തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും! (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
കൈത്താക്കാലം ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം
എളിമയും ഉപവിയുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന സന്ദേശം. താന്‍ ജീവിതത്തില്‍ പകര്‍ത്തിയതേ യേശു പ്രസംഗിച്ചിട്ടുള്ളൂ. ഒരിക്കല്‍ ഒരു പ്രമുഖനായ ഫരിസേയന്‍ യേശുവിന് നല്‍കിയ വിരുന്നില്‍ വച്ച് അവിടുന്ന് സ്വര്‍ഗത്തില്‍ മുന്‍പന്തയില്‍ എത്തേണ്ട മാര്‍ഗം ഏതെന്ന് വിശദമാക്കുന്നു. പകരം ഒന്നും നല്‍കാനാവാത്ത പാവങ്ങള്‍ക്ക് നന്മ ചെയ്യാന്‍ യേശു ആവശ്യപ്പെടുന്നു. അപ്പോള്‍ അവര്‍ക്ക് ദൈവം പ്രതിഫലം നല്‍കും. തന്റെ പീഡാസഹനങ്ങളിലൂടെയും മരണത്തിലൂടെയും യേശു സ്വയം ശൂന്യനാക്കി.
ബൈബിള്‍ വായന
14. 7 – 14
ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖ സ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു. ആരെങ്കിലും നിന്നെ ഒരു കല്യാണ വിരുന്നിന് ക്ഷണിച്ചാല്‍ പ്രമുഖ സ്ഥാനത്ത് കയറി ഇരിക്കരുത്. ഒരു പക്ഷേ, നിന്നെക്കാള്‍ ബഹൂമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടു പേരെയും ക്ഷണിച്ചവന്‍ വന്ന് ഇവന് സ്ഥലം കൊടുക്കുക എന്ന് നിന്നോട് പറയും, അപ്പോള്‍ നീ ലജ്ജിച്ച് അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കും. അതു കൊണ്ട് നീ വിരുന്നിന് ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട് സ്‌നേഹിതാ, മുമ്പോട്ടു കയറി ഇരിക്കുക എന്നു പറയും. അപ്പോള്‍ നിന്നോട് കൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നീ ബഹൂമാന്യനായി തീരൂം. തന്നെതന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തപ്പെടുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും…
സുവിശേഷ വിചിന്തനം
ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം ഒരു പ്രമുഖനായ ഫരിസേയന്റെ വീട്ടിലെ വിരുന്നാണ്. അവിടെ യേശുവുണ്ട്. യേശുവും യഹൂദരും തമ്മില്‍ സാബത്തിനെ കുറിച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു. സാബത്ത് ദിവസം യേശു ഒരു മഹോദര രോഗിയെ സുഖപ്പെടുത്തുന്നു. ഇത്തവണ യേശു സാബത്തില്‍ സൗഖ്യം നല്‍കിയതിനെ കുറിച്ച് ഫരിസേയരും നിയമപണ്ഡതരും യേശുവിനെ ചോദ്യം ചെയ്യുന്നില്ലെങ്കിലും അവരുടെ പരസ്‌നേഹമില്ലായ്മയെ അവിടുന്ന് കുറ്റപ്പെടുത്തുന്നു. എളിമയും ഉപവിയും ഉള്ളവരേകേണ്ടതിന്റെ പ്രാധാന്യം യേശു വ്യക്തമാക്കുന്നു.
മുന്‍പന്തിയില്‍ ഇരിക്കുന്നവര്‍
വിരുന്നിന് വരുന്നവര്‍ മുന്‍പന്തിയില്‍ ഇരിക്കാന്‍ മത്സരിക്കുന്നത് യേശു ശ്രദ്ധിക്കുന്നു. പ്രധാനപ്പെട്ട വ്യക്തികള്‍ തങ്ങള്‍ക്ക് അര്‍ഹമായ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നതിന് യേശു എതിരല്ലായിരുന്നു. എന്നാല്‍ അനര്‍ഹരായവര്‍ മുന്‍പന്തിയില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അവിടെ നിന്ന് എഴുന്നേല്‍പിക്കപ്പെടും എന്ന് അവിടുന്ന് ഓര്‍മിപ്പിക്കുന്നു. അങ്ങനെ അവര്‍ സമൂഹമധ്യത്തില്‍ നിന്ദ്യരാകുകയും ചെയ്യും. വിരുന്നില്‍ എപ്രകാരം പെരുമാറണം എന്നതിനേക്കാള്‍ എളിമയുടെ പാഠം പഠിപ്പിക്കാനാണ് യേശു ശ്രമിക്കുന്നത്.
യഹൂദാചാരം അനുസരിച്ച് വിരുന്നുകളില്‍ താഴ്ന്ന മേശകളില്‍ കുഷ്യന്‍ ഇട്ടാണ് ആളുകള്‍ ഇരുന്നിരുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ U ആകൃതിയുള്ള മേശയില്‍ പ്രമുഖര്‍ മധ്യത്തിലും മറ്റുള്ളവര്‍ രണ്് ഭാഗങ്ങളിലുമാണ് ഇരുന്നിരുന്നത്. ആദ്യം വന്ന് പ്രമുഖ സ്ഥാനിത്തിരിക്കുന്ന അനര്‍ഹരോട് മറ്റൊരു പ്രമുഖ വ്യക്തിക്കു വേണ്ടി ആ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കാന്‍ ആതിഥേയന്‍ ആവശ്യപ്പെടാം. അങ്ങനെ അയാള്‍ അപമാനിതനാകാം. അതിനാല്‍ ആദ്യമേ തന്നെ എളിയ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യേശു ആവശ്യപ്പെടുന്നു.
എളിയവര്‍ ഉയര്‍ത്തപ്പെടും
എളിയ സ്ഥാനങ്ങളില്‍ ആദ്യമേ ചെന്ന് ഇരിക്കുന്നവര്‍ മെ്ച്ചപ്പെട്ട സ്ഥാനങ്ങളിലേക്ക് ആനയിക്കപ്പെടും. അവസാനത്തെ ഇരിപ്പിടം തെരഞ്ഞെടുക്കുന്നവര്‍ യാതൊരു കാരണവശാലും അപമാനിക്കപ്പെടുയില്ല എന്ന് ഉറപ്പാണ്. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
ആത്മീയ ജീവിതത്തിലായാലും ഭൗതിക ജീവിതത്തിലായാലും എളിമയുള്ളവര്‍ ആദരിക്കപ്പെടും. സ്വയം പൊങ്ങച്ചം നടിക്കുന്നവര്‍ ആദരിക്കപ്പെടാന്‍ യാതൊരു സാധ്യതയും ഇല്ല. യേശു പ്രഘോഷിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ അവിടുന്ന് ജീവിതത്തില്‍ പകര്‍ത്തി.
ആദ്യം അതിഥികളെ കുറിച്ച് പറഞ്ഞ ശേഷം യേശു ആതിഥേയനെ കുറിച്ച് പറയുന്നു. പലപ്പോഴും യേശു ഫരിസേയരുടെയും ചുങ്കക്കാരുടെയും വിരുന്നുകളില്‍ സംബന്ധിച്ചപ്പോഴെല്ലാം അവിടുന്ന് കണ്ടത് അവര്‍ സുഹൃത്തുത്തുക്കളെയും ബന്ധുക്കളെയുമെല്ലാം വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നതാണ്. എന്നാല്‍ യേശു ആഗ്രഹിക്കുന്നത് ഈ രീതിയല്ല. ദൈവത്തിന്റെ മുന്നില്‍ വിരുന്നൊരുക്കുമ്പോള്‍ ഭക്ഷണമില്ലാത്തവരെയും പകരം ഒന്നും നല്‍കാന്‍ കഴിവില്ലാത്തവരെയും ക്ഷണിക്കണം എന്ന് അവിടുന്ന് ഉപദേശിക്കുന്നു. മുടന്തരെയും ദരിദ്രരെയും അന്ധരെയുമെല്ലാം വിരുന്നിന് ക്ഷണിക്കുവിന്‍ എന്ന് അവിടുന്ന് പറയുന്നു.
സന്ദേശം
ആദരവും ബഹുമാനവും പിടിച്ചു വാങ്ങാവുന്നതല്ല, നാം അര്‍ഹരാണെങ്കില്‍ അവ താനേ നമ്മുടെ പക്കലേക്ക് വന്നു ചേര്‍ന്നു കൊള്ളും. യേശുവിനെ അനുകരിച്ച് മറ്റുള്ളവരുടെ എളിയ സേവകരാകാനാണ് ക്രിസ്ത്യാനികളുടെ വിളി.
ആദരവ് അന്വേഷിക്കുന്നവരെയും അംഗീകാരം കിട്ടാത്തപ്പോള്‍ പരാതി പറയുന്നവരെയും സമൂഹം വെറുക്കുന്നു. നാം ഈ ലോകത്തിലെ നേട്ടങ്ങള്‍ക്കു വേണ്ടി അധ്വാനിച്ചാല്‍ സ്വര്‍ഗത്തില്‍ ദൈവം നമുക്ക് അനുഗ്രഹം നല്‍കുകയില്ല.
നമുക്ക് ദൈവത്തിന്റെ മുന്നില്‍ എളിമയുള്ളവരായിരിക്കാം. ഈ ലോകത്തിലെ നമ്മുടെ എളിമയ്ക്കും ഉപവിക്കും ദൈവം പ്രതിഫലം നല്‍കും.
പ്രതിഫലം ലക്ഷ്യം വച്ച് നാം ചെയ്യുന്ന ശുശ്രൂഷയും സേവനും ദൈവതിരുമുമ്പില്‍ വിലയുള്ളതല്ല എന്നറിയുക. പാവങ്ങളെയും ഭാഗ്യവിഹീനരെയും സഹായിക്കാന്‍ നമുക്കുള്ള വിഭവങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സ്വര്‍ഗത്തിലേക്കായി നമുക്ക് നിക്ഷേപം കൂട്ടി വയ്ക്കാം.
അശുദ്ധാത്മക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍ (ലൂക്ക 10. 20) എന്ന് യേശു പറയുന്നു. നമ്മുടെ ഉദ്യമങ്ങളുടെ വിജയത്തെ കുറിച്ചു ആകുലരാകാതെ ജീവന്റെ പുസ്തകത്തില്‍ നമ്മുടെ പേരുകള്‍ എഴുതപ്പെടുവാന്‍ വേണ്ടി നമുക്ക് പ്രയത്‌നിക്കാം.
പ്രാര്‍ത്ഥന
എളിമയുള്ള ഈശോയെ,
തന്നെതന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞങ്ങള്‍ പലപ്പോഴും അഹങ്കാരവും സ്വാര്‍ത്ഥതയും മൂലം മറ്റുള്ളവരുടെ മുന്നില്‍ സ്വയം ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റുള്ളവരെ ഞങ്ങളുടെ സംസാരം കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും താഴ്ത്തിക്കെട്ടുകയും ചെയ്തിട്ടുണ്ട്. അവയെ എല്ലാം പ്രതി ഇപ്പോള്‍ ഞങ്ങള്‍ അങ്ങയോട് മാപ്പ് അപേക്ഷിക്കുന്നു. എളിമയുള്ളവരാകുവാനും ഞങ്ങള്‍ക്കുള്ള എല്ലാ കഴിവുകളും സ്ഥാനമാനങ്ങളും അങ്ങയുടെ ദാനമാണെന്ന് ബോധ്യത്തോടെ ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.