മറിയം ദൈവത്തിന്റെ രക്ഷാകര വിളിയോട് സഹകരിച്ചവള്‍

~ റവ. ഡോ. ജോസ് പുതിയേടത്ത് ~

 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ ദൈവമെപ്പോഴും മനുഷ്യരെ പങ്കാളിയാക്കാറുണ്ട്. പഴയനിയമത്തില്‍ മോശയെ വിളിക്കുന്ന ദൈവത്തെ പുറപ്പാടിന്റെ പുസ്തകം, മൂന്നാം അധ്യായത്തില്‍ കാണാം. ഇസ്രായേല്‍ ജനത്തിന്റെ നിലവിളി കേട്ട ദൈവം അവരെ രക്ഷിക്കാന്‍ തിരുമനസ്സാകു കയും ആ രക്ഷയിലേക്ക് അവരെ നയിക്കുന്നതിന് വേണ്ടി മോശ എന്ന മനുഷ്യനെ വിളിക്കുന്നു. ദൈവം ഇസ്രായേല്‍ ജനത്തിന്റെ വിളികേട്ട്, അവരുടെ വേദനകള്‍ അറിഞ്ഞ്, അവരെ രക്ഷിക്കാനാണ് ഇറങ്ങി വരുന്നത്. ‘കര്‍ത്താവ് വീണ്ടും അരുളിച്ചെയ്തു, ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശം ഞാന്‍ കണ്ടു, മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍ നിന്നുയര്‍ന്നു വരുന്ന രോദനം ഞാന്‍ കേട്ടു, അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. ഈജിപ്തുകാരുടെ കൈയില്‍ നിന്ന് അവരെ മോചിപ്പിക്കാനും, അവിടെ നിന്ന് ക്ഷേമകരവും വിസ്തൃതവും തേനും പാലുമൊഴുകുന്ന ഒരു ദേശത്തേക്ക് അവരെ നയിക്കാനു മാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്’ (പുറപ്പാട് 3. 78). ഈ വചനത്തിലൂടെ മനസ്സിലാകുന്ന ഒരു വലിയ സത്യം, ദൈവം ആ നിലവിളി കേട്ട്, അതറിഞ്ഞ്, അതിനു മറുപടിയായി അവരെ രക്ഷിക്കാന്‍ തിരുമനസ്സാകുന്നുവെന്നാണ്. എന്നാല്‍ ആ ദൈവത്തിന്റെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഒരു മനുഷ്യന്റെ സഹായം/സഹകരണം ദൈവത്തിന് ആവശ്യമാണ്. ഏതൊരു പ്രവാചകന്റെയും വിളി അത്തരത്തിലായിരുന്നുവല്ലോ. ഹോറെബ് മലയില്‍ ജ്വലിക്കുന്ന മുള്‍പടര്‍പ്പിന്റെ പ്രത്യേകത കണ്ട് നടന്നടുക്കു ന്ന മോശയോട് ദൈവം അരുളിചെയ്യുകയാണ്, ‘ഇതാ ഇസ്രായേല്‍ മക്കളുടെ നിലവിളി എന്റെയടുത്ത് എത്തിയിരിക്കുന്നു, ഈജിപ്തുകാര്‍ അവരെ എപ്രകാരം മര്‍ദ്ദിക്കുന്നുവെന്ന് ഞാന്‍ കണ്ടു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയക്കാം. നീയെന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവരണം’ (പുറപ്പാട് 3. 910). ദൈവമാണ് രക്ഷിക്കുന്നതെങ്കിലും, രക്ഷ ഭൂമിയില്‍ സാധ്യമാക്കാന്‍ ദൈവം മോശയുടെ സഹകരണം തേടുന്നു. എന്നാല്‍ അതൊക്കെ ചെയ്യാന്‍ ഞാന്‍ ആരാണ്? എന്താണ് എന്റെ പ്രാവീണ്യമെന്നൊക്കെ സംശയാലുവായ മോശ ദൈവ ത്തോട് ചോദിക്കുന്നു. ദൈവം മറുപടി പറയുന്നു, ‘ഞാന്‍ നിന്നോടുകൂടി ഉണ്ടായിരിക്കും’.

പുതിയ നിയമത്തില്‍ പരി. കന്യകാമറിയമാണ് ആ സ്ഥാനത്തേക്ക് കടന്നുവരുന്ന മറ്റൊരു വ്യക്തി. രക്ഷകനായ യേശുവിനു ജന്മമേകാന്‍ മറിയത്തിന്റെ പക്കലേയ്ക്ക് ഗബ്രിയേല്‍ ദൂതന്‍ അയക്കപ്പെടുന്നതും, ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ സഹകരിക്കാനുള്ള വിളിയുടെ കാര്യം അറിയിക്കുന്നതുമായ ഭാഗം നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. മറിയത്തിന്റെ സഹകരണം ആവശ്യമാകയാല്‍ ദൈവം അവളെ തിരഞ്ഞെടുത്തു. മോശ ചോദിച്ചതുപോലെ തന്നെ മറിയവും ആവര്‍ത്തിക്കുന്നു, ‘ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ’. ദൂതനുടന്‍ തന്നെ വ്യക്തമായി മറുപടി നല്‍കുന്നു,

‘പരിശുദ്ധാത്മാവ് നിന്റെമേല്‍ ഇറങ്ങിവരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. അതിനാല്‍ ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും’ (ലൂക്കാ 1. 35). വൃദ്ധയും, വന്ധ്യമായിരുന്ന എലിസബത്ത് ഗര്‍ഭിണിയായ വിവരം ചൂണ്ടിക്കാട്ടി, ദൈവത്തിന്റെ അത്ഭുതപ്രവൃത്തിയെ ഉദാഹരിക്കാനും ദൂതന്‍ ശ്രമിക്കുന്നുണ്ട്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല. നാം വിശ്വസിക്കുന്ന ഏകദൈവം സര്‍വ്വശക്തനാണ്. ആ വാക്കുകളാണ് സ്വയം സമര്‍പ്പിക്കുവാന്‍ മറിയത്തിനു ധൈര്യം പകര്‍ന്നത്. അവള്‍ പറഞ്ഞു, ‘ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ (ലൂക്കാ 1. 38). പുതിയനിയമത്തിന്റെ രക്ഷാകരചരിത്രം ആരംഭിക്കുന്നത് അപ്പോള്‍മുതലാണ്.

ഈ സംഭവം നമ്മുടെ ജീവിതത്തിലും ഒട്ടേറെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. മാതാവ് ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കി, രക്ഷാകരചരിത്രത്തില്‍ സഹകരി ച്ചതുപോലെ, നാമും രക്ഷ പൂര്‍ത്തികരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. എന്റെ കുടുംബത്തില്‍, ചുറ്റുവട്ടത്തില്‍, ജോലിസ്ഥലത്ത്, ജീവിത സാഹചര്യ ങ്ങളില്‍ ഒക്കെ ആ വിളിക്ക് പ്രത്യുത്തരം നല്‍കേണ്ടിയിരി ക്കുന്നു. അങ്ങനെ ദൈവരക്ഷ എന്നിലൂടെയും പൂര്‍ത്തിയാകും, എന്നിലൂടെ അനേകര്‍ അനുഗ്രഹം പ്രാപിക്കും. ആ തിരിച്ചറിവാണ് നാം നേടേണ്ടത്. പരി. അമ്മയുടെ മാതൃക നമുക്ക് പ്രചോദനം നല്‍കട്ടെ, അവളുടെ മാധ്യസ്ഥം നമുക്ക് ശക്തി പകരട്ടെ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles