തെറ്റായ വാർത്തകളും പ്രസ്താവനകളും ഖേദകരം: എഫ്സിസി സന്യാസിനീ സമൂഹം
കൊച്ചി: എഫ്സിസി സന്യാസിനീ സമൂഹത്തെയും മഠത്തെയും സംബന്ധിച്ചു തെറ്റായ വാർത്തകളും പ്രസ്താവനകളും നടത്തുന്നതു ഖേദകരമെന്ന് എഫ്സിസി മാനന്തവാടി സെന്റ് മേരീസ് പ്രോവിൻസ് പിആർഒ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.
സന്യാസമൂല്യങ്ങൾക്കു വിരുദ്ധമായ ജീവിതശൈലിയുടെയും തുടർച്ചയായ സന്യാസസഭാ നിയമലംഘനങ്ങളുടെയും പേരിൽ എഫ്സിസി സന്യാസിനീ സമൂഹത്തിൽനിന്നു പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയുടെ ക്ഷണപ്രകാരം കാരയ്ക്കാമലയിലെ മഠത്തിനകത്ത് ആരെങ്കിലും കയറുന്നത് അതിക്രമമായി കണക്കാക്കുമെന്നും പിആർഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
സിസ്റ്റർ ലൂസി കളപ്പുര കഴിഞ്ഞ 19നും 20നും എഫ്സിസി സന്യാസ സമൂഹാംഗങ്ങൾക്കെതിരായി നൽകിയ കേസുകളുടെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിന്റെ പൂർണരൂപം ചുവടെ:
എഫ്സിസി സഭാംഗമായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയെ പ്രസ്തുത സഭയിൽനിന്നു സഭയുടെ ജനറാളമ്മ ഡിസ്മിസ് ചെയ്യുകയും നിയമാനുസൃതം വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷം ആ വിവരം രേഖാമൂലം സിസ്റ്റർ ലൂസിയെ 2019 ഓഗസ്റ്റ് ഏഴിന് അറിയിക്കുകയും ചെയ്തതാണ്. ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഔദ്യോഗിക രേഖ 19 പേജ് ദൈർഘ്യമുളളതാണ്. അതിൽ ഡിസ്മിസലിനുള്ള കാരണങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഡിസ്മിസ് ചെയ്യാനുള്ള കാരണങ്ങളെല്ലാം വളരെ വിശദമായിട്ടുളള നോട്ടീസ് വഴി സിസ്റ്റർ ലൂസിയെ മുൻകൂർ അറിയിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുള്ളതുമാണ്. അവയ്ക്കുള്ള വിശദീകരണം തൃപ്തികരമല്ലാത്തതും സന്യാസമൂല്യങ്ങൾക്കു വിരുദ്ധമായ ജീവിതശൈലി തുടരുന്നതും അനുസരണ, ദാരിദ്ര്യവ്രതങ്ങളുടെ നിരന്തരമായ ലംഘനം തുടങ്ങി വളരെ ഗൗരവമായ തുടരെത്തുടരെയുള്ള സന്യാസസഭാ നിയമലംഘനങ്ങളുമാണ്. ഇവയാ ണ് എഫ്സിസി സഭയിൽനിന്നു സിസ്റ്റർ ലൂസി കളപ്പുരയെ ഡിസ്മിസ് ചെയ്യുന്നതിനുള്ള കാരണം. ചില പത്രമാധ്യമങ്ങളും ടിവി ചാനലുകളും ആരോപിക്കുന്നതുപോലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുളള കേസിൽ സിസ്റ്റർ ലൂസി കളപ്പുര എടുത്ത നിലപാടിന്റെ പേരിലല്ല ഈ നടപടി. അതുപോലെതന്നെ, കത്തോലിക്കാ സഭയിൽനിന്നു സിസ്റ്റർ ലൂസിയെ എഫ്സിസി ജനറാളമ്മയ്ക്കു പുറത്താക്കാൻ കഴിയുകയില്ല എന്നുള്ളത് വ്യക്തവുമാണ്. എഫ്സിസി സന്യാസ സമൂഹത്തിന് അതിന്റേതായ ചട്ടക്കൂടുകളും നിയമങ്ങളുമുണ്ട്. അതനുസരിച്ചു ജീവിക്കാൻ അതിലെ അംഗങ്ങൾക്കു ബാധ്യതയുണ്ട്. ഈ സഭയിൽ വ്രതം ചെയ്ത് അംഗമാകുന്നവർക്ക് ഈ സഭയുടെ നിയമങ്ങൾ എന്ന് തങ്ങൾക്ക് ഒരു ഭാരമാണെന്നുള്ള തിരിച്ചറിവിൽ എത്തുന്നുവോ, അപ്പോൾത്തന്നെ ആ സഭയിൽനിന്നു പുറത്തുപോകാവുന്നതാണ്. അതേസമയം, ഈ സഭയുടെ നിയമങ്ങളെ നിരന്തരം ലംഘിച്ചുനിൽക്കുന്നവരെ പുറത്താക്കുന്നതിനുളള നടപടിക്രമങ്ങളും സഭയുടെ നിയമാവലിയിൽ ഉണ്ട്. ഈ നിയമങ്ങൾ സിസ്റ്റർ ലൂസി കളപ്പുര ഫ്രാൻസിസ്ക ൻ ക്ലാരിസ്റ്റ് സഭയിൽ അംഗമായപ്പോൾ സ്വതന്ത്രമായ തീരുമാനത്തിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ളതുമാകുന്നു.
സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിട്ടോ ?
സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി സഭയിൽനിന്നു ഡിസ്മിസ് ചെയ്തുകൊണ്ടുള്ള ഡിക്രിക്കെതിരായി സിസ്റ്റർ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് 2019 ഓഗസ്റ്റ് 16ന് അപേക്ഷ വച്ചിട്ടുള്ളതായി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയുടെ ജനറാളമ്മയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കാരയ്ക്കാമല മഠത്തിൽ താമസിച്ചുവരവേ 2019 ഓഗസ്റ്റ് 19നു സിസ്റ്റർ ലൂസിയെ പള്ളി യിൽ പോകാൻ അനുവദിക്കാതെ മഠത്തിൽ പൂട്ടിയിട്ടു എന്ന സിസ്റ്റർ ലൂസി കളപ്പുര പോലീസിനു കൊടുത്ത പരാതിയെപ്പറ്റി വന്ന മാധ്യമ വാർത്തകൾ വന്നിരുന്നു. യഥാർഥത്തിൽ സംഭവിച്ചതിങ്ങനെയാണ്: എന്നും രാവിലെ മഠത്തിലെ സിസ്റ്റേഴ്സ് തൊട്ടടുത്തുളള ഇടവകപ്പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോവുക പതിവുള്ളതാണ്. പള്ളിയിൽ രാവിലെ 6.15ന് ആരാധനയും ജപമാലയും തുടർന്ന് 6.45ന് വിശുദ്ധ കുർബാനയുമാണ്. അന്നേദിവസം രാവിലെ ഇടവകപ്പള്ളിയിലെ ആരാധനയിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കാൻ അവിടെയുള്ള രണ്ടു സിസ്റ്റേഴ്സ് 6.10 ഓടുകൂടി ദേവാലയത്തിലേക്കു പോയി.
സമൂഹത്തിലെ ഒരു സിസ്റ്റർ പനിമൂലം പള്ളിയിൽ പോകാൻ സാധിക്കില്ലെന്നു മദറിനെ അറിയിച്ചിരുന്നു. സിസ്റ്റർ ലൂസി വരാനായി മദർ കാത്തുനിന്നു. സിസ്റ്റർ ലൂസി മുറിയിൽനിന്ന് ഇറങ്ങി വരാത്തതിനാൽ 6.38 ന് മദർ മുകളിലത്തെ നിലയിലെ സിസ്റ്റർ ലൂസിയുടെ മുറിയുടെ വാതിൽക്കൽച്ചെന്നു നോക്കി. സിസ്റ്റർ ലൂസിയുടെ മുറിയിൽനിന്ന് അനക്കമൊന്നും കേൾക്കാത്തതിനാൽ ഉറങ്ങുകയാണെങ്കിൽ ശല്യപ്പെടുത്തേണ്ട എന്നു കരുതി മദർ തിരിച്ചുപോന്നു. മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പ്രൊവിൻഷ്യൽ സുപ്പീരിയർ പരിശോധിച്ചതിൽനിന്നു മദർ പള്ളിയിൽ പോകുന്ന സമയം രാവിലെ 6.42 ന്. ചുരുക്കിപ്പറഞ്ഞാൽ 6.45ന് തുടങ്ങുന്ന കുർബാനയ്ക്കു മൂന്നു മിനിറ്റ് മുൻപുവരെ സിസ്റ്റർ ലൂസിയെ കാത്തുനിന്നശേഷമാണ് മഠത്തിലെ മദർ സുപ്പീരിയർ പള്ളിയിലേക്കു പോയത് എന്നതു വ്യക്തം.
അപ്പോഴും പോകുന്നതിനു മുൻപായി, മഠത്തിൽ പനിമൂലം വിശ്രമിച്ചിരുന്ന സിസ്റ്ററിന്റെ കൈവശം മഠത്തിന്റെ മുൻവാതിലിന്റെ താക്കോൽ ഏൽപ്പിക്കുകയും സിസ്റ്റർ ലൂസി ഇറങ്ങിവന്നു ചോദിച്ചാൽ വാതിൽ തുറന്നുകൊടുക്കണമെന്നും പറഞ്ഞിരുന്നു. സിസ്റ്റർ ലൂസി 18നു വൈകുന്നേരം 4.50 ഓടു കൂടി എവിടെയോ യാത്ര കഴിഞ്ഞു തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ യാത്ര കഴിഞ്ഞെത്തുന്ന ചില അവസരങ്ങളിൽ അതിനു ശേഷമുള്ള ദിവസം പളളിയിൽ പോകാതിരുന്ന പല അവസരങ്ങളും സിസ്റ്റർ ലൂസിയുടെ ജീവിതത്തിൽ ഉള്ളതായി അറിവുളളതുകൊണ്ട് 19ന് സിസ്റ്റർ ലൂസി അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നതെന്നു മദർ സുപ്പീരിയർ അനുമാനിച്ചു.
സിസ്റ്റർ ലൂസിയുടെ സഭ്യമല്ലാത്ത ഭാഷയിലുള്ള പൊട്ടിത്തെറിക്കലിൽ സമൂഹാംഗങ്ങൾ പലപ്പോഴും പെട്ടുപോയിട്ടുളളതുകൊണ്ടു സിസ്റ്റർ ലൂസിയുടെ വാതിലിൽ മദർ സുപ്പീരിയർ മുട്ടിയില്ല എന്നുള്ളതാണ് വാസ്തവം. സിസ്റ്റർ ലൂസിയെ മഠത്തിൽ പൂട്ടിയിരിക്കുന്നു എന്ന കാര്യം അന്നേദിവസം രാവിലെ 6.15ന് ഓണ്ലൈൻ മാധ്യമപ്രവർത്തകന് അറിവു ലഭിച്ചിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ 6.15 ന് മാധ്യമപ്രവർത്തകനു മറ്റാരിൽനിന്നോ സൂചന ലഭിച്ചതിൽ ഗൂഢാലോചനയും ദുരൂഹതയും സംശയിക്കുന്നു. സിസ്റ്റർ ലൂസിയെ കുർബാനകാണാൻ അനുവദിക്കാതെ മഠത്തിൽ തനിയെ പൂട്ടിയിട്ടു എന്നു ചിത്രീകരിക്കുന്നത് അവാസ്തവവും ഖേദകരവും മനഃപൂർവം എഫ്സിസി സന്യാസിനീ സമൂഹത്തെ താറടിക്കാൻ ഉദ്ദേശിച്ചുളളതും സ്ത്രീ വിരുദ്ധതയുടെ അടയാളവുമായി സഭ കരുതുന്നു. ഇങ്ങനെയുള്ള അവാസ്തവവും അധിക്ഷേപിക്കുന്നതുമായുളള വാർത്തകളും പ്രസ്താവനകളും പടച്ചുവിടുന്നവർക്കെതിരായി വനിതാ കമ്മീഷൻ ഉൾപ്പെടെയുളള രാജ്യത്തെ നിയമവ്യവസ്ഥകളെയും അധികാരികളെയും സമീപിക്കാൻ എഫ്സിസി സന്യാസിനീ സമൂഹം മടിക്കുകയില്ലെന്നും ഇതിനാൽ വ്യക്തമാക്കുന്നു.
സിസിടിവി ദൃശ്യങ്ങളെപ്പറ്റി
അടുത്തതായി വിശദീകരണം നൽകാനാഗ്രഹിക്കുന്ന കാര്യം കാരയ്ക്കാമല മഠത്തിലെ സിസിടിവി ദൃശ്യങ്ങൾ മാനന്തവാടി രൂപതയിലെ ഫാ. നോബിളിനു കൈമാറിയതിനെപ്പറ്റിയാണ്. സിസ്റ്റർ ലൂസിയെ കുർബാന കാണാൻ അനുവദിക്കാതെ മഠത്തിൽ പൂട്ടിയിട്ടു എന്ന ആരോപണം വന്നപ്പോൾ സ്വാഭാവികമായും പലരും ചോദിച്ച ഒരുചോദ്യമാണ് മഠത്തിന്റെ അടുക്കളവാതിൽ പുറത്തുനിന്നു പൂട്ടേണ്ടതുണ്ടായിരുന്നോ എന്ന്. ജൂണ്മാസം വരെ മഠത്തിന്റെ അടുക്കളവാതിൽ പകൽസമയത്ത് പൂട്ടിയിരുന്നില്ല.
എന്നാൽ സിസ്റ്റേഴ്സ് അല്ലാതെ ആരെയും ആ വാതിലിലൂടെ അകത്തു പ്രവേശിപ്പിച്ചിരുന്നുമില്ല. മഠത്തിൽ ആർക്കെങ്കിലും സന്ദർശകർ വന്നാൽ അവർ സ്ഥലം സുപ്പീരിയറിനെ വിവരം അറിയിക്കുകയും സുപ്പീരിയർ മുൻവാതിൽ തുറന്ന് അവരെ സന്ദർശകമുറിയിൽ പ്രവേശിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ ജൂണ് മാസത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സിസ്റ്റർ ലൂസി കളപ്പുര രണ്ട് അപരിചിതരായ പുരുഷന്മാരെ അടുക്കള വാതിലിലൂടെ അകത്ത് പ്രവേശിപ്പിക്കുന്നതായും ഒരു മണിക്കൂറിനു ശേഷം അവരെ മഠത്തിൽനിന്ന് അതേ അടുക്കളവാതിലിലൂടെ പുറത്തേക്കു വിടുന്നതായും കാണുകയുണ്ടായി.
എഫ്സിസി നിയമമനുസരിച്ച് സന്ദർശകരെ മഠത്തിൽ സ്വീകരിക്കുന്നതിന്, അവർ സ്ത്രീ കളാണെങ്കിലും പുരുഷന്മാ രാണെങ്കിലും മഠം സുപ്പീരിയറിന്റെ അനുവാദം വാങ്ങേണ്ടതാണ്. എന്നാൽ അനുവാദമില്ലാതെ, ആരുമില്ലാത്തപ്പോൾ അപരിചിതരെ സിസ്റ്റർ ലൂസി കളപ്പുര അകത്തു കയറ്റുന്നതായി കണ്ടതിൽ പിന്നെയാണ്, മഠത്തിലെ അംഗങ്ങളുടെ സുരക്ഷയെക്കരുതി അടുക്കളവാതിൽ പകൽ പൂട്ടിയിടാൻ നിർബന്ധിതമായത്.
കാരയ്ക്കാമല മഠം മാനന്തവാടി രൂപതയുടെ അജപാലന പരിധിയിൽ വരുന്നതാണ്. അതിനാൽ, ആ രൂപതയിലെ ഒരു മഠത്തിലെ ഒരു സന്യാസിനിയെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അനുവദിക്കാതെ പൂട്ടിയിട്ടു എന്നുള്ള ആരോപണം ഗൗരവതരവും രൂപതാധ്യക്ഷന്റെ വിശദീകരണം ചോദിക്കലിന് കാരണമാകാവുന്നതുമാണ്.
സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഫാ. നോബിൾ പാറയ്ക്കൽ അന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ മഠം പൂട്ടി സൂക്ഷിക്കുന്നതിലേക്കു നയിച്ച കാരണങ്ങളെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സഭയുടെ അധികാരപ്പെട്ടയാൾ അദ്ദേഹത്തിനു കൈമാറുകയാണുണ്ടായത്. വന്ന സന്ദർശകർ മഠത്തിനകത്ത് എന്തെങ്കിലും അധാർമികമായ പ്രവൃത്തി ചെയ്തു എന്ന് ആരോപിച്ചല്ല ഈ ദ്യശ്യങ്ങൾ കൈമാറിയത്. എന്നാലും എഫ്സിസി മഠങ്ങൾ ആർക്കും എപ്പോഴും അനുവാദം കൂടാതെ കയറിയിറങ്ങാൻ അനുവാദമുള്ള പൊതുസ്ഥലങ്ങൾ അല്ല എന്ന കാര്യം ഇത്തരുണത്തിൽ ഈ വിശദീകരണക്കുറിപ്പ് വായിക്കുന്നവരെ ഓർമിപ്പിക്കുവാൻ എഫ്സിസി സഭ ആഗ്രഹിക്കുന്നു.