ഫ്രാന്‍സിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കൊടിക്കുന്നില്‍ സുരേഷ്
ന്യൂഡെല്‍ഹി: ഫ്രാന്‍സിസ് പാപ്പായെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഔദ്യോഗികമായി ക്ഷണിക്കണം എന്ന് കേരളത്തില്‍ നിന്നുള്ള എംപി കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോക് സഭയിലാണ് കോണ്‍ഗ്രസ് അംഗമായ സുരേഷ് ഈ ആവശ്യം ഉന്നയിച്ചത്. ലോക് സഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പാണ് സുരേഷ്.
ഇതിന് മുമ്പ് അവസാനമായി ഒരു മാര്‍പാപ്പാ ഇന്ത്യ സന്ദര്‍ശിച്ചത് 1999 നവംബറില്‍ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചത്.
‘ഫ്രാന്‍സിസ് മാര്‍പാപ്പായെ ഔദ്യോഗികമായി ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലോകത്തില്‍ സമാധാനവും ശാന്തതയും പ്രചരിപ്പിക്കുന്ന അദ്ദേഹത്തെ പോലെ ഒരു മഹദ് വ്യക്തിത്വത്തെ ആദരിക്കുന്നത് നമ്മുടെ കാഴ്ചപ്പാടിനെ വിശാലമാക്കും’ സീറോ അവറില്‍ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
‘കത്തോലിക്കര്‍ മാത്രമല്ല, ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്’ സുരേഷ് കൂട്ടിച്ചേര്‍ത്തു.