പ്രാര്‍ത്ഥനയുടെ സൗന്ദര്യം ആരാധനയിലാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ദൈവാരാധനയിലൂടെയും മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നതിലൂടെയും പ്രകടമാകുന്ന പ്രാര്‍ത്ഥന ദൈവസ്നേഹത്തിന്റെ അഗ്നി പടര്‍ത്തുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. ആരാധനയില്‍ പ്രകടമാകുന്ന പ്രാര്‍ത്ഥനയുടെ സൗന്ദര്യം കണ്ടെത്താന്‍ പാപ്പാ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.
യേശു ഈ ഭൂമിയിലേക്ക് കൊണ്ടു വന്ന സ്നേഹത്തിന്റെ അഗ്നി സകല സൃഷ്ടികളെയും പൊതിയണമെങ്കില്‍ പ്രാര്‍ത്ഥന അനിവാര്യമാണെന്ന് പാപ്പാ വ്യക്തമാക്കി.
ഞാന്‍ ഈ ഭൂമിയിലേക്ക് വന്നത് തീയിടാനാണ് എന്ന് ലൂക്കായുടെ സുവിശേഷത്തില്‍ യേശു പറയുന്ന വചനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
യേശുവിന്റെ ഈ വാക്കുകള്‍ ശിഷ്യന്മാരുടെ അലസത നീക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ഈ സ്നേഹം പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു എന്ന് വി. പൗലോസ് പറയുന്നു.
ഓരോ വ്യക്തിയുടെയും ഹൃദയപരിവര്‍ത്തനം വഴി ലോകത്തെ രക്ഷിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന അപാരമായ അഗ്നിയാണ് സുവിശേഷം എന്ന് പാപ്പാ അഭിപ്രായപ്പെട്ടു.