അല്‍ഫോന്‍സാമ്മയുടെ ചെമ്പരത്തിപ്പൂവിനെ ഓര്‍മിച്ച് മാര്‍ വാണിയപ്പുരയ്ക്കല്‍
ഭരണങ്ങാനം: കുഞ്ഞുനാളിൽ അൽഫോൻസാമ്മയുടെ കബറിടത്തിലെത്തിയപ്പോൾ അവിടെനിന്നെടുത്ത ഒരു ചെന്പരത്തിപ്പൂവിന്റെ ഇതൾ തന്റെ ബൈബിളിനുള്ളിൽ നിധിപോലെ കാത്തുവച്ച കാര്യം അനുസ്മരിച്ചു സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ.
ഇന്നലെ ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിലെ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എന്നും ബൈബിൾ വായിക്കാൻ തുറക്കുന്പോൾ കാണുന്ന ആ പുഷ്പത്തിന്റെ ഇതളു പോലും പരിശുദ്ധമാണെന്നു വിശാസമുണ്ടായിരുന്നു. സഭയെയും സഭാധികാരികളെയും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അൽഫോൻസാമ്മ കുടുംബങ്ങൾക്കും കുട്ടികൾക്കും അനുകരിക്കാവുന്ന മാതൃകയാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
അൽഫോൻസാമ്മയുടെ തിരുനാളിന്റെ നാലാം ദിനത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ വാണിയപ്പുരയ്ക്കൽ. വിശുദ്ധി സൂക്ഷിക്കുന്ന ജീവിതങ്ങൾ മണ്ണോടു ചേർന്നാലും ആ മണ്ണുപോലും വിശുദ്ധമാണ്. ആ മൃതികുടീരത്തോടു ചേർന്നു കിടക്കുന്ന പുഷ്പദളങ്ങൾപോലും ആത്മീയ, ശാരീരിക സൗഖ്യങ്ങൾക്കു നിമിത്തമാകും. – അദ്ദേഹം ഒാർമിപ്പിച്ചു.