ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണാഹ്വാനത്തിനെതിരെ പ്രോലൈഫ് സംഘടനകള്‍
രാജ്യത്തു ജനനനിയന്ത്രണം ഫലപ്രദമായി നടപ്പാക്കണമെന്നു സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതു വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. വിവിധ പ്രോ-ലൈഫ് സംഘടനകൾ ഈ ആഹ്വാനത്തിൽ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുന്നു.
ഇന്ത്യയുടെ ഇപ്പോഴത്തെ സാന്പത്തിക മുന്നേറ്റത്തിന് മാനവവിഭവശേഷി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്നൊരു സമൂഹത്തിന് യാതൊരു കാരണവശാലും ഭ്രൂണഹത്യയെ അംഗീകരിക്കാൻ കഴിയില്ല. പെൺ ഭ്രൂണഹത്യാനിരക്ക് ഇന്ത്യയിൽ വളരെക്കൂടുതലാണ്.
2011ലെ സെൻസസ് കാട്ടുന്നതു രാജ്യത്തെ ക്രൈസ്തവരുടെ ശതമാനം കുറഞ്ഞിരിക്കുന്നതായാണ്. മുസ്ലിം ജനസംഖ്യയിൽ വർധനയുണ്ടായി. 2001ൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 2.34 ശതമാനമായിരുന്നെങ്കിൽ 2011ൽ 2.29 ആയി കുറഞ്ഞു. ജനസംഖ്യ വീണ്ടും ഗണ്യമായി കുറയുന്ന പ്രവണത ക്രൈസ്തവ സമൂഹത്തിൽ ശക്തിപ്പെടുന്നതായാണു സമീപകാല കണക്കുകൾ വ്യക്തമാക്കുന്നത്. ക്രൈസ്തവ സമൂഹം പ്രോ-ലൈഫ് ആശയങ്ങൾക്ക് ഏറെ പ്രചാരം നൽകുന്നുണ്ടെങ്കിലും ക്രൈസ്തവ ജനസംഖ്യ കേരളത്തിലും ഗണ്യമായി കുറയുകയാണ്.
രാജ്യത്തു പല മതസ്ഥരുടെയും ജനസംഖ്യ വർധിക്കുകയും ക്രൈസ്തവരുടെ എണ്ണം ക്രമമായി കുറഞ്ഞു വരുകയുമാണ്. എന്നിട്ടും മതപരിവർത്തനം നടത്തുന്നവരായി ക്രൈസ്തവരെ ചിത്രീകരിക്കുന്ന ശീലം ഇപ്പോഴും പലർക്കുമുണ്ട്. രാജ്യത്തു രണ്ടായിരം വർഷത്തെ സാന്നിധ്യമുണ്ടായിട്ടും ക്രൈസ്തവർ മൂന്നു ശതമാനത്തിൽ താഴെ മാത്രമാണെന്നത് അവർ മറക്കുന്നു. എണ്ണത്തിൽ തീരെ കുറവായിരുന്നിട്ടും ക്രൈസ്തവർ രാജ്യത്തെ വിദ്യാഭ്യാസ, സാമൂഹ്യ, ജീവകാരുണ്യ രംഗങ്ങളിൽ ചെയ്തിട്ടുള്ളതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ സേവനങ്ങൾ രാജ്യപുരോഗതിയിൽ എത്ര വലിയ പങ്കാണു വഹിച്ചിട്ടുള്ളതെന്നു പലരും വിസ്മരിക്കുന്നു. ജനസംഖ്യാ വർധനയെക്കുറിച്ച് ആശങ്കപ്പെടുന്ന പ്രധാനമന്ത്രി ഇത്തരം അടിസ്ഥാന വസ്തുതകൾ മറക്കരുത്. ലോകത്തെ ഏഴാമത്തെ സാന്പത്തിക ശക്തിയായി രാജ്യം മാറിയതിനു പിന്നിലുള്ളത് ഈ രാജ്യത്തെ മാനവവിഭവശേഷിയാണെന്നത് ആർക്കാണു നിഷേധിക്കാൻ കഴിയുക?