സഭാവിരുദ്ധ പ്രവർത്തനങ്ങളെ നേരിടും: കത്തോലിക്കാ കോണ്. നേതൃസമ്മേളനം
കൊച്ചി: സഭയേയും സമുദായത്തേയും അപകീർത്തിപ്പെടുത്തുന്നവർക്കെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പാലാരിവട്ടം പിഒസിയിൽ ചേർന്ന കത്തോലിക്കാ കോണ്ഗ്രസ് സമുദായ നേതൃസംഗമം സഭാ സിനഡിനോട് ആവശ്യപ്പെട്ടു.
രണ്ടായിരം വർഷത്തെ സഭയുടെ പാരന്പര്യവും ചൈതന്യവും കാത്തുസൂക്ഷിക്കാൻ സമുദായാംഗങ്ങൾ മുന്നിട്ടിറങ്ങാൻ തീരുമാനിച്ചു. വൈദികർ തെരുവിൽ ജാഥ നടത്തിയതും സഭാ തലവന്റെ കോലം കത്തിച്ചതും സഭയെ അപകീർത്തിപ്പെടുത്താനിടയാക്കി. അതിരൂപത കാര്യാലയത്തിനുള്ളിൽ സമരം നടത്തിയത് മര്യാദകളുടെ ലംഘനമായി. വ്യാജരേഖക്കേസ് സഭയുടെ സത്പേരിനു കളങ്കം ചാർത്തിയെന്നും യോഗം വിലയിരുത്തി.
സീറോ മലബാർ സഭയുടെ ഒരു രൂപതയിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ ഭാരത സഭയെത്തന്നെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ് . ഉത്തരവാദിത്വപ്പെട്ട വൈദികർ തന്നെ സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. സഭയുടെ കൂട്ടായ്മയ്ക്കായി നടത്തുന്ന ശ്രമങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന നിലപാട് തുടർന്നുണ്ടാകരുതെന്ന് യോഗം നിർദേശിച്ചു. സഭയുടെയും സമുദായത്തിന്റെയും സംരക്ഷണം കത്തോലിക്കാ കോണ്ഗ്രസിന്റെ ഉത്തരവാദിത്വമാണ്. അതിനാൽ സഭയ്ക്കെതിരേയുള്ള പ്രവർത്തനങ്ങളെ ശക്തമായി നേരിടാൻ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ക്രൈസ്തവിക സമീപനങ്ങൾ ബലഹീനതയായി കണ്ടുകൊണ്ട് കൂടുതൽ വിഭാഗീയതകൾ സൃഷ്ടിക്കുന്നത് സഭയോടും സമുദായത്തോടുമുള്ള വഞ്ചനയാണ്. സഭയെയും സമുദായത്തെ യും വഞ്ചിച്ചുകൊണ്ട് സഭയെ ഇല്ലായ്മപ്പെടുത്താനുള്ള നീക്കങ്ങൾക്ക് സമുദായത്തിൽ നിന്നു കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സഭയ്ക്കും സമുദായത്തിനും പൊതു സമൂഹത്തിലുള്ള സ്വീകാര്യതയെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരേ ഉറച്ച നിലപാടുകൾ എടുക്കാൻ സമുദായം നിർബന്ധിതരായിരിക്കുകയാണ്. വിഭാഗീയതകളോട് സഹിഷ്ണുതയും സംയമനവും പാലിച്ച് സഭാഗാത്രത്തിൽ യോജിപ്പിച്ച് നിലനിറുത്താൻ നടത്തിയ നിരന്തര ശ്രമങ്ങളെ തുടർച്ചയായി അവഗണിച്ചതിനാലാണ് ഇപ്രകാരമൊരു കടുത്ത നിലപാട് സ്വീകരിക്കാൻ കത്തോലിക്ക കോണ്ഗ്രസ് തയാറായത്. തുടർന്നുണ്ടാകുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരേ അവസരോചിതമായി സമുദായാംഗങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.