വിദ്യാഭ്യാസ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: മാർ താഴത്ത്
തൃശൂർ: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തു ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ നിരന്തരം ധ്വംസിക്കപ്പെടുകയാണന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. ഭരണഘടന ഉറപ്പുനല്കുന്ന വിദ്യാഭ്യാസ അവകാശങ്ങളുടെ കാര്യത്തിൽ സർക്കാരുമായി സന്ധിചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. ഖാദർ കമ്മീഷൻ റിപ്പോർട്ടും ഹയർ സെക്കൻഡറി ലയനവും വിദ്യാഭ്യാസ രംഗത്തു നിലവാരത്തകർച്ച സൃഷ്ടിക്കുമെന്നും മാർ താഴത്ത് കൂട്ടിച്ചേർത്തു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിൽ വിഷയം അവതരിപ്പിച്ചു. ഫാ. ആന്റണി ചെമ്പകശേരി, ഫാ. ജോജോ തൊടുപറമ്പിൽ, ജോഷി വടക്കൻ, ഡി.ആർ. ജോസ്, പി.ഐ. ലാസർ മാസ്റ്റർ, പി.ഡി. വിൻസെന്റ്, ബിജു ആന്റണി എന്നിവർ പ്രസംഗിച്ചു. വിവിധ രൂപതകളിൽനിന്നായി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. ഹയർസെക്കൻഡറി ലയനം ഉപേക്ഷിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സദസ്.