കാപട്യവും സ്വാര്‍ത്ഥതയും സഭയെ നശിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വളരുന്ന കാപട്യത്തെയും സ്വാര്‍ത്ഥ താല്പര്യത്തെയും നിശിതമായി വിമര്‍ഷിച്ച് ഫ്രാന്‍സിസ് പാപ്പാ. ഔദാര്യവും ഐക്യവുമായിരിക്കണം സഭയുടെ മുഖമുദ്ര എന്ന് മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.
‘ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ജീവിതം, മറ്റുള്ളവരെ സ്വന്ത നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ ജീവിതം ആന്തരിക മരണത്തില്‍ കലാശിക്കും’ പാപ്പാ മുന്നറിയിപ്പു നല്‍കി.
‘തങ്ങള്‍ സഭയോട് അടുത്തു നില്‍ക്കുന്നവരാണെന്ന് പലരും പറയുന്നു, ഞാന്‍ സഭയുടെ സുഹൃത്താണ്, ഞാന്‍ വൈദികനാണ്, ഞാന്‍ മെത്രാനാണ് എന്നെല്ലാം പറയുന്നു. എന്നാല്‍ സ്വന്തം താല്പര്യങ്ങള്‍ മാത്രം നോക്കുന്നവര്‍ സഭയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്’
കാപട്യത്തെ നീക്കി സത്യത്തെ പടര്‍ത്തി ഐക്യം വളര്‍ത്തുന്ന ആര്‍ദ്രതയുടെ ആത്മാവിനെ ചൊരിയണമേ എന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഐക്യം സഭയുടെ പ്രകൃതിയും സ്വഭാവവുമാണ്. എല്ലാവരുടെയും, പ്രത്യേകിച്ച് പാവങ്ങളുടെ ആര്‍ദ്രമതിയായ അമ്മയാണ് സഭ, പാപ്പാ ഓര്‍മിപ്പിച്ചു. ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളാവുക വഴി വിശ്വാസികള്‍ പരസ്പരം ഉത്തരവാദിത്വമുള്ളവരാകുന്നു, പാപ്പാ കുട്ടിച്ചേര്‍്ത്തു.