ന്യൂനപക്ഷ കമ്മീഷൻ എല്ലാവരെയും പരിഗണിക്കണം: കത്തോലിക്കാ കോൺഗ്രസ്
കോട്ടയം: ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട അനീതി അവസാനിപ്പിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കണം. ക്രൈസ്തവരിലെ പിന്നോക്കാവസ്ഥ കണ്ടെത്താൻ ഒരു പഠന കമ്മീഷനെ നിയോഗിക്കാനുള്ള ശിപാർശ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന സർക്കാരിനു നൽകണം. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ അശാസ്ത്രീയമായ പ്രവർത്തനം തിരുത്തണമെന്നും പ്രസിഡന്റ് വർഗീസ് ആന്റണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോൺ, സിബി മുക്കാടൻ, ടോം കൈയാലകം, ജോയി പാറപ്പുറം, സൈബി അക്കര ആനീസ് ജോർജ്, അച്ചാമ്മ യോഹന്നാൻ, ബാബു വള്ളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.