പശ്ചാത്തപിക്കുന്നില്ലെങ്കിൽ നമ്മെ കാത്തിരിക്കുന്നത് എന്ത്? (SUNDAY HOMILY)

ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ശ്ലീഹാക്കാലം ആറാം ഞായര്‍ സുവിശേഷ സന്ദേശം

ഈ സുവിശേഷഭാഗത്തുള്ള രണ്ട് സുപ്രധാന സന്ദേശങ്ങളാണ് പശ്ചാത്താപവും നാശവും. ആദിമാതാപിതാക്കളുടെ പാപം മൂലം എല്ലാവരും പാപത്തോടും തിന്മയുടെ സ്വാധീനത്തോടു കൂടിയാണ് ജനിക്കുന്നത്. യേശു വന്ന് പറയുന്നത് എന്തെന്നാല്‍ എല്ലാവരും പശ്ചാത്തപിച്ച് തന്നിലൂടെ ദൈവത്തോട് അനുരഞ്ജനപ്പെടണം എന്നാണ്. അതുവഴി നിത്യനാശത്തില്‍ നിന്ന് രക്ഷ പ്രാപിക്കും.

ബൈബിള്‍ വായന
ലൂക്ക 12: 57 – 13: 5

എന്തുകൊണ്ട് നിങ്ങൾ ശരിയായി വിധിക്കുന്നില്ല? നീ നിന്റെ ശത്രുവിനോടുകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ, വഴിയിൽ വച്ചുതന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക: അല്ലെങ്കിൽ അവൻ നിന്നെ ന്യായിപന്റെ അടുത്തേക്കു കൊണ്ടുപോവുകയും ന്യായാധിപൻ നിന്നെ കാരാഗൃഹപാലകനെ ഏൽപിക്കുകയും അവൻ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെ നിന്നു പുറത്തുവരികയില്ല എന്ന് ഞാൻ നിങ്ങളോടു പറയുന്നു. ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളിൽ അവരുടെ രക്തം കൂടി പീലാത്തോസ് കലർത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ അവനെ അറിയിച്ചു. അവൻ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ് അവർ മറ്റെല്ലാ ഗലീലിയക്കാരെയുംകാൾ കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ  കരുതുന്നുവോ? അല്ല എന്നു ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും. അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞു വീണു കൊല്ലപ്പെട്ട ആ പതിനെട്ടുപേർ, അന്നു ജറുസലെമിൽ വസിച്ചിരുന്ന എല്ലാവരെയുംകാൾ കുറ്റക്കാരായിരുന്നു എന്നു നിങ്ങൾ വിചാരിക്കുന്നവോ? അല്ല എന്നു ഞാൻ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.

സുവിശേഷ വിചിന്തനം

യേശു കാലത്തിന്റെ അടയാളങ്ങളെ കുറിച്ച് സംസാരിക്കുകായിരുന്നു. പ്രകൃതിയുടെ അടയാളങ്ങള്‍ കണ്ട് ജനം കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ മിടുക്കരാണ്. എന്നാല്‍ വര്‍ത്തമാന കാലത്തിന്റെ അടയാളങ്ങള്‍ കണ്ടിട്ട് എന്തു കൊണ്ടാണ് മനസ്സിലാകാത്തത് എന്ന് യേശു ചോദിക്കുന്നു. വര്‍ത്തമാനകാലം എന്നാല്‍ മിശിഹായുടെ കാലമാണ്. പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കാനാണ് ഈ കാലത്തിന്റെ ആഹ്വാനം.

പതിവു പോലെ യേശു അനുദിന ജീവിതത്തില്‍ നിന്ന് ഉദാഹരണങ്ങള്‍ തെരഞ്ഞെടുത്താണ് അവതരിപ്പിക്കുന്നത്. നിത്യശിക്ഷ ഒഴിവാക്കാന്‍ ദൈവത്തോട് രമ്യതപ്പെടണം. അനുരഞ്ജനപ്പെട്ടില്ലെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടും. പാപികളും സ്വാര്‍ത്ഥരുമായവരെ സംബന്ധിച്ച് യേശു ഒരു എതിരാളിയാണ്. ന്യായാധിപനായ ദൈവത്തിന്റെ സന്നിധിയില്‍ എത്തുന്നതിന് മുമ്പ് അവര്‍ യേശുവുമായി രമ്യതയിലാകണം. അനുരഞ്ജനത്തിനുള്ള സമയം അതിവേഗം കഴിഞ്ഞു കൊണ്ടിരിക്കുന്നു. ഇത് എല്ലാവര്‍ക്കും ബാധകമാണ്.

യേശു ഇവിടെ പറയുന്ന ഉപമ ശുദ്ധീകരണ സ്ഥലത്തിന്റെ സൂചന നല്‍കന്നതാണ്. അവസാനത്തെ ചില്ലുത്തുട്ട് കൊടുത്തുവീട്ടുന്നത് വരെ അവന്‍ അതില്‍ നിന്ന് പുറത്തുവരികയില്ലെന്ന് യേശു പറയുന്നു. കൂദാശകള്‍ വഴി, പ്രത്യേകിച്ച് കുമ്പസാരം വഴി പാപം ക്ഷമിക്കപ്പെടുന്നുവെങ്കിലും പാപത്തിന്റെ കറകള്‍ നീങ്ങണമെങ്കില്‍ ശുദ്ധീകരണം ആവശ്യമാണ്.

ശിക്ഷയെ കുറിച്ചുള്ള യേശുവിന്റെ പാഠത്തിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. റോമന്‍ ഭരണത്തിനെതിരെ യഹൂദരുടെ ഇടയില്‍ നിന്ന് ഒരു വിപ്ലവം രൂപമെടുക്കുന്നുണ്ടായിരുന്നു. ബൈബിള്‍ പ്രകാരം ഇസ്രായേല്‍ നേരിട്ട ആക്രമണങ്ങളും അടിമത്തവുമെല്ലാം അവരുടെ പിതാക്കന്മാര്‍ ദൈവത്തോട് നടത്തിയ ഉടമ്പടിയുടെ ലംഘനത്തിന്റെ ഫലമായിരുന്നു. അവര്‍ പാപം ചെയ്തപ്പോള്‍ അവരുടെ മേലുള്ള സംരക്ഷണം ദൈവം എടുത്തു മാറ്റി. അവര്‍ പശ്ചാത്തപിച്ച് ദൈവത്തിങ്കലേക്ക് മടങ്ങിയപ്പോള്‍ ദൈവം അവരുടെ മധ്യേ നിന്ന് നേതാക്കന്മാരെ ഉയര്‍ത്തി അവരെ രക്ഷിച്ചു. യേശുവിന്റെ ലക്ഷ്യം റോമന്‍ ഭരണത്തില്‍ നിന്ന് യഹൂദരെ രക്ഷിക്കുക ആയിരുന്നില്ല, മറിച്ച് ആത്മീയമായ രക്ഷയായിരുന്നു. യേശുവിന്റെ പ്രവചനം അനുസരിച്ച് ഏഡി 70ല്‍ അതായത് യേശുവിന്റെ പ്രവചനത്തിന് ശേഷം 40 വര്‍ഷം കഴിഞ്ഞ് ജറുസലേം ദേവാലയം തകര്‍ന്നു പോയി.

പീലാത്തോസിന്റെ കാലത്ത്് മതപരമായ ചടങ്ങുകള്‍ക്കിടയില്‍ പീലാത്തോസിന്റെ പടയാളികള്‍ യഹൂദരെ കൊന്നു കളഞ്ഞതായി ചരിത്ര രേഖകളൊന്നുമില്ല. എന്നാല്‍ ചരിത്രകാരനായ ജോസഫൂസിന്റെ രചനകളില്‍ മൗണ്ട് ഗരീസിമില്‍ ആരാധന നടത്തിയ സമരിയാക്കാരെ പീലാത്തോസ് വധിച്ചതായി പറയുന്നുണ്ട്. മറ്റൊരു അവസരത്തില്‍ ദേവാലയത്തിലെ പണം ജറുസലേമിലെ ഓവുചാല്‍ പുനരുദ്ധാരണത്തിന് ഉപയോഗിക്കുന്നത് എതിര്‍ത്ത യഹൂദരെ പീലാത്തോസ് വധിച്ചതായും പറയുന്നുണ്ട്.

കൊല്ലപ്പെട്ടവരെ കുറിച്ച് സംസാരിക്കുന്ന അവസരത്തില്‍ യേശു ചോദിക്കുന്നത് അവര്‍ ഗലീലിയില്‍ ഉള്ള മറ്റെല്ലാവരെയും കാള്‍ വലിയ പാപികളായിരുന്നോ എന്നാണ്. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ എല്ലാവരും അതു പോലെ നശിക്കും എന്ന് അവിടുന്ന് പ്രവചിക്കുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ഏഡി 70 ല്‍ സംഭവിക്കുകയും ചെയ്തു. പതിനൊന്ന് ലക്ഷത്തോളും യഹൂദര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ അടിമകളായി റോമിലേക്ക് കൊണ്ടു പോകപ്പെട്ടു.

മറ്റൊരു സംഭവം യേശു പറയുന്നത് സീലോവായലെ ഗോപുരം ഇടിഞ്ഞു വീണ് കൊല്ലപ്പെട്ടവരെ കുറിച്ചാണ്. ഈ ഗോപുരം മിക്കവാറും ജറുസലേമിലെ സീലോവായിലെ കുളത്തിലേക്കുള്ള ഓവുചാലിനോട് ചേര്‍ന്നുള്ളതാവാം. ഗലീലിയക്കാര്‍ക്ക് മാത്രമല്ല, ജറുസലേംകാര്‍ക്കും ദുരന്തം സംഭവിച്ചു. പീലാത്തോസ് ദേവാലയഭണ്ഡാരത്തില്‍ നിന്ന് പണമെടുത്ത് നിര്‍മിച്ചതിനുള്ള ദൈവശിക്ഷയാണിത് എന്ന് ചിലര്‍ ആരോപിച്ചു. അക്കാലത്ത് എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നവര്‍ പാപികളാണ് എന്ന് വിധിയെഴുതുന്ന പതിവ് യഹൂദര്‍ക്കുണ്ടായിരുന്നു. എന്നാല്‍ യേശു അവരെ തിരുത്തുന്നു. ഗോപുരം ഇടിഞ്ഞു വീണു മരിച്ചവര്‍ മറ്റുള്ളവരെക്കാള്‍ പാപികള്‍ ആയിരുന്നില്ല. നിരപരാധികള്‍ക്കു പോലും അത്യാഹിതം വരാം എന്ന് യേശു വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ യേശു ഒരു കാര്യം പറയുന്നുണ്ട്. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളും അതു പോലെ നശിക്കും. റോമാക്കാര്‍ ജറുസലേം ആക്രമിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ അതില്‍ ഉള്‍പെട്ടില്ല. യഹൂദരുടെ പീഡനം മൂലം അവര്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. ‘സ്‌തെഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടപ്പോള്‍ ഫിനിഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങളിലേക്ക് അവര്‍ സഞ്ചരിച്ചു.’ (അപ്പ. 11. 19).

പശ്ചാത്താപത്തിന്റെ അര്‍ത്ഥം ബൈബിളില്‍

പഴയ നിയമത്തിലും പുതിയ നിയമത്തിലും സുപ്രധാനമായൊരു പ്രമേയമാണ് പശ്ചാത്താപം. ഇസ്രായേല്‍ക്കാര്‍ ദൈവത്തില്‍ നിന്നും അകന്നുപ്പോഴെല്ലാം ദൈവം തന്റെ പ്രവാചകരെ അയച്ച് പശ്ചാത്താപത്തിലേക്കും അനുരഞ്ജനത്തിലേക്കും ക്ഷണിച്ചിരുന്നു. സ്‌നാപക യോഹന്നാന്റെ ആഹ്വാനം പശ്ചാത്താപത്തിനു വേണ്ടിയായിരുന്നു. യേശുവും ശിഷ്യന്മാരും മാനസാന്തരത്തിനു വേണ്ടി ആഹ്വാനം ചെയ്തു. പശ്ചാത്താപം അഥവാ മാനസാന്തരത്തിന്റെ ഗ്രീക്ക് വാക്ക് മെത്തനോയിയ എന്നാണ്. മനസ്സ് മാറുക, പെരുമാറ്റം മാറുക എന്നെല്ലാമാണ് ആ വാക്കിന്റെ അര്‍ത്ഥം.

ബൈബിളില്‍ നാശത്തിന്റെ അര്‍ത്ഥം

ആദിമാതാപിതാക്കളുടെ പാപത്തിന്റെ ഫലമായിട്ടാണ് ഭൂമിയില്‍ സാത്താന്റെ സ്വാധീനവും പാപവും രോഗവും മരണവും വന്നത്. യേശു നമ്മെ ആത്മീയമായ രക്ഷപ്പെടുത്തി. എന്നിരുന്നാലും നാം മനപൂര്‍വം അവിടുത്തെ രക്ഷ ത്യജിച്ചാല്‍ നാം നിത്യമായി നശിക്കും. അപ്പോളുമി എന്നവാക്കാണ് നാശത്തെ സൂചിപ്പിക്കാന്‍ ഗ്രീക്ക് ഭാഷയില്‍ ഉപയോഗിക്കുന്നത്. അതിന്റെ അര്‍ത്ഥം നഷ്ടം എന്നാണ്. ഉത്ഭവപാപം മൂലം നാം നഷ്ടപ്പെട്ടവരാണെങ്കിലും യേശു നമ്മെ തന്റെ പരിത്രാണപ്രവര്‍ത്തി വഴി രക്ഷിച്ചിരിക്കുന്നു.

സന്ദേശം

മാനസാന്തരത്തിനു വേണ്ടിയുള്ള യേശുവിന്റെ ആഹ്വാനം ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരു പോലെ ബാധകമാണ്. എന്നാല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതിനു ശേഷവും നമ്മില്‍ പാപം ചെയ്യാനുളള ചായ്‌വ് ഉണ്ട്. കുമ്പസാരം ഉപയോഗിച്ച് നാം അനുരഞ്ജനപ്പെട്ട് ശുദ്ധി കാത്തു പാലിക്കണം.

ഇനി ഒരു അവസരം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നമ്മുടെ മാനസാന്തരം നീട്ടി നീട്ടി വയ്ക്കരുത്.

നാം ദൈവവചനത്തെ സ്വീകരിക്കുന്നോ ഉപേക്ഷിക്കുന്നോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നമ്മുടെ അന്ത്യവിധി.

പശ്ചാത്താപത്തോടൊപ്പം പാപത്തിന് പരിഹാരം ചെയ്യുകയും വേണം.

 

പ്രാര്‍ത്ഥന

കരുണാമയനായ ഈശോയെ,

പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശമാണ് ഫലം എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞങ്ങള്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു. ഞങ്ങള്‍ ചെയ്തു പോയ തെറ്റുകളെയും പാപങ്ങളെയും പ്രതി ഞങ്ങള്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. പാപങ്ങള്‍ ഉപേക്ഷിച്ച് അങ്ങയുടെ പക്കലേക്ക് തിരിയുകയാണ് ജ്ഞാനം എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പാപം നിറഞ്ഞ ഈ ലോകത്തില്‍ വിശുദ്ധിയില്‍ ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്‍കണമേ. പശ്ചാത്താപത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാനും ഞങ്ങളുടെ വെളിച്ചം ലോകത്തിന്റെ മുന്നില്‍ പ്രകാശിക്കും വിധം വിശുദ്ധജീവിതം നയിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles