അത്ഭുതങ്ങളിൽ സംശയമുണ്ടോ? ഈ വിശുദ്ധരുടെ ജീവിതം നോക്കൂ!
വി. കപ്പുര്‍ത്തീനോ: പറക്കുന്ന വിശുദ്ധന്‍
സ്വകാര്യമായി ഉയര്‍ന്നു പൊങ്ങിയിരുന്ന വിശുദ്ധരെ പോലെ ആയിരുന്നില്ല, വി. കപ്പുര്‍ത്തീനോ. അനേകം ആളുകള്‍ നോക്കി നില്‍ക്കെ, പതിവായി അദ്ദേഹം വായുവില്‍ ഉയര്‍ന്നു പൊങ്ങിയിരുന്നു. വി. കുര്‍ബാന അര്‍പ്പിക്കുന്ന വേളയിലോ യാമപ്രാര്‍ത്ഥന ചൊല്ലുമ്പോഴോ യേശുവിന്റെയോ ഏതെങ്കിലും വിശുദ്ധരുടെയോ പേര് ഉച്ചരിക്കുന്ന മാത്രയില്‍ വി. കപ്പുര്‍ത്തീനോ ആനന്ദാതിരേകത്താല്‍ വിസ്മൃതിയിലാണ്ടു പോവുകയും വായുവില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചത് ഒരു പ്രദക്ഷണം കടന്നു പോയ വേളയില്‍ ആ പട്ടണത്തിലെ ജനം മുഴുവന്‍ നോക്കി നില്‍ക്കേയായിരുന്നു. മറ്റൊരിക്കല്‍ അന്നത്തെ മാര്‍പാപ്പ വരെ ഈ അത്ഭുത പ്രതിഭാസത്തിന് സാക്ഷിയായി.
പ്രായശ്ചിത്തങ്ങളുടെ ക്രിസ്റ്റീന
പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ക്രിസ്റ്റീന ഔദ്യോഗികമായി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ലെങ്കിലും ജീവിതകാലത്ത് ജനം അവരെ വിശുദ്ധയായി കണക്കാക്കിയിരുന്നു. അവള്‍ക്ക് 20 വയസ്സുള്ളപ്പോള്‍ അപസ്മാരം വന്ന് അവള്‍ മരണപ്പെട്ടതു പോലെയായി. ശവസംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തി. കര്‍മങ്ങള്‍ ഏതാണ്ട് പകുതി ആയപ്പോള്‍ ക്രിസ്റ്റീന പൂര്‍ണ ആരോഗ്യത്തോടെ എഴുന്നേറ്റു വന്നു. തനിക്ക് സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും ശുദ്ധീകരണസ്ഥലത്തിന്റെയും അതീന്ദ്രിയ അനുഭവമുണ്ടായി എന്നാണ് അതിനെ കുറിച്ച് ക്രിസ്റ്റീന പറഞ്ഞത്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കും ഭൂമിയിലെ പാപികള്‍ക്കും വേണ്ടി പരിഹാരം ചെയ്യുന്നതിനും വേണ്ടിയാണ് താന്‍ തിരിച്ച് ജീവിതത്തിലേക്ക് വന്നത് എന്നാണ് അവള്‍ തന്റെ കുടുംബാംഗങ്ങളോട് പറഞ്ഞത്.
ശിഷ്ടജീവിതകാലം പരിഹാരം ചെയ്യുന്നതിനായാണ് അവള്‍ ചെലവഴിച്ചത്. സ്വയം തീച്ചൂളയിലേക്ക് എടുത്തു ചാടുക, കൊടുംതണുപ്പില്‍ അടുത്തുള്ള തണുത്തുറഞ്ഞ നദിയില്‍ നീന്തുക, ചിലപ്പോള്‍ ദിവസങ്ങളോളം വെള്ളത്തില്‍ കിടക്കുക തുടങ്ങിയ കാര്യങ്ങള്‍ അവള്‍ ചെയ്യുമായിരുന്നു. ഒരിക്കല്‍ നദിയിലെ ഒരു ജലചക്രത്തില്‍ അവള്‍ സ്വന്തം ശരീരം വിട്ടു കൊടുത്തു. അതിലൂടെ അവള്‍ കറങ്ങി. നായ്ക്കള്‍ അവളെ കടിക്കുകയും അവള്‍ മുള്ളിന്‍കൂട്ടത്തില്‍ കിടന്ന് ഉരുളുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഒന്നും സംഭവിക്കാതെ അതിനു ശേഷം തിരികെ വരികയും ചെയ്തിരുന്നു.
അലക്‌സാണ്‍ഡ്രിയയിലെ വി. കാതറിന്‍
മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജകുമാരി ആയിരുന്നു, കാതറിന്‍. അവിശ്വാസിയായിട്ടാണ് ബാല്യം ചെലവിട്ടതെങ്കിലും കൗമാരപ്രായത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം ഉണ്ടായതിനു ശേഷം കാതറിന്‍ ക്രിസ്തുവിനായി മൗതിക വിവാഹത്തിലേര്‍പ്പെട്ടു. ക്രിസ്തുമതവിശ്വാസം സ്വീകരിക്കുകയും ചെയ്തു.
അതിനു ശേഷം അവള്‍ റോമിലെ ചക്രവര്‍ത്തിയായിരുന്ന മാക്‌സെന്‍സിയൂസിനോട് ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് മതിയാക്കാന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ തത്വചിന്തകരെയും പ്രഭാഷകരെയും ചക്രവര്‍ത്തി കാതറിനെതിരെ അണിനിരത്തിയെങ്കിലും അവരെല്ലാം അവളുടെ മുന്നില്‍ മുട്ടുമടക്കി. അവളെ ശ്രവിച്ച പലരും ക്രിസ്തുമതവിശ്വാസം സ്വീകരിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി അവളെ ജയിലില്‍ അടച്ചു. അവിടെ വച്ചും അവള്‍ ഇരുനൂറോളം പേരെ വിശ്വാസത്തിലേക്ക് ആനയിച്ചു. തന്നെ വിവാഹം ചെയ്യുക അല്ലെങ്കില്‍ മരിക്കുക എന്ന് ചക്രവര്‍ത്തി അന്ത്യശാനസനം നല്‍കി. അവള്‍ അത് നിരസിച്ചു. കാതറിനെ കൊല്ലാനായി എല്‍പിച്ച പല്ലുകളുള്ള ചക്രം സ്വയം പൊട്ടിച്ചിതറി. തുടര്‍ന്ന് അവളുടെ തല വെട്ടാന്‍ കല്പനയായി. അങ്ങനെ കാതറിന്‍ ക്രിസ്തുവിശ്വാസത്തിനായി മരണം വരിച്ചു.
വി. വിന്‍സെന്റ് ഫെറര്‍:
മരിച്ചവരെ ഉയിര്‍പ്പിച്ച വിശുദ്ധന്‍.
മരിച്ചവരെ ഉയിര്‍പ്പിക്കുന്നതിനു സിദ്ധിയുണ്ടായിരുന്ന വിശുദ്ധനാണ് വി. വിന്‍സെന്റ് ഫെറര്‍. ഒരിക്കല്‍, ഒരു ശവശരീരം കിടത്തിയിരുന്ന ഒരു ദേവാലയത്തിലേക്ക് വിശുദ്ധന്‍ കയറിച്ചെന്നു. അനേകം ആളുകള്‍ നോക്കി നില്‍ക്കെ വിന്‍സെന്റ് അതിനെ നോക്കി കുരിശു
വരച്ചു. ആ ജഢം പെട്ടെന്ന് ജീവനുള്ളതായി മാറി. മറ്റൊരിക്കല്‍, മാരകമായ ഒരു തെറ്റ് ആരോപിക്കപ്പെട്ട് തൂക്കുമരം വിധിക്കപ്പെട്ടിരുന്ന ഒരാളെയും കൊണ്ട് കൊലമരത്തിലേക്ക് പോകുന്ന ഒരു ഘോഷയാത്ര വിശുദ്ധന്‍ കാണാനിടയായി. അയാള്‍ നിരപരാധിയാണെന്ന് വിശുദ്ധന് അറിയാമായിരുന്നു. അദ്ദേഹം ഉദ്യോഗസ്ഥരോട് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ആ സമയം അതു വഴി ഒരു ജഢം കൊണ്ടു പോകുന്നുണ്ടായിരുന്നു. വിന്‍സെന്റ് ആ ജഢത്തോട് ചോദിച്ചു: ‘ഈ മനുഷ്യന്‍ കുറ്റവാളിയാണോ?’ പെട്ടെന്ന് മരിച്ച മനുഷ്യന്‍ എഴുന്നേറ്റിരുന്നിട്ട് പറഞ്ഞു: ‘അല്ല!’ നിരപരാധിയെ രക്ഷിച്ചതിന് വിശുദ്ധന്‍ അയാള്‍ക്ക് ഒരു സമ്മാനം നല്‍കാന്‍ തുനിഞ്ഞെങ്കിലും അയാള്‍ പറഞ്ഞു: ‘എന്റെ രക്ഷയെ കുറിച്ച് എനിക്ക് ഉറപ്പ് ലഭിച്ചിരിക്കുന്നു’. അത് പറഞ്ഞിട്ട് അയാള്‍ വീണ്ടും മരണമടഞ്ഞു.
അതിമാനുഷശക്തിയുണ്ടായിരുന്ന
വി. പാദ്രേ പിയോ
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വലിയ വിശുദ്ധനാണ് പാദ്രേ പിയോ. അത്ഭുതകരമായ ദിവ്യശക്തികള്‍ ദൈവം അദ്ദേഹത്തിന് നല്‍കിയിരുന്നു. ഒരേ സമയം രണ്ട് സ്ഥലങ്ങളില്‍ അദ്ദേഹത്തിന് വ്യാപരിക്കാന്‍ കഴിവുണ്ടായിരുന്നു. കുമ്പസാരക്കൂട്ടില്‍ ഇരിക്കുമ്പോള്‍ മനുഷ്യരുടെ മനസ്സ് വായിക്കാനുള്ള കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വായുവില്‍ ഉയര്‍ന്ന് നില്‍ക്കുവാനും രോഗികളെ സൗഖ്യപ്പെടുത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഒരിക്കല്‍ അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രജ്ഞന്‍ പാദ്രേ പിയോയുടെ അടുക്കല്‍ കുമ്പസാരിക്കുവാന്‍ എത്തി. താന്‍ ഗണിതശാസ്ത്രജ്ഞനാണെന്ന കാര്യം പക്ഷേ അദ്ദേഹം വിശുദ്ധനോട് പറഞ്ഞില്ല. ഒരു പാപം എത്ര തവണ ചെയ്തു എന്ന കാര്യം ചോദിച്ചപ്പോള്‍ ഗണിതശാസ്ത്രജ്ഞന്‍ ഉരുണ്ടു കളിച്ചു. ഉടനെ വിശുദ്ധന്‍ പറഞ്ഞു: നിങ്ങളൊരു ഗണിതശാസ്ത്രജ്ഞനാണ്. എത്ര തവണ ചെയ്തു എന്ന് കൃത്യമായി ആലോചിച്ചുറപ്പിച്ചിട്ട് തിരിച്ചു വരിക.
മറ്റൊരിക്കല്‍, 1950 ല്‍ ഇറ്റലിയിലുള്ള തന്റെ ആശ്രമത്തിന് പുറത്ത് അദ്ദേഹം പോയിട്ടില്ലെന്ന് സഹസന്ന്യാസികള്‍ ഉറപ്പുനല്‍കിയപ്പോഴും അദ്ദേഹത്തെ വിസ്‌കോന്‍സിനില്‍ വച്ച് ഒരു സന്ന്യാസിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ കണ്ടു എന്ന് സാക്ഷ്യം ലഭിച്ചു. ഒരിക്കല്‍ പാദ്രേ പിയോ ഇതിനെ കുറിച്ച് പറഞ്ഞത്രേ: എനിക്ക് ഒരേ സമയം മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പ്രാര്‍ത്ഥിക്കാം, കുമ്പസാരം കേള്‍ക്കാം, ലോകത്തില്‍ ചുറ്റി സഞ്ചരിക്കാം!
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.