സുഗന്ധ വാഹിനിയായെത്തിയ പരിശുദ്ധ മാതാവ്!

തൃപ്പൂണിത്തറ പുതിയകാവിനടുത്ത് ബ്രദര്‍ ആന്റണി വാര്യത്തിന്റെ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപം കാണാം. ഇറ്റലിയില്‍ നിര്‍മിച്ച അത്ഭുത രൂപമാണിത്. കൂടാതെ ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള തിരുശേഷിപ്പുകളും അവിടെയുണ്ട്. ബ്രദര്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ അതുവരെയില്ലാ തിരുന്ന ഒരു സുഗന്ധം കടന്നുവരാന്‍ തുടങ്ങി. സമ്പന്ന കുടുംബത്തില്‍ പിറന്ന്, ദരിദ്രനായി ജീവിച്ച് ക്രിസ്തു വിനെ അറിഞ്ഞവനാണ് ബ്ര. ആന്റണി. അദ്ദേഹത്തിന്റെ പിതാവും അനുജനും സുവിശേഷ ശുശ്രൂഷകര്‍ ആണ്. ജപമാല ഭക്തി പ്രചരിപ്പിക്കുന്നതില്‍, ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നു നല്‍കുന്നതില്‍ ആ കുടുംബം സദാ ഉത്സുകരായി പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തേയ്ക്കും അവരുടെ സേവനങ്ങള്‍ കടന്നുചെല്ലുന്നു.
അമ്മ വെളിപെടുത്തി കൊടുത്ത, അമ്മയെ ദര്‍ശിച്ച അദ്ദേഹം ജപമാലയെന്ന പ്രാര്‍ത്ഥനയെയും അതിന്റെ ആവശ്യകതയെയും കുറിച്ച് മരിയന്‍ ടൈംസിനോട്‌ സംസാരിക്കുന്നു.

തുടക്കം
പരി. അമ്മയോട് ഭക്തിയുണ്ടായിരുന്ന വ്യക്തി അല്ലായിരുന്നു ഞാന്‍. എന്നെ സംബന്ധിച്ച് യേശുക്രിസ്തു മാത്രമായിരുന്നു ഏറ്റവും വലിയവന്‍. അങ്ങനെയിരിക്കെ, വി. ബലിയില്‍ സംബന്ധിക്കവെ ഒരു ശബ്ദം കേള്‍ക്കാനിട വന്നു. ‘മോനെ, എന്റെ അമ്മയെവിടെ? ഞാന്‍ നിന്നെ എല്പിച്ചതാണല്ലോ?’. ഞാന്‍ സംശയിച്ചു.
ആ ശബ്ദം വീണ്ടും എന്നോട് സംസാരിച്ചു, ‘ഞാന്‍ കുരിശിന്‍ചോട്ടില്‍ വച്ച് ഇതാ നിന്റെ അമ്മയെന്ന്! യോഹന്നാനോടു പറഞ്ഞത്, ഓര്‍ക്കുന്നില്ലേ. എടാ അത് ഞാന്‍ നിന്നോടാണ് പറഞ്ഞത്. എന്റെ അടുത്തു വരുമ്പോള്‍ എന്റെ അമ്മയെയും കൂട്ടി വരുന്നതാണ് എനിക്കിഷ്ടം’ പരി. അമ്മയെ തിരിച്ചറിയുന്ന സമയമായിരുന്നു അത്. ആ വാക്കുകള്‍ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അന്നുമുതല്‍ ഞാന്‍ ജപമാല കൈയിലെടുക്കാന്‍ തുടങ്ങി.
അമ്മയുടെ കടന്നുവരവ്

ഒരിക്കല്‍ വീട്ടില്‍ കിടന്നുറങ്ങുകയാണ്, ഞാന്‍. വെളുപ്പിന് മൂന്നു മണിയായി കാണും. മുറിയിലേക്ക് വളരെ ശക്തമായ വെളിച്ചം കടന്നുവരുന്നു. ഞാന്‍ ഉണര്‍ന്നു, എഴുന്നേറ്റിരുന്നു. വെള്ള നിറത്തിലുള്ള പ്രകാശം എനിക്കു ചുറ്റും മൂടിയിരിക്കുന്നു. ഞാന്‍ കണ്ണുതിരുമ്മി നോക്കി. ചുവപ്പു വസ്ത്രം ധരിച്ച്, വെള്ള ഷാള്‍ പുതച്ച് പരി. അമ്മ ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വരുന്നു. സ്തബ്ധനായ ഞാന്‍, ഉടനെ ഉച്ചത്തില്‍ കൈയ്യടിച്ചു സ്തുതിക്കാന്‍ തുടങ്ങി. അത് കേട്ടതും വീട്ടുക്കാര്‍ എഴുന്നേറ്റു, എന്റെ മുറിയിലേക്ക് ഓടി വന്നു. പീന്നിട് ഞാന്‍ മാതാവ് നിന്ന സ്ഥലത്തേക്ക് നോക്കിയപ്പോള്‍ ഒരു വെള്ള പുക മാത്രം അവശേഷിച്ചു. എന്തിനാണ് അമ്മ വന്നത്? എന്നോടു എന്തെങ്കിലും പറയാനായിരുന്നോ? ഞാന്‍ സ്തുതിച്ചത് തെറ്റായി പോയോ? എന്നിങ്ങനെ പല ചോദ്യങ്ങള്‍ എന്റെ മനസിലേക്ക് കടന്നുവന്നു. എന്ത് ചെയ്യും എന്ന ആശയ കുഴപ്പത്തിലായി. വീണ്ടും ജപമാലയും പ്രാര്‍ഥനയുമായി മുന്നോട്ട് പോയി. ജീസസ് യൂത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. മാതാവ് വീണ്ടും വരുന്നതിനായി ഞാന്‍ കൊതിച്ചു.
എന്നാല്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു എനിക്ക്. ഒരിക്കല്‍ തൃപ്പൂണിത്തറ പള്ളിയില്‍ വച്ച് വി. കുര്‍ബാന സ്വീകരിച്ച ശേഷം കണ്ണടച്ചു പ്രാര്‍ത്ഥിച്ചുകൊ ണ്ട് നില്‍ക്കുമ്പോള്‍ ആരോ എന്റെ തോളില്‍ തട്ടുന്നു. കണ്ണ് തുറന്നു നോക്കുമ്പോള്‍ അള്‍ത്താരയുടെ മുന്നില്‍ ശോഭയോടെ നില്‍ക്കുകയാണ് റോസ മിസ്റ്റിക്ക മാതാവ്.
‘എന്റെ രൂപം എല്ലാ വീടുകളിലും കൊണ്ട് പോകണം. പ്രാര്‍ഥിക്കണം. വികരിയച്ചനുമായി സംസാരിച്ച് നീ അത് ഏറ്റെടുത്ത് ചെയ്യണം’ അമ്മ എന്നോട് പറഞ്ഞു. ഞാനുടനെ ഇക്കാര്യം അച്ഛനോട് പറഞ്ഞു. അങ്ങനെ തൃപ്പൂണിത്തറയിലെ ഏകദേശം ആയിരത്തിലധികം വീടുകളില്‍, ഞങ്ങള്‍ അമ്മയുടെ രൂപം എത്തിക്കുകയും, എല്ലാവരും തികഞ്ഞ ഭക്തിയോടെ, ഒരു ഉത്സവ ഭംഗിയില്‍ ആ ദിവസങ്ങളെ വരവേറ്റു. അതുമൂലം നിരവധി രോഗശാന്തികള്‍, വിടുതലുകള്‍ അവരുടെ ഭവനങ്ങളില്‍ സംഭവിച്ചു. അക്രൈസ്തവരുടെ ഇടയില്‍ പോലും അമ്മയുടെ കരസ്പര്‍ശം കടന്നുവന്നു.

പരിശുദ്ധ അമ്മ പഠിപ്പിച്ച പാഠങ്ങള്‍
അതിനുശേഷം അമ്മ പലപ്പോഴായി എനിക്ക് പ്രത്യക്ഷപെട്ടുകൊണ്ടിരുന്നു. ഒരറിവും ഇല്ലാതിരുന്ന എന്നെ, അമ്മ പലതും പഠിപ്പിക്കാന്‍ തുടങ്ങി.  അമ്മ ചോദിക്കുന്നു, ജപമാല ആരുടെ പ്രാര്‍ഥനയാണ്? ജപമാല പരി. അമ്മയുടെ പ്രാര്‍ത്ഥനയല്ല. വി. ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ 28, 42 വാക്യങ്ങള്‍ ആണ് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ സ്‌ത്രോതസ്സ്. പിതാവായ ദൈവം ഗബ്രിയേല്‍ മാലാഖ വഴി പറഞ്ഞ വചനമാണത്. അപ്പോള്‍ ദൈവത്തോടുള്ള പ്രാര്‍ഥനയാണ് ജപമാല.

ജപമാലയുടെ അറ്റത്ത് കെട്ടിതൂക്കിയിരിക്കുന്ന കുരിശ് എന്താണ് അര്‍ത്ഥമാക്കുന്നത്?
സഭയോട് ചേര്‍ന്നു നിന്നു കൊണ്ട് വിശ്വാസ പ്രഖ്യാപനം നടത്താന്‍ ആണ് കുരിശിന്റെ അടയാളം. ആ കുരിശില്‍ കൈപിടിച്ച് വേണം നാം ജപമാല ആരംഭിക്കേണ്ടത്. മടി, അലസത കൂടാതെ പ്രാര്‍ഥിക്കാന്‍ അത് മൂലം സഹായകമാകുന്നു.  ജപമാല ആരംഭിക്കുന്നതിനു മുമ്പുള്ള ‘സ്വര്‍ഗ്ഗസ്ഥ നായ പിതാവേ’ ജപമാല മണിയായി വച്ചിരിക്കുന്നത് എന്തിനുവേണ്ടിയാണ്? ധ്യാനചിന്തയാണ് അത് പങ്കുവെയ്ക്കുന്നത്. സ്വര്‍ഗസ്ഥനായ പിതാവേ ഉരുവിടുമ്പോള്‍ ഓരോ വാക്കുകളും ഉള്ളില്‍ തട്ടി, സ്വയം ചോദിച്ച് നാം ധ്യാനിക്കണം.  അങ്ങനെ ജപമാലയുടെ പല രഹസ്യങ്ങളും, ഓരോ അര്‍ത്ഥതലങ്ങളും അമ്മ എനിക്ക് പഠിപ്പിച്ചുകൊണ്ടിരുന്നു. അമ്മ ബൈബിളില്‍ പറയുന്നത് പോലെ, ഇതാ കര്‍ത്താവിന്റെ ദാസന്‍, നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ അമ്മ എന്നോടു ആവശ്യപെട്ടു.

മാറ്റങ്ങള്‍
അമ്മയുടെ കടന്നുവരവിലൂടെ എന്നിലും ഒരുപാട് മാറ്റങ്ങള്‍ വന്നുതുടങ്ങി. എന്റെ ചിന്തകളിലും, പ്രാര്‍ത്ഥനാ ജീവിതത്തിലും, വിശ്വാസത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. അങ്ങനെയിരിക്കെ, ഒരു നാള്‍ എന്റെ ശരീരത്തില്‍ നിന്ന് സുഗന്ധം വമിക്കാന്‍ തുടങ്ങി. ഞാന്‍ സഞ്ചരിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ ഒക്കെ മുല്ലപ്പൂമണം മറ്റുള്ളവരിലേക്ക് പടര്‍ന്നു. ഏകദേശം രണ്ടു വര്‍ഷക്കാലം അത് നീണ്ടു നിന്നു. എന്നാല്‍ എല്ലാവരും എന്നെ സംശയത്തോടെ, വെറുപ്പോടെ, നോക്കി കൊണ്ടിരുന്നു. ആ ഗന്ധം മൂലം എനിക്ക് പലരില്‍ നിന്നും അവജ്ഞ അനുഭവിക്കേണ്ടി വന്നു. ഒരു ബസ്സില്‍ ഇരുന്നു, സഞ്ചരിക്കാന്‍ പോലുമാകാത്ത തരത്തില്‍ ഞാന്‍ നാണംകേട്ടവനെ പോലെയായി.
അവസാനം ഞാന്‍ അമ്മയോട് ഇക്കാര്യം സംസാരിച്ചു. അമ്മ പറഞ്ഞു, ‘മോനെ, വിശ്വാസത്തെ പ്രതി സഹന ങ്ങളും, അപമാനങ്ങളും, പീഡകളും അനുഭവിക്കണം. നീ ജപമാല മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനു അനുസരിച്ച് ഗന്ധവും അവസാനിക്കും.’

ജപമാല എല്ലാവരിലേക്കും പകര്‍ന്നു, പഠിപ്പിച്ചു കൊടുക്കുന്നതിലായി പിന്നീട് എന്റെ ശ്രദ്ധ. ഞാന്‍ മുന്നില്‍ കാണുന്നവര്‍ക്ക് ഒക്കെ ജപമാല നല്‍കി, അമ്മയെ കുറിച്ച് പഠിപ്പിച്ചു. ഇരുനൂറ് അക്രൈസ്തവ കുടുംബങ്ങള്‍, അത്രയും തന്നെ പെന്തകോസ്ത് വിശ്വാസികള്‍ എന്നിവരെ എനിക്ക് ജപമാല ഭക്തരാക്കാന്‍ സാധിച്ചു. ആ ദൗത്യയാത്ര ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ജപമാല ആയുധമാണ്
ഒരിക്കല്‍ അമ്മ എന്നോടു പറഞ്ഞു, ‘നീ എന്റെ അടുത്തേയ്ക്ക് അല്ല വരേണ്ടത്. ഈശോയുടെ അടുത്തേയ്ക്ക് ആണ്. ദേവാലയത്തില്‍ ബലിയര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍, ഞാന്‍ അവിടെ ഉണ്ടാകും.’
എങ്ങനെയാണ് ജപമാല ഭൂമിയില്‍ കടന്നുവന്നത്? ഭൂമിയില്‍ തിന്മ പെരുകുന്നത് കണ്ട അമ്മ, പിതാവില്‍ നിന്ന് ജപമാല എന്ന നിത്യരക്ഷാ ആയുധം വാങ്ങി വി. ഡോമിനിക്കിനു നല്‍കി. അങ്ങനെ ജപമാല ലോകത്തില്‍ വേരൂന്നി. മാതാവ് തന്ന പ്രാര്‍ത്ഥനയാകയാല്‍ അത് അമ്മയുടെ പ്രാര്‍ത്ഥനയാണെന്ന് നാം തെറ്റിദ്ധരിച്ചു. എന്നാല്‍ അത് ലോകസമാധാനത്തിനു വേണ്ടി, നന്മയ്ക്ക് വേണ്ടി, ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണെന്ന കാര്യം എല്ലാവരും വിസ്മരിച്ചു. ആ ജപമാല വഴിയാണ് ക്രിസ്തുവിലേക്ക് നാം നടന്ന് അടുക്കേണ്ടത്.

~  സഞ്ചു ജോസ്  ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles