വാടക ഗർഭധാരണത്തിനുള്ള നിയമം റദ്ദാക്കണം: പ്രോലൈഫ് സമിതി
കൊച്ചി: വാടക ഗർഭധാരണത്തിന് രാജ്യത്തു നിയന്ത്രണമല്ല, നിലവിലെ നിയമം റദ്ദാക്കുകയാണു പ്രധാനപ്പെട്ടതെന്നു കെസിബിസി പ്രോലൈഫ് സമിതി. നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വാടകഗർഭധാരണ നിയന്ത്രണബില്ല് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.
മനുഷ്യജീവനെ ലാബിൽ ഉത്പാദിപ്പിക്കുന്ന വസ്തുവോ വിറ്റഴിക്കപ്പെടുന്ന വില്പന ചരക്കോ ആയി കാണാനാകില്ല. ഓരോ ജീവനും ദൈവത്തിന്റെ ദാനമാണ്. ദൈവമാണ് സ്രഷ്ടാവ്. ദമ്പതികൾ സഹസ്രഷ്ടാക്കളാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് പ്രതീക്ഷയാണ് വാടകഗർഭധാരണം എന്നവകാശപ്പെടുമ്പോഴും യഥാർഥ അമ്മ അണ്ഡം കൊടുത്തവളോ ഗർഭപാത്രം വാടകയ്ക്ക് നല്കുന്നവളോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. തലമുറകളുടെ വംശബന്ധം തന്നെ ചോദ്യം ചെയ്യപ്പെടുകയാണിവിടെ.
പ്രാദേശികതലത്തിൽ ഇതിനെതിരേ വിവിധ കർമപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പാലാരിവട്ടം പിഒസിയിൽ കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ ജോർജ് എഫ്. സേവ്യർ, സിസ്റ്റർ മേരി ജോർജ്, ട്രഷറർ ടോമി പ്ലാത്തോട്ടം, ഷിബു ജോണ് എന്നിവർ പ്രസംഗിച്ചു.