മാർ പവ്വത്തിൽ അതുല്യവ്യക്തിത്വം: കർദിനാൾ മാർ ആലഞ്ചേരി
കോട്ടയം: ദൈവശാസ്ത്രമേഖലയിലെ മൗലികവും സമഗ്രവുമായ സംഭാവനകളെ പരിഗണിച്ചു ചങ്ങനാശേരി മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനു വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടന്ന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാൻസലറുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡോക്ടറേറ്റ് പ്രഖ്യാപനം നടത്തി. സീറോ മലബാർ സഭയിൽ ദൈവശാസ്ത്രത്തിലും അധ്യാത്മികതയിലും അതുല്യമായ വ്യക്തിത്വമാണ് മാർ ജോസഫ് പവ്വത്തിലിനുള്ളതെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. തികഞ്ഞ സഭാ സ്നേഹിയായ മാർ പവ്വത്തിലാണു സീറോ മലബാർ സഭയിൽ അരാധനാക്രമത്തിന്റെ നവീകരണത്തിനായി അക്ഷീണം പ്രയത്നിച്ചതെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഡോക്ടറേറ്റ് സമ്മാനിച്ചു. സമർഥനായ ചിന്തകനും കാര്യപ്രാപ്തിയുള്ള സംഘാടകനും പ്രചോദിപ്പിക്കുന്ന നേതാവുമായ മാർ പവ്വത്തിൽ സഭയ്ക്കുവേണ്ടി സമർപ്പിതമായ വ്യക്തിയാണെന്നു കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. സഭയുടെ തനിമയും പാരന്പര്യവും നഷ്ടപ്പെടാതിരിക്കാൻ മാർ പവ്വത്തിൽ അഹോരാത്രം അധ്വാനിച്ചെന്ന് പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലറും ചങ്ങനാശേരി അതി രൂപതാ ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
ബംഗ്ലാദേശ് അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ് ഡോ. ജോർജ് കോച്ചേരി, മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയോസ്കോറസ്, മലങ്കര യാക്കോബായ സിറിയാനി സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, മാർത്തോമ്മ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണാബാസ്, തിരുവല്ല അതിരൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ താഴമണ്‍, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംജി യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. സാബു തോമസ്, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ.ഡോ. ജോയി ഐനിയാടൻ, പ്രഫ. പി.സി. അനിയൻ കുഞ്ഞ്, തിരുഹൃദയ സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ മറുപടി പ്രസംഗം നടത്തി. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സ്വാഗതവും റവ.ഡോ. ജയിംസ് തലച്ചെല്ലൂർ നന്ദിയും പറഞ്ഞു.