കൊളംബിയയില്‍ ഹെലിക്കോപ്റ്റര്‍ വഴി ഭൂതോച്ചാടനം
തിന്മയും അക്രമവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊളംബിയയിലെ ഒരു നഗരത്തില്‍ ഈ ആഴ്ച ഹെലിക്കോപ്റ്ററില്‍ കയറി മെത്രാന് ഭൂതോച്ചാടന കര്‍മം നിര്‍വഹിക്കുന്നു. ബൊനവെഞ്ചുര എന്ന രൂപതയിലെ ബിഷപ്പ് റൂബന്‍ ഡാരിയോ മൊണ്ടോയ ആണ് ഹെലിക്കോപ്റ്ററില്‍ കയറി നഗരമൊട്ടാകെ ഹന്നാന്‍ വെള്ളം തളിച്ചു കൊണ്ട് തിന്മയെ അകറ്റുന്നത്.
ഈയിടെ ഒരു പത്തുവയസ്സുകാരിയെ അവളുടെ അമ്മാവന് മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതാണ് പെട്ടെന്നു തന്നെ ഭൂതോച്ചാടന കര്‍മം നടത്താന്‍ മെത്രാനെ പ്രേരിപ്പിച്ചത്.
‘നമുക്ക് ബൊനവെഞ്ചുരയിലെ പിശാചുക്കളെ പുറത്താക്കണം. കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചായുണ്ടായ കുറ്റകൃത്യങ്ങള്‍ വഴി തിന്മയുടെ പിടിയില്‍ അകപ്പെട്ട ബൊനവെഞ്ചുര നഗരത്തെ ഹന്നാന്‍ വെള്ളമൊഴിച്ച് ശുദ്ധീകരിക്കണം. ദൈവാനുഗ്രഹം വരികയും നമ്മുടെ തെരുവുകളില്‍ നിന്ന് തിന്മയുടെ ശക്തികളെ ആട്ടിപ്പായിക്കുകയും ചെയ്യട്ടെ’ ബിഷപ്പ് റൂബന്‍ പറഞ്ഞു.
2019 ല്‍ മാത്രം 51 കൊലപാതകങ്ങളാണ് ഈ നഗരത്തില്‍ ഉണ്ടായത്. 80 ശതമാനം മനുഷ്യരും ദാരിദ്ര്യത്തിലാണ് വസിക്കുന്നത്.