമിന് അയാള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധ്യമല്ല. രക്ഷ തങ്ങളുടെ ജന്മാവകാശമാണ് എന്ന് ധരിച്ചിരുന്ന യഹൂദര്‍ക്ക് യേശു മുന്നറിയിപ്പ് നല്‍കുകയാണ് ഇവിടെ.

അബ്രഹാമും ലാസറും ഇരിക്കുന്നിടത്തിനും ധനികനും ഇടയില്‍ വലിയൊരു ഗര്‍ത്തമുണ്ട്. മരണത്തിന് ശേഷം സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്കോ നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്കോ മനുഷ്യരെ കൊണ്ടു പോകാന്‍ സാധിക്കുകയില്ല. അതിനാല്‍ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ സ്വര്‍ഗത്തില്‍ എത്താന്‍ തുണയ്ക്കുന്ന നന്മകള്‍ ചെയ്യുക.

രണ്ടാം ഭാഗം

തന്റെ ന്യായവിധി ധനികന്‍ അംഗീകരിച്ചു. അപ്പോള്‍ അയാള്‍ക്ക് തന്റെ അഞ്ച് സഹോദരന്മാരെ കുറിച്ച് ഓര്‍മ വരുന്നു. തന്നെ ഇവിടെ നിന്ന് പുറത്തേക്ക് വിടില്ല എന്ന് നല്ല ഉറപ്പുണ്ടായിരുന്നതിനാല്‍ ലാസറിനെ അയച്ച് തന്റെ ദുരനുഭവത്തെ കുറിച്ച് അവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കണമേ എന്ന് ധനികന്‍ യാചിക്കുന്നു.

അതിന് അബ്രാഹം നല്‍കുന്ന മറുപടി അവര്‍ക്ക് മോശയും പ്രവാചകന്മാരും ഉണ്ട്, അവരെ കേള്‍ക്കട്ടെ എന്നാണ്. മോശ എന്നാല്‍ മോശയുടെ നിയമം അടങ്ങുന്ന പഞ്ചഗ്രന്ഥിയാണ്. പ്രവാചകന്മാരുടെ പുസ്തകങ്ങളാണ് രണ്ടാമത്തേത്.

സന്ദേശം

യേശുവിന്റെ ഉപമയിലെ ധനികന്‍ ഫരിസേയരുടെ കാഴ്ചപ്പാടില്‍ നീതിമാനാണ്. ലാസറിനെ അവഗണിച്ചു എന്നതൊഴിച്ചാല്‍ അയാള്‍ തിന്മയൊന്നും ചെയ്യുന്നതായി കാണുന്നില്ല. നമ്മള്‍ നമ്മുടെ സമ്പത്തില്‍ നിന്ന് മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണം എന്ന് സന്ദേശം. സമ്പത്ത് മാത്രമല്ല, സമയം, ആരോഗ്യം കഴിവുകള്‍ എല്ലാം അപരനുമായി പങ്കുവയ്ക്കണം.

ലാസര്‍ ദരിദ്രനും കഷ്ടതയനുഭവിക്കുന്നവനുമായിരുന്നു. അതിനെ കുറിച്ച് പരാതി പറയാതെ അയാള്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ചു. ദൈവത്തിന്റെ ദൂതന്മാര്‍ ലാസറിനെ കാത്തുപാലിക്കുകയും അബ്രഹാമിന്റെ മടിത്തട്ടിലേക്ക് വഹിച്ചു കൊണ്ടു പോകുകയും ചെയ്തു.

ദൈവരാജ്യത്തിന് വേണ്ടി പ്രയത്‌നിക്കുമ്പോള്‍ നാം രോഗികളാവുകയും പീഡിപ്പിക്കപ്പെടുകയും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുകയും ചെയ്യും. എന്നാല്‍ അപ്പോഴാണ് നാം ഭാഗ്യവാന്മരാകുന്നത് എന്ന യേശുവിന്റെ വചനം നമുക്ക് ആശ്വാസമേകുന്നു.

ധനികന്റെ അഞ്ചു സഹോദരന്മാര്‍ ഈ ലോകത്തില്‍ ജീവിക്കുന്ന നമ്മളാണ്. നമ്മുടെ ജീവിതം എങ്ങനെയുള്ളതാണെന്ന് നാം നിരന്തരം പരിശോധിക്കണം. നാം യേശുവിനെ ആത്മാര്‍ത്തമായി അനുഗമിക്കുന്നവരാണോ എന്ന് എപ്പോഴും സ്വയ്ം ചോദിക്കണം.

പ്രാര്‍ത്ഥന

നല്ലവനായ ദൈവമേ,

ഞങ്ങള്‍ക്കു ചുറ്റിനും കഷ്ടതയനുഭവിക്കുന്ന ലാസര്‍മാരെ കാണാനും അവരെ സഹായിക്കാനും ഞങ്ങളുടെ ഉള്‍ക്കണ്ണ് തുറന്നു തരേണമേ. ഞങ്ങളുടെ പാവപ്പെട്ട സഹോദരര്‍ പലപ്പോഴും ഞങ്ങളുടെ സമീപത്തുണ്ടായിരുന്നിട്ടും അവരെ കണ്ടില്ലെന്ന് നടിച്ച് കടന്നു പോയ സന്ദര്‍ഭങ്ങള്‍ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. ഞങ്ങളുടെ കഠിന ഹൃദയത്തെ ഓര്‍ത്ത് ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. കരുണയും ദൈവസ്‌നേഹവും മനുഷ്യത്വവുമുള്ള ഹൃദയം ഞങ്ങള്‍ക്കു നല്‍കണേ. മറ്റുള്ളവരുടെ സങ്കടങ്ങളും കഷ്ടപ്പാടുകളും കാണുമ്പോള്‍ ഞങ്ങളുടെ മനസ്സലിയട്ടെ. അവിടുന്ന് ആഗ്രഹിക്കുന്നതു പോലെ അവരെ സഹായിക്കാനുള്ള മനസ്സ് ഞങ്ങള്‍ക്ക് നല്‍കിയരുളണമേ. നിത്യനരകാഗ്നിയില്‍ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles