പ്രകൃതി ദുരന്തത്തിന് ഇരകളായവരുടെ പുനരധിവാസത്തിനായി കൈകോർക്കാം: കെസിബിസി
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ദുരിതം അനുഭവിക്കുന്നവരുടെ ആശ്വാസത്തിനും പുനരധിവാസത്തിനുമായി ഏവരും സഹകരിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ദൈവസന്നിധിയിൽ ഓർത്ത് പ്രാർഥിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം പുറപ്പെടുവിച്ച സർക്കുലറിൽ ഓർമിപ്പിച്ചു.
ദുരിതമേഖലയിൽ കത്തോലിക്കാസഭയുടെ സാമൂഹ്യക്ഷേമവിഭാഗം സജീവമായിരുന്നു. കെസിബിസി സാമൂഹ്യക്ഷേമവിഭാഗം ചെയർമാൻ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസും ദുരിതമേഖലയിലെ സഭാപിതാക്കൻമാരും കേരള സോഷ്യൽ സർവീസ് ഫോറവും ബത്തേരി, കണ്ണൂർ, കോഴിക്കോട്, മാനന്തവാടി, പാലക്കാട്, തലശേരി, താമരശേരി തുടങ്ങിയ സോഷ്യൽ സർവീസ് സെസൈറ്റികളുടെ ഭാരവാഹികളും അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കെസിബിസി അടിയന്തരസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. കെസിബിസിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്കാൻ എല്ലാ ഇടവകകളെയും രൂപതകളെയും സ്ഥാപനങ്ങളെയും സന്ന്യാസസമൂഹങ്ങളെയും ആഹ്വാനം ചെയ്യുന്നു.
കേരള സർക്കാരിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയും പോലീസും സൈന്യവും ഒപ്പം മുൻവർഷത്തേതുപോലെ നാടിന്റെ നൻമ വിളിച്ചറിയിച്ചുകൊണ്ട് ധാരാളം സന്നദ്ധപ്രവർത്തകരും ദുരിതബാധിതരുടെ സഹായത്തിനെത്തി. ദുരിതമേഖലയിലെ നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായി. മത്സ്യത്തൊഴിലാളികളും യുവജനങ്ങളും വൈദികരും സന്ന്യസ്തരും ആരോഗ്യ പ്രവർത്തകരുമെല്ലാം സർക്കാർ സംവിധാനങ്ങളോടു കൈകോർത്തു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും സഹായഹസ്തങ്ങൾ നീട്ടിയത് ദുരിതബാധിതർക്ക് കുറെയെങ്കിലും ആശ്വാസം പകരുന്നതാണ്.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ 25ന് പ്രാർഥനാ ദിനമായി ആചരിക്കും. അന്നത്തെ കാണിക്കയും സമാഹരിക്കാൻ കഴിയുന്ന മറ്റു സംഭാവനകളും 31നകം കെസിബിസിയുടെ അക്കൗണ്ടിൽ (Kerala Catholic Bishosp’ Council; A/c No.04230 53000005221; IFSC: SIBL0000423; South Indian Bank Ltd., Vennala Branch) നിക്ഷേപിച്ച് വിവരം കെസിബിസി സെക്രട്ടറിയേറ്റിൽ (പിഒസി) അറിയിക്കണമെന്നും സർക്കുലർ ആവശ്യപ്പെട്ടു.