അച്ചടക്കം സഭയില് പരമപ്രധാനമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്
ഭരണങ്ങാനം: അനുസരണം പുലർത്താത്ത സമീപനം സഭയുടെ കെട്ടുറപ്പിനെയും വളർച്ചയെയും മുരടിപ്പിക്കുമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. സഭാഗാത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കരുതപ്പെട്ടു പോരുന്നത് വിശ്വസ്തതയാണെന്നിരിക്കെ ഇക്കാലത്തെ അച്ചടക്കരാഹിത്യം സഭയിൽ വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കും. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൽ സന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
വൈദികനോ അല്മായനോ മെത്രാനോ സിനഡിനെയോ സിനഡിന്റെ തലവനെയോ ചോദ്യംചെയ്യാൻ പാടില്ല. സിനഡ് എല്ലാവരോടും ബന്ധപ്പെട്ടു നിൽക്കുന്നതാണ്. സിനഡിനെ ചോദ്യം ചെയ്യാൻ വൈദികനോ ഒരു അല്മായനോ ഒരു മെത്രാനോ അവകാശമില്ല. സീറോ മലബാർസഭാ സിനഡ് തെരഞ്ഞെടുത്ത തലവനാണ് നമ്മുടേത്. നിഷ്കളങ്കമായും ആത്മാർഥമായും ശുശ്രൂഷ ചെയ്യുന്ന തലവനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട കാരണങ്ങളാൽ ചോദ്യംചെയ്യുന്ന പ്രവണതയിൽനിന്നു മാറിനിൽക്കണം.
ആരെങ്കിലും പറഞ്ഞതുകൊണ്ടു തലവനെ മാറ്റിനിർത്തുന്ന, മാറ്റിനിർത്തപ്പെടേണ്ട സാഹചര്യം വന്നാൽ ഞങ്ങളെപ്പോലെയുള്ള മെത്രാന്മാരുടെ ശുശ്രൂഷയിൽ കാര്യമുണ്ടെന്നു വിചാരിക്കുന്നില്ല. സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്. സീസറിന്റെ ശക്തി സന്പത്താണ്, നാണയമാണ്. സീസറിന്റെ ഇമേജ് നാണയത്തിലാണ്. ദൈവത്തിന്റെ ഇമേജ് നമ്മളിലാണ്.
നമ്മുടെ ഇമേജ് എന്നാൽ സഭയുടെ ഇമേജ്. അതു ദൈവത്തിന്റെ ഇമേജ് തന്നെയാണ്. സീസർ പ്രത്യക്ഷപ്പെടുന്നത് നാണയത്തിലാണ്. ദൈവം പ്രത്യക്ഷപ്പെടുന്നതു നമ്മളിൽക്കൂടിയാണ്, മനുഷ്യരിലൂടെയാണ്, ഈ പ്രപഞ്ചത്തിലൂടെയാണ്.
അൽഫോൻസാമ്മയുടെ തിരുനാളിൽ ഒന്നിക്കുന്പോൾ സഭാഗാത്രത്തിന്റെ ഒരുമയ്ക്കുവേണ്ടിയുള്ള ശക്തമായ ചിന്തകളായിരിക്കണം ഇവിടെ പ്രഘോഷിക്കപ്പെടേണ്ടത്.
വിഭജിച്ചുനിന്നുകൊണ്ട് നമുക്ക് ഒന്നും നേടാനാകില്ല. അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം വളരെ ആവശ്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.