ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍ (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ശ്ലീഹാക്കാലം ഏഴാം ഞായര്‍ സുവിശേഷ സന്ദേശം

ജറുസലേമിലേക്ക് പോകുന്ന വഴിയില്‍ യേശു പട്ടണങ്ങളിലും ഗ്രാമങ്ങിലും പ്രസംഗിക്കുന്നു. ചിലര്‍ മാത്രമേ രക്ഷപ്പെടുകയുളേളാ എന്ന് ആരോ ചോദിക്കുമ്പോല്‍ യേശു പറയുന്നത് ദൈവരാജ്യത്തിന്റെ വാതില്‍ ഇടുങ്ങിയതാണെന്നാണ്. അതില്‍ പ്രവേശിക്കാന്‍ കഠിനമായി പ്രയത്‌നിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം ഉള്ളത്.

ഇന്നത്തെ സുവിശേഷ വായന
ലൂക്ക 13. 22 – 30

പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലേമിലേക്കു യാത്രചെയ്യുകയ്യിരുന്നു. ഒരുവന്‍ അവനോട് ചോദിച്ചു: കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോട് പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോട് പറയുന്നു, അനേകര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല. വീട്ടുടമസ്ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നുപറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോട് പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍. അബ്രഹാമും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറന്തള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും. അപ്പോള്‍ മുന്‍പന്മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.

സുവിശേഷ വിചിന്തനം

യേശു ജറൂസലേമിലേക്കു പല തവണ പോയിട്ടുണ്ട്. എന്നാല്‍ ഇത് യേശുവിന്റെ അവസാന യാത്രയാണ്. പീഡകളുടെയും മരണത്തിന്റെയും പാതയിലൂടെ രക്ഷ നേടിക്കൊടുക്കുന്ന യാത്രയാണ്. എങ്ങനെയാണ് ഇടുങ്ങിയ വഴിയിലൂടെ പ്രവേശിക്കുന്നതെന്ന് യേശു കാണിച്ചു തരുന്നു. ജറൂസലേമിലേക്കുള്ള വഴിയില്‍ യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരുന്നു. സിനഗോഗുകളിലും അവിടുന്ന് പഠിപ്പിക്കാറുണ്ടായിരുന്നെങ്കിലും അവിശ്വാസികളോടും വിജാതീയരോടും ദേവാലയത്തിലേക്ക് യാത്ര ചെയ്യാന്‍ കഴിവില്ലാത്തവരോടും പ്രസംഗിക്കാന്‍ അവിടുന്ന് പ്ട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ചെ്ന്നു.

അങ്ങനെ ഒരു അവസരത്തിലാണ് ഒരാള്‍ വന്ന് രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ? എന്നു ചോദിക്കുന്നത്. അക്കാലത്തെ പൊതുവായ പഠനം അനുസരിച്ച് യഹൂദര്‍ മാത്രമാണ് രക്ഷയ്ക്ക് യോഗ്യര്‍. വിജാതീയര്‍ക്ക് രക്ഷ അവകാശമില്ല. എന്നാല്‍, യേശുവിന്റെ പാഠം ്‌വ്യത്യസ്തമാണ്. ആ വ്യക്തിയുടെ ചോദ്യത്തിന് യേശു വ്യക്തമായ ഉത്തരം പറയുന്നില്ല. എന്നാല്‍ ചോദ്യകര്‍ത്താവിനും കേള്‍വിക്കാര്‍ക്കും രക്ഷയെ കുറിച്ചുള്ള വ്യക്തമായ ധാരണ നല്‍കും വിധമുള്ള മറുപടിയാണ് യേശു നല്‍കുന്നത്.

ഇടുങ്ങിയ വാതിലിലൂടെ

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിന്‍ എന്നാണ് യേശു നല്‍കുന്ന സന്ദേശം. സാധാരണ വാതിലിലൂടെ കടന്നു പോകുന്നതു പോലെ അത്ര എളുപ്പമല്ല അത്. വലിയ അധ്വാനവും പരിശ്രമവും ആവശ്യമുള്ള കാര്യമാണത്. മത്സരത്തിന് വേണ്ടി വലിയ ഒരുക്കം നടത്തുന്ന കായികതാരത്തെ പോലെയാണത്.

പലരും വിശാലമായ വഴിയിലൂടെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാനാകം ശ്രമിക്കുക. മറ്റു ചിലര്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കുമെങ്കിലും നിരന്തരം പരിശ്രമുന്നതിനുള്ള ശക്തി പോരാത്തതിനാല്‍ പരാജയപ്പെടും. യേശുവിന്റെ പരസ്യജീവിത കാലത്ത് അനേകര്‍ അവിടുത്തെ അനുഗമിച്ചിരിക്കുന്നെങ്കിലും യേശുവിന്റെ പാഠങ്ങള്‍ കഠിനമാണെന്നു പറഞ്ഞു പിന്നീട് ഉപേക്ഷിച്ചു പോയിക്കളഞ്ഞു. പ്രത്യേകിച്ച് വി. കുര്‍ബാനയെ കുറിച്ചുള്ള യേശുവിന്റെ പാഠം കേട്ട് പലരും അവിടുത്തെ വിട്ട് പോയി. പില്‍ക്കാലത്ത് മതപീഡനം ഉണ്ടായപ്പോള്‍ അനേകം പേര്‍ ്ക്രിസ്തുവിശ്വാസം വിട്ടു പോയി.

സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ മറ്റു ചിലര്‍ പരാജയപ്പെടാന്‍ കാരണം കൃത്യസമയത്ത് പ്രവര്‍ത്തിക്കാന്‍ മടിക്കുന്നതാണ്. ദൈവത്തിന് ഒരു സമയമുണ്ട്. ആ സമയത്ത് നാം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവിടുന്ന് വാതില്‍ അടച്ചു കളയും. അതിനാല്‍ മാനസാന്തരവും അനുരഞ്ജനവും നീട്ടി നീട്ടി വയ്ക്കരുത്.

ഈ വാതില്‍ ഒരിക്കല്‍ അടയ്ക്കപ്പെടും

ഇടുങ്ങിയ വാതില്‍ എന്നേക്കും തുറന്നിരിക്കുകയില്ല. തന്റെ ഭവനത്തിന്റെ നാഥനായി ദൈവം നിയോഗിച്ചിരിക്കുന്നത് യേശുവിനെയാണ്. ദൈവപിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുന്ന യേശു ഒരിക്കല്‍ എഴുന്നേറ്റ് സ്വര്‍ഗത്തിന്റെ വാതില്‍ അടയ്ക്കും. അതിനാല്‍ പശ്ചാത്താപം നീട്ടി വയ്ക്കരുത്.

പ്രവര്‍ത്തികളില്ലാതെ യേശുവിനെ വെറുത അനുഗമിക്കുന്നവരും സ്വര്‍ഗരാജ്യം അവകാശമാക്കണമെന്നില്ല. വൈകിയെത്തി വാതിലില്‍ മുട്ടുന്നവരോട് ഞാന്‍ നിങ്ങളെ അറിയുകയില്ല എന്ന് അവിടുന്നു പറയുന്നുണ്ട്. സത്യത്തില്‍, സര്‍വജ്ഞനായ യേശുവിന് അവരെ അറിയാം. എന്നാല്‍ അവര്‍ യേശുവിനുള്ളവരല്ല. അവര്‍ പള്ളിയിലും ശുശ്രൂഷകള്‍ക്കും വരുന്നുണ്ടാകാം. പക്ഷേ, യേശുവന്റെ വചനങ്ങള്‍ അനുസരിക്കുന്നുണ്ടാകില്ല. ന്ല്ല സമരിയാക്കാരനെ പോലെ യേശുവിന്റെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നുണ്ടാകില്ല.

ഞാന്‍ നിന്നോട് കൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തിട്ടുണ്ട്് എന്ന് ചിലര്‍ പറയും. ഇത് വി. കുര്‍ബാനയില്‍ പങ്കുകൊണ്ടവരെ കുറിച്ചും ആകാം. ഇതു കൊണ്ട് മാത്രം കാര്യമില്ല. ദൈവ വചനം അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാനം. ക്രിസ്തീയമായ ഫലങ്ങള്‍ ജീവിതത്തില്‍ ഉളവാക്കണം. അതാണ് രക്ഷാകരമായ അടയാളം.

യഹൂദര്‍ അബ്രഹാമിനെയും ഇസഹാക്കിനെയും യാക്കോബിനെയും കുറിച്ച് അഭിമാനമുള്ളവരായിരുന്നു. തങ്ങള്‍ ഇവരുടെ പിന്‍ഗാമികളായിരുന്നതിനാല്‍ തങ്ങളുടെ രക്ഷ ഉറപ്പാണെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ യേശു പറയുന്നു, പിതാക്കന്മാര്‍ സ്വര്‍ഗത്തില്‍ ഉപവിഷ്ടരാകുമെങ്കിലും യേശുവിനെ രക്ഷകനായി സ്വീകരിക്കാത്ത യഹൂദര്‍ പുറംതള്ളപ്പെടും. യഹൂദ പൈതൃകം വഴിയല്ല രക്ഷ വരുന്നത്, യേശുവിനെ പിന്‍ചെന്ന് വിശ്വാസജീവിതം നയിക്കുന്നത് വഴിയാണ്.

പുറം തള്ളപ്പെട്ടവര്‍ വിലാപവും പല്ലുകടിയുമുള്ള സ്ഥലത്തേക്ക് എറിയപ്പെടും. ഇത് ദൈവരാജ്യത്തില്‍ നിന്ന് പുറത്താക്കപ്പെടുക എന്ന വലിയ ദുഖത്തിന്റെ പ്രതിഫലനമാണ്. പല്ലുകടി എന്നത് ശാരീരികവും മാനസികവുമായ വലിയ വേദനയുടെ പ്രകടനമാണ്.

മുന്‍പന്മാര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുമ്പന്മാരും ആയിത്തീരും

അതേ സമയം കഴിക്കു നിന്നും പടിഞ്ഞാറ് നിന്നും വടക്കു നിന്നും തെക്കു നിന്നും അനേകര്‍ വന്ന് സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. ഇതു കൊണ്ടാണ് ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ പോയി സുവിശേഷം പ്രസംഗിക്കാന്‍ യേശു ശിഷ്യന്മാരെ ചുമതലപ്പെടുത്തുന്നത്.

മുന്‍പന്മാര്‍ പിന്‍പന്മാരും പിന്‍പന്മാര്‍ മുമ്പന്മാരും ആയിത്തീരും എന്ന് യേശു പറയുന്നു. ബൈബിള്‍ പ്രകാരം യഹൂദരാണ് ദൈവസന്നിധിയില്‍ മുമ്പന്മാര്‍. വിജാതീയര്‍ പിമ്പന്മാരുമാണ്. എന്നാല്‍ യേശുവിനെ സംബന്ധിച്ച് വിജാതീയര്‍ യഹൂദരെ പോലെ തന്നെ സ്വര്‍ഗരാജ്യത്തിന് അര്‍ഹരാണ്. അവര്‍ സുവിശേഷം സ്വീകരിച്ചാല്‍ അവര്‍ രക്ഷ പ്രാപിക്കും.

സന്ദേശം

തന്റെ ദൗത്യം പൂര്‍ത്തിയാക്കാനായി യേശു ഗലീലിയില്‍ നിന്ന് ജറുസലേമിലേക്ക് നേരെ പോയില്ല. പോകുന്ന വഴിയില്‍ അവിടുന്ന് പട്ടണങ്ങളിലും ഗ്രാമങ്ങളിലും സുവിശേഷം പ്രസംഗിച്ചു. നഷ്ടപ്പെട്ട ആടുകളെ അന്വേഷിച്ചു. സ്വര്‍ഗം ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്നവരുടെ മാതൃകയാണവിടുന്ന്. സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ നാം അശരണരുടെയും ദരിദ്രരുടെയും ആവശ്യങ്ങള്‍ പരിഗണിക്കണം. അവരോട് യേശുവിന്റെ സ്‌നേഹത്തെ കുറിച്ച് പറയണം. ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണം യേശു തന്നെയാണ്. അവിടുത്തെ ആത്മത്യാഗമാണ് നമുക്കുള്ള മാതൃക. ഇന്നത്തെ സുവിശേഷത്തിന്റെ കാതലായ സന്ദേശം സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ പരിശ്രമിക്കുക എന്നതാണ്. അതിനു വേണ്ടി നാം പരമാവധി ഊര്‍ജസ്വലതയോടെ പരിശ്രമിക്കണം. വെറുതെ വചനം കേള്‍ക്കുന്നവരും പള്ളിയില്‍ പോകുന്നവരും മാത്രം ആയാല്‍ പോര നാം. വിശുദ്ധരെ അനുകരിച്ച് നാം ദൈവ സേവനത്തിനായി സ്വയം സമര്‍പ്പിക്കണം. ഈ നിമിഷം തന്നെയാണ് ക്രിസ്തീയ ജീവിതം ജീവിക്കാന്‍ ഏറ്റവും നല്ല സമയം. നാളെ നമ്മള്‍ ഉണ്ടാകുമോ എന്ന് നമുക്ക് അറിയില്ലല്ലോ.

പ്രാർത്ഥന

കർത്താവായ യേശുവേ,

ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാനാണല്ലോ അങ്ങ് ഞങ്ങൾക്ക് നൽകിയിരിക്കുന്ന ആഹ്വാനം. വിശാലമായ വാതിലിലൂടെ പ്രവേശിക്കുക എളുപ്പമാണ്. ലോകത്തിലുള്ള ഭൂരിഭാഗം ആളുകളും പ്രയത്‌നിക്കുന്നതും വിശാലമായ, സുഖകരമായ വാതിലിലൂടെ പ്രവേശിക്കുവാൻ വേണ്ടിയാണ്. ഞങ്ങളും അവരിൽ നിന്ന് വ്യത്യസ്തരല്ല എന്ന് ഞങ്ങൾ ഏറ്റുപറയുന്നു. പ്രയാസങ്ങൾ ഏറ്റെടുക്കാനും ദാരിദ്ര്യം സഹിക്കാനും ഞങ്ങൾ പലപ്പോഴും സന്നദ്ധരല്ല. കർത്താവേ, അങ്ങയുടെ അരൂപിയെ അയച്ച് ഞങ്ങളുടെ ഹൃദയത്തെ പ്രകാശിപ്പിക്കണമേ. വിവേകത്തോടെ ജീവിതത്തെ കാണുവാൻ ഞങ്ങൾക്ക് കൃപ തരണമേ. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളെ സധൈര്യം ഏറ്റെടുത്ത് മുന്നേറാനും ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാനും ഞങ്ങളെ ശക്തപ്പെടുത്തണമേ.

ആമ്മേൻ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles