പാരമ്പര്യത്തിന്റെ അടിമകളാകുന്നവര്‍ (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

കൈത്താക്കാലം നാലം ഞായര്‍ സുവിശേഷ സന്ദേശം

ഫരിസേയര്‍ക്കും നിയമജ്ഞരും ഒരു നൂറ്റാണ്ട് മാത്രം മുന്‍പ് ഉടലെടുത്ത പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ മുഴുവനും. പല പാരമ്പര്യങ്ങളും ദൈവകല്പനകളുടെ അരൂപിക്ക് വിരുദ്ധവും ആയിരുന്നു. ദൈവത്തിന് ഹൃദയം സമര്‍പ്പിക്കുന്നതിന് പകരം ആചാരങ്ങള്‍ കൊണ്ട് അവര്‍ മതത്തെ വികലമാക്കി. യേശു യഹൂദാചാരങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ഫരിയേസരും നിയമജ്ഞരും അവിടുത്തെ കുറ്റപ്പെടുത്തി. അരൂപി നഷ്ടപ്പെടുത്തി ആചാരങ്ങള്‍ അനുസരിക്കുന്ന ഫരിസേയരെ യേശു നിശിതമായി വിമര്‍ശിക്കുന്നു. ഇത് നമുക്കെല്ലാം പാഠമാകേണ്ട സുവിശേഷ ഭാഗമാണ്.

ഇന്നത്തെ സുവിശേഷ വായന
മര്‍ക്കോസ് 7. 1 – 13

“ഫരിസേയരും ജറുസലേമില്‍ നിന്നു വന്ന ചില നിയമജ്ഞരും യേശുവിന് ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ കൈ കഴുകി ശുദ്ധി വരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. പൂര്‍വികരുടെ പാരമ്പര്യം അനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതു സ്ഥലത്തു ന്ിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റു പല പാരമ്പര്യങ്ങളും അവര്‍ അനുഷ്ഠിച്ചു പോന്നു. ഫരിസേയരും നിയമജ്ഞരും അവനോട് ചോദിച്ചു: നിന്റെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിന് വിപരീതമായി അശുദ്ധമായ കൈ കൊണ്ട് ഭക്ഷിക്കുന്നത് എന്ത്? അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെ കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു: അവന്‍ എഴുതിയിരിക്കുന്നു. ഈ ജനം അധരങ്ങള്‍ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെ അകലെയാണ്. വ്യര്‍ത്ഥമായി അവര്‍ എന്ന ആരാധിക്കുന്നു. മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച് മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെ പിടിക്കുന്നു.. അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു.10 എന്തെന്നാല്‍, നിന്റെ പിതാവിനെയും മാതാവിനെയും ബ ഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചു പറയുന്നവന്‍മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്.11 എന്നാല്‍, ഒരുവന്‍ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക് എന്നില്‍നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ – അതായത് വഴി പാട് – ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു.12 പിന്നെ പിതാവിനോ മാതാവിനോ വേണ്ടിയാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അ നുവദിക്കുന്നുമില്ല.13 അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.”

വചനവിചിന്തനം

ഫരിസേയരും നിയമജ്ഞരും യേശുവിനെ പിടിക്കാന്‍ ചാരപ്രവര്‍ത്തനം നടത്തുകയാണിവിടെ. വിപ്ലവകാരിയായ പ്രവാചകന്‍ എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്ന യേശുവിനെ കുടുക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.

ഫരിസേയര്‍

ഹെബ്രായ ഭാഷയില്‍ ഫരിസേയര്‍ എന്നാല്‍ വേറിട്ടവര്‍ എന്നാണ് അര്‍ത്ഥം. ഈ സംഘം ആളുകള്‍ സാധാരണക്കാരില്‍ നിന്ന് സ്വയം മാറ്റിനിര്‍ത്തിയവരാണ്. കര്‍ശനമായ യഹൂദ ആചാരങ്ങള്‍ അനുസരിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. മോശ നല്‍കിയ നിയമം അനുസരിക്കുന്നതിനേക്കാള്‍ തങ്ങളുടെ പൂര്‍വികര്‍ വഴി കൈമാറി വന്ന ആചാരങ്ങള്‍, അവയെല്ലാം ദൈവികമാണെന്ന മട്ടില്‍ അനുഷ്ഠിക്കുന്നതിലായിരുന്നു, അവര്‍ നിഷ്‌കര്‍ഷ വച്ചിരുന്നത്. ബാബിലോണിയന്‍ പ്രവാസത്തിന് ശേഷമാണ് ഫരിസേയര്‍ എന്ന ഗണം ആരംഭിച്ചത്. യഹൂദമതാചാരങ്ങള്‍ അതിന്റെ ശുദ്ധതയില്‍ അനുഷ്ഠിക്കുന്നതില്‍ അവര്‍ ശ്രദ്ധ വച്ചു. യേശുവിനെ പിന്‍ചെന്ന ചില നല്ല ഫരിസേയര്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂരിഭാഗം പേരും യേശുവിനെ എതിര്‍ക്കുന്നവരായിരുന്നു.

നിയമജ്ഞര്‍

വി. ഗ്രന്ഥം പഠിക്കുക, പകര്‍ത്തുക, വ്യാഖ്യാനിക്കുക എന്ന കര്‍ത്തവ്യം ്അനുഷ്ഠിച്ചിരുന്നവരായിരുന്നു നിയമജ്ഞര്‍. ബാബിലോണിയന്‍ പ്രവാസം മുതല്‍ ഏഡി 70 വരെയാണ് അവര്‍ തഴച്ചു വളര്‍ന്നത്. ബൈബിള്‍ തെറ്റു കൂടാതെ പകര്‍ത്തുന്നതില്‍ അവര്‍ ശ്രദ്ധ വച്ചു. ചിലര്‍ എസ്രായെ പോലെ പുരോഹിതര്‍ ആയിരുന്നെങ്കിലും അവരില്‍ സാധാരണക്കാരും ഉണ്ടായിരുന്നു. അവര്‍ നിയമനടപടികളില്‍ വിദഗ്ധരും സെന്‍ഹെദ്രീനില്‍ സേവനം ചെയ്തിരുന്നവരും ആയിരുന്നു. അവരുടെ അറിവിന്റെയും നിയമത്തോടുള്ള പ്രതിപത്തിയുടെയും പേരില്‍ യഹൂദര്‍ അവരെ ബഹുമാനിച്ചിരുന്നു. അവര്‍ യഹൂദര്‍ക്കിടയില്‍ അധികാരം നേടുകയും ഫരിസേയരോടൊപ്പം യേശുവിനെ എതിര്‍ക്കുകയും ചെയ്തു.

യേശുവിന്റെ ശിഷ്യരില്‍ ചിലര്‍ അവരുടെ പാരമ്പര്യാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നത് ഫരിസേയര്‍ കണ്ടു പിടിച്ചു. ശിഷ്യന്മാരുടെ കൈകള്‍ അശുദ്ധമായിരുന്നു എന്ന് അതിന് അര്‍ത്ഥമില്ല. പല തവണ കൈ കഴുകുക എന്ന ആചാരം അവര്‍ അനുഷ്ഠിച്ചില്ല എന്നതാണ് അവരില്‍ കണ്ടെത്തിയ തെറ്റ്. ഇതെല്ലാം മനുഷ്യനിര്‍മിതമായ ആചാരമായിരുന്നതിനാല്‍ യേശു ഇതിനൊന്നും വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.

അലിഖിതമായ മനുഷ്യനിര്‍മിത നിയമങ്ങളെ ഫരിസേയരും നിയമജ്ഞരും മോശയുടെ നിയമത്തിന് തുല്യമായി കണക്കാക്കിയിരുന്നു. വാസ്തവത്തില്‍ ദേവാലയത്തില്‍ കയറുന്നതിന് മുമ്പ് ശുദ്ധി വേണം എന്ന് സൂചിപ്പിക്കാനാണ് മോശ ശുചിത്വത്തെ കുറിച്ചുള്ള നിയമം ഉണ്ടാക്കിയത്. എന്നാല്‍ ഫരിസേയരാകട്ടെ, ദേവാലയവുമായി ബന്ധപ്പെട്ട ശുചിത്വം ഭക്ഷണ മേശയിലും വേണമെന്നാക്കി.

ഈ ജനത എന്നെ അധരം കൊണ്ട് ബഹുമാനിക്കുന്നു, പക്ഷേ അവരുടെ ഹൃദയം എന്നില്‍ നിന്ന് ഏറെ അകലെയാണ് എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് യേശു അവരെ നേരിടുന്നത്. (ഏശയ്യ. 29. 13).

മനുഷ്യന്റെ പാരമ്പര്യത്തിനുപരി ദൈവത്തിന്റെ കല്പനകള്‍ക്ക് പ്രാധാന്യം കൊടുക്കണം എന്ന് എസെക്കിയേല്‍ പ്രവാചകനിലൂടെ ദൈവം മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു. ‘നിങ്ങളുടെ പിതാക്കന്മാരുടെ കല്്പനകളനുസരിച്ച് നടക്കുകയോ അവരുടെ പ്രമാണങ്ങള്‍ പാലിക്കുകയോ അരുത്. അവരുടെ പൂജാവിഗ്രഹങ്ങള്‍ കൊണ്ട് നിങ്ങളെ തന്നെ അശുദ്ധമാക്കരുത്.’ (എസെക്കി. 20. 18).

പിതാക്കന്‍മാര്‍ക്ക് പറ്റിയ തെറ്റ് നിങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നു. അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ദൈവകല്പനയ്ക്ക് വിരുദ്ധമായി മാനുഷിക ചിന്തകള്‍ അനുസരിക്കുകയും ചെയ്തു. മോശയെ ദൈവം പഠിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി നിയമജ്ഞര്‍ അനേകം നിയമങ്ങളും പാരമ്പര്യങ്ങളും കൂട്ടിച്ചേര്‍ക്കുകയും അവയ്ക്ക് ദൈവകല്‍പനകളേക്കാള്‍ പ്രാധാന്യം കൊടുക്കുകയും ചെയ്തു. അതു വഴി യഹൂദ നേതാക്കള്‍ മനുഷ്യരെ ഭാരപ്പെടുത്തുകയും ദൈവത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി അവര്‍ ദൈവകല്പനകളെ മാറ്റി വച്ചു എന്ന് യേശു വിമര്‍ശിക്കുന്നു.

സന്ദേശം

ഫരിസേയരെയും നിയമജ്ഞരെയും പോലെ മറ്റുള്ളവരുടെ തെറ്റുകള്‍ നോക്കി പോകാനുള്ള പ്രവണത നമ്മിലുമുണ്ട്. മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി ദൈവകല്പനകള്‍ ലംഘിക്കുന്നവര്‍ പാപം ചെയ്യുകയാണെന്ന് യേശു പഠിപ്പച്ചു.

ഏശയ്യാ പ്രവചാകന്‍ പറഞ്ഞതു പോലെ ‘ഈ ജനം അധരങ്ങള്‍ കൊണ്ട് എന്നെ ബഹുമാനിക്കുന്നു, പക്ഷേ, അവരുടെ ഹൃദയം എന്നില്‍ നിന്ന് അകലെയാണ്’ (ഏശയ്യ. 29. 13). നമ്മുടെ പ്രാര്‍ത്ഥനകളില്‍ നമ്മളും അധരവ്യായാമമാണോ നടത്തുന്നത്?

ദൈവത്തിന് നമ്മെ തന്നെ സമര്‍പ്പിച്ച് മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുമ്പോഴാണ് നാം അന്ത്യവിധി നാളില്‍ നീതീകരിക്കപ്പെടുന്നത്. നമ്മുടെ മതപരമായ അനുഷ്ഠാനങ്ങള്‍ പാഴായി പോകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ,

അവിടുത്തെ ശിഷ്യന്മാര്‍ കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിനെ കുറ്റം വിധിച്ച ഫരിസേയരെ കപട നാട്യക്കാരേ എന്നു വിശേഷിപ്പിച്ച അവിടുത്തെ ഞങ്ങള്‍ സ്തുതിക്കുന്നു. വലിയ ആത്മീയ സത്യങ്ങളെ മറക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്തു കൊണ്ട് നിസാര കാര്യങ്ങളെ മുറുകെ പിടിക്കുന്ന പ്രവണതയെയാണല്ലോ അവിടന്ന് വിമര്‍ശിച്ചത്. ഞങ്ങളുടെ പലപ്പോഴും ഫരിസേയരെ പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ പാരമ്പര്യമാണ് വലുതെന്ന് വമ്പു പറഞ്ഞ് കൂടുതല്‍ പ്രധാനപ്പെട്ട സുവിശേഷ മൂല്യങ്ങളെ ഞങ്ങള്‍ അവഗണിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ പശ്ചാത്തപിക്കുകയും അങ്ങയോട് മാപ്പ് യാചിക്കുകയും ചെയ്യുന്നു. അവിടത്തെ സുവിശേഷവും അങ്ങ് സ്ഥാപിച്ച് കത്തോലിക്കാ സഭയുമാണ് ഏറ്റവും പ്രധാനപ്പൈട്ടതെന്ന് മനസ്സിലാക്കി അവടെ മുറുകെ പിടിക്കുവാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles