അല്‍ഫോന്‍സാമ്മ സഹനം സ്നേഹമാണെന്ന് ഉദ്ഘോഷിച്ചവള്: മാർ ജോസ് പുളിക്കൽ
ഭരണങ്ങാനം: സഹനമെന്ന സമസ്യയുടെ മുന്പിൽ ഇന്ന് ആധുനികലോകം വഴിമുട്ടി നിൽക്കുകയാണെന്നും സഹനം സ്നേഹമാണെന്ന് ജീവിതംകൊണ്ട് മൊഴിമാറ്റം നടത്തിയവളാണു വിശുദ്ധ അൽഫോൻസാമ്മയെന്നും കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ഭരണങ്ങാനത്ത് അൽഫോൻസാ തിരുനാളിന്റെ എട്ടാം ദിവസം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.
ലോകം വെറുക്കുന്ന സഹനത്തെ അൽഫോൻസാമ്മ സ്നേഹമെന്നാണു വിളിക്കുന്നത്. അൽഫോൻസാമ്മ കുരിശിൻചുവട്ടിലിരുന്നു ധ്യാനിച്ചു പഠിച്ച വിശുദ്ധ രഹസ്യങ്ങൾ ജീവിതം വ്യാഖ്യാനിച്ചാണ് സഹനങ്ങൾ സ്നേഹമാണെന്ന് ലോകത്തെ പഠിപ്പിച്ചതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.