നാടിന്റെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് നിർണായകം: മാർ തട്ടിൽ
ചങ്ങനാശേരി: നാടിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്കു പ്രവാസികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നു ഷംഷാബാദ് ബിഷപ്പും സീറോ മലബാർ സഭ പ്രവാസി കമ്മീഷൻ ചെയർമാനുമായ മാർ റാഫേൽ തട്ടിൽ. ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തൊലേറ്റ് നാലാമത് വാർഷികവും പ്രവാസി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
ആർച്ച് ബിഷപ്സ് ഹൗസിലുള്ള മാർ കാളാശേരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. പ്രവാസികൾ സഭയ്ക്കും സമൂഹത്തിനും നൽകുന്ന സേവനങ്ങൾ നിസ്തുലമാണെന്നും വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇവരെ കോർത്തിണക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നോർക്ക വെൽഫയർ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞ് മുഹമ്മദ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സി.എഫ്.തോമസ് എംഎൽഎ, വികാരി ജനറാൾ മോണ്.ജോസഫ് വാണിയപ്പുരയ്ക്കൽ, ഡയറക്ടർ ഫാ.റ്റെജി പുതുവീട്ടിൽകളം, ഷെവലിയർ സിബി വാണിയപ്പുരയ്ക്കൽ, ജോസഫ് സെബാസ്റ്റ്യൻ പത്തിൽ, ജോസ് കളരിക്കൽ, മാത്യു മണിമുറി, എന്നിവർ പ്രസംഗിച്ചു.
പ്രിൻസ് ചെറിയവാടയിൽ, രമേഷ് മാത്യു കരിങ്ങട, ജോസ് ചെറിയാൻ കൂടലിൽ, അലക്സ് പുതുവേലിൽ, പ്രഫ.സി.എഫ്.ജോസഫ് ചീരംവേലിൽ, എൻ.എ. മാത്യു നാരകത്തറ, എ.ജെ ജോണ് എലഞ്ഞിപ്പുറം, ബ്ലെസി ജോർജ് വേളാശേരി എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വിവാഹത്തിന്റെ അന്പതും ഇരുപത്തഞ്ചും ജൂബിലി ആഘോഷിക്കുന്നവരെയും നാലു മക്കളിൽ കൂടുതലുള്ള കുടുംബങ്ങളെയും ആദരിച്ചു. 10,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡുകൾ നൽകി. പറത്തോട് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് സാന്പത്തികമായി ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങളിലെ പത്ത് കുട്ടികൾക്കു നൽകി.