വിഡ്ഢിയായ ധനികന്റെ ഉപമയിലൂടെ യേശു എന്താണ് ഉദ്ദേശിച്ചത്? (SUNDAY HOMILY)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ശ്ലീഹാക്കാലം അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം
നിത്യജീവന് വില കല്‍പിക്കാതെ ഈ ലോകത്തിലെ സമ്പത്തിന്റെ പിന്നാലെ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് വിഡ്ഢിയായ ധനികന്റെ ഉപമയിലൂടെ യേശു നല്‍കുന്നത്. നമ്മുടെ ആയുസ്സ് നമ്മുടെ കൈയിലല്ല എന്ന് യേശു ഓര്‍മിപ്പിക്കുന്നു. ദൈവം അല്പായുസ്സുകളായ പൂക്കളെയും പക്ഷികളെയും എപ്രകാരം പരിപാലിക്കുന്നു എന്ന് നോക്കുക എന്നും അവയെക്കാന്‍ എത്രയോ വിലപ്പെട്ടവരാണ് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരെന്നും അവിടുന്ന് ഓര്‍മിപ്പിക്കുന്നു.
ഇന്നത്തെ സുവിശേഷ വായന
ലൂക്കാ 12. 16-34
ജനക്കൂട്ടത്തിനടയില്‍ നിന്ന്് ഒരുവന്‍ അവനോട് പറഞ്ഞു: ഗുരോ പതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോട് കല്‍പിക്കണമേ. യേശു അവനോട് ചോദിച്ചു: ഹേ മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവുമായി ആര് നിയമിച്ചു? അനന്തരം അവന്‍ അവരോട് പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാര്‍ത്തികളില്‍ നിന്നും അകന്നിരിക്കുവിന്‍. മനുഷ്യജീവിതം സമ്പത്തു കൊണ്ടല്ല ധന്യമാകുന്നത്. ഒരു ഉപമ അവന്‍ അവരോട് പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവ് നല്‍കി. അവന്‍ ഇങ്ങനെ ചിന്തിച്ചു. ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴിവന്‍ സൂക്ഷിക്കാന്‍ എനിക്ക് സ്ഥലമില്ലല്ലോ. അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും. എന്റെ അറപ്പുരകള്‍ പൊളിച്ച് കൂടുതല്‍ വലിയ പണിയും. അതില്‍ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം എന്റെ ആത്മാവിനോട് പറയും. ആത്മാവേ, അനേക വര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക. തിന്നു കുടിച്ച് ആനന്ദിക്കുക. എന്നാല്‍ ദൈവം അവനോട് പറഞ്ഞു, ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍ നിന്ന് ആവശ്യപ്പെടും. അപ്പോള്‍ നീ ഒരുക്കി വച്ചിരിക്കുന്നവ ആരുടേതാകും? ഇതു പോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കു വേണ്ടി സന്വത്ത് ശേഖരിക്കുന്നവനും.
സുവിശേഷ വിചിന്തനം
അതിനാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങളുടെ ജീവനെ പറ്റിയോ എന്തു ഭക്ഷിക്കുമെന്നോ എന്തു ധരിക്കുമെന്നോ ഓര്‍ത്ത് ആകുലപ്പെടേണ്ട. ജീവിതം ഭക്ഷണത്തേക്ക്ാളും ശരീരം വസ്ത്രത്തെക്കാളും വിലയുള്ളതല്ലേ എന്ന് യേശു ചോദിക്കുന്നു. പക്്ഷികളെയും പൂക്കളെയും കാത്തു പാലിക്കുന്ന ദൈവം എത്രയോ അധികമായി തന്റെ പ്രിയപ്പെട്ടവരായ മനുഷ്യരെ പരിപാലിക്കും എന്ന് യേശു ഓര്‍മിപ്പിക്കുന്നു. ആകുലപ്പെട്ടതു കൊണ്ട് ആയുസ്സിന്റെ നീളം ഒരു മുഴമെങ്കിലും നീട്ടാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?
ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം ഇതാണ്. ജനക്കൂട്ടത്തില്‍ നിന്നൊരുവന്‍ ഒരു കാര്യത്തില്‍ യേശുവിന്റെ മധ്യസ്ഥം തേടി എത്തുന്നു. തന്റെ സഹോദരനോട് പിതൃസ്വത്ത് നീതിയായി വിഭജിക്കാന്‍ യേശു ആവശ്യപ്പെടണം എന്നതായിരുന്നു അയാളുടെ അഭ്യര്‍ത്ഥന. അതായത് തങ്ങളുടെ കുടുംബസ്വത്ത് സന്തോഷം തരുന്നതിനേക്കാള്‍ പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷത്തിനും കാരണമാവുകയാണ് ചെയതത്.
ഭൂമിയിലെ സമ്പത്തിനെ കുറിച്ച് സംസാരിക്കാനല്ല യേശു ആഗ്രഹിച്ചത്. ആ സന്ദര്‍ഭം സമ്പന്നരുടെ ആര്‍ത്തിയെ കുറിച്ചും ദരിദ്രരുടെ ആകുലതയെ കുറിച്ചും പഠിപ്പിക്കാന്‍ യേശു ഉപയോഗിക്കുന്നു. പലപ്പോഴും സമ്പന്നര്‍ പീഡകരും ദരിദ്രര്‍ പീഡിതരുമായാണ് നാം കാണുന്നത്. സമ്പത്തിനു വേണ്ടിയുള്ള ആര്‍ത്തിയും അതിനെ കുറിച്ചുള്ള ആകുലതയും ആത്മീയ വളര്‍ച്ചയ്ക്കു തടസ്സമായി മാറാറുണ്ട്. ഈ സന്ദര്‍ഭത്തിലാണ് യേശു വിഡ്ഢിയായ ധനികന്റെ ഉപമ പറയുന്നത്.
വിഡ്ഢിയായ ധനികന്റെ ഉപമ
ലോകത്തിന്റെ കാഴ്ചപ്പാടില്‍ ധനികനായ ഒരു മനുഷ്യനെ കുറിച്ചാണ് യേശു ഇവിടെ പറയുന്നത്. അയാള്‍ക്ക് ഒരിക്കല്‍ വലിയൊരു വിളവ് ലഭിച്ചു. എന്നാല്‍ അയാള്‍ ഒരു കാര്യം മറന്നു പോയി. നല്ല കാലാവസ്ഥ ലഭിച്ചതും നല്ല മണ്ണ് ലഭിച്ചതും പണിക്കാര്‍ക്ക് നല്ല ആരോഗ്യമുണ്ടായതും തുടങ്ങിയ ഒട്ടേറെ അനുകൂല ഘടകങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നതു കൊണ്ടാണ്, അയാളുടെ മിടുക്ക് കൊണ്ടു മാത്രമല്ല അത്ര വലിയ വിളവ് ലഭിച്ചതെന്ന കാര്യം. മറ്റെല്ലാവരെയും മറന്ന് എല്ലാം ഒറ്റയ്ക്ക് സമ്പാദിക്കാനും അതെല്ലാം ഒറ്റയ്ക്ക് ആസ്വദിക്കാനും അയാള്‍ ആഗ്രഹിച്ചു.
ഈ മനുഷ്യന് ലൗകിക സമ്പത്ത് ഏറെ ഉണ്ടായിരുന്നെങ്കിലും ആത്മീയമായ അയാള്‍ ദരിദ്രനായിരുന്നു. അതിനാലാണ് അയാളെ വിഡ്ഢിയായ ധനികന്‍ എന്ന് വിളിക്കുന്നത്. അയാള്‍ ദൈവപരിപാലനയെ കുറിച്ച് ബോധവനാനല്ല. പാവങ്ങളെ സഹാിയിക്കണം എന്ന ദൈവകല്പന അയാള്‍ അവഗണിച്ചു കളയുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ കുറിച്ചോ സ്വന്തം ആത്മീയ വളര്‍ച്ചയെ കുറിച്ചോ നിത്യജീവന് വേണ്ടി സമ്പാദിക്കണമെന്നതിനെ കുറിച്ചോ അയാള്‍ ബോധവാനല്ല.
ഞാന്‍, എന്റെ… ഇത്തരം കാര്യങ്ങളില്‍ മാത്രമാണ് ധനികന്റെ ശ്രദ്ധ. അയാള്‍ സ്വന്തം ലോകത്തേക്ക് ചുരുങ്ങി പോയവനാണ്. തന്റെ കുടുംബത്തെ കുറിച്ചോ തൊഴിലാളികളെ കുറിച്ചോ ്അയല്‍ക്കാരെ കുറിച്ചോ അയാള്‍ ചിന്തിക്കുന്നില്ല. അഭൂതപൂര്‍വമായ വിളവ് ശേഖരിക്കാന്‍ ഇപ്പോഴുള്ള കളപ്പുര പോര എന്നു മാത്രമാണ് അയാള്‍ ചിന്തിക്കുന്നത്.
ഈ സുവിശേഷം നമ്മുടെ ജീവിതത്തില്‍
ഇതു തന്നെയല്ലേ നമ്മുടെ ജീവിതത്തിലും പലപ്പോഴും സംഭവിക്കന്നത് ? നമുക്ക് കൂടുതല്‍ ശമ്പളം ലഭിക്കുമ്പോള്‍, ബിസിനസ് മെച്ചപ്പെടുമ്പോള്‍, ലോട്ടറി അടിക്കുമ്പോള്‍ നാം ചിന്തിക്കുന്നത് എങ്ങനെ ഒരു വലിയ വീട് പണിയാന്‍ സാധിക്കും, കുടുതല്‍ ആഢംബര കാര്‍ വാങ്ങാന്‍ കഴിയും എന്നൊക്കെയാണ്.
എന്നാല്‍ ചില നല്ല മനുഷ്യരുണ്ട്. അവര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അധികമായി കിട്ടുന്ന പണം കൊണ്ട് അവര്‍ പാവങ്ങളെ സഹായിക്കും. ഇതാണ് യേശു ക്രിസ്ത്യാനികളില്‍ നിന്ന് ആ്ഗ്രഹിക്കുന്നത്.
പിന്നീട് യേശു തന്റെ ശിഷ്യന്മാരുടെ നേര്‍ക്ക് തിരിയുന്നു. ദൈവരാജ്യത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങി വന്നവരാണ് ഇവര്‍. അവര്‍ ജീവിതത്തിലെ അത്യാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം തുടങ്ങിയവയെ കുറിച്ച് ആകുലപ്പെടരുത്. അതെല്ലാം ദൈവം അവര്‍ക്കായി നല്‍കി കൊള്ളും. ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നവരുടെ ജീവിതാവശ്യങ്ങള്‍ ദൈവം കരുതിക്കൊള്ളും.
ഇസ്രായേല്‍ 40 വര്‍ഷം മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞപ്പോള്‍ ദൈവം അവര്‍ക്ക് ഭക്ഷിക്കാന്‍ മന്നാ നല്‍കി, വെള്ളവും വെട്ടുക്കിളികളും നല്‍കി. ദൈവ വചനം കേള്‍ക്കാന്‍ യേശുവിന്റെ ചുറ്റിനും കൂടിയ അയ്യായിരം പേര്‍ക്കും നാലായിരം പേര്‍ക്കും യേശു അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കി. ചോദിക്കാതെ തന്നെ നമ്മുടെ ആവശ്യങ്ങള്‍ ദൈവം അറിയുന്നു.
നമ്മള്‍ ചെയ്യേണ്ടത്
ദൈവമക്കള്‍ ചെയ്യേണ്ടത് ഇതാണ്. ദൈവ വചനം ശ്രവിക്കുക, പങ്കുവയ്ക്കുക, അനുസരിക്കുക. അപ്പോള്‍ മറ്റെല്ലാം ദൈവം അവര്‍ക്കായി നല്‍കും. പിതാവ് മക്കളെ കാത്തു പാലിക്കുന്നതു പോലെ അവിടുന്ന് അവരെ കാത്തു പാലിക്കും. നാം മറ്റുള്ളവരുടെ ജീവിതാവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുമ്പോള്‍ നാം അവരുടെ മുന്നില്‍ ദൈവത്തിന്റെ ്പ്രതിനിധികളാവുകയാണ് ചെയ്യുന്നത്.
ജീവിതത്തെ കുറിച്ചുളള ആകുലത ഫലദായകമല്ല. ദൈവത്തോടുള്ള വിശ്വസ്തതയും ദൈവിക ദൗത്യത്തില്‍ പങ്കുചേരുകയുമാണ് പ്രധാനം. ബാക്കിയെല്ലാം ദൈവം നോക്കിക്കൊള്ളും. ഈ പ്രപഞ്ചത്തിന്റെ മേലുള്ള അധികാരം ശാസ്ത്രജ്ഞന്മാരുടെയോ സാങ്കേതിക വിദഗ്ദരുടെയോ കൈയിലല്ല. ദൈവത്തിന്റെ കൈയിലാണ്.
സന്ദേശം
യൂദാസ് സന്തോഷത്തോടു കൂടിയാണ് യേശുവിനെ അനുഗമിച്ചത്. എന്നാല്‍ ധനത്തോടുള്ള അത്യാര്‍ത്തി അയാളെ കീഴടക്കി. അയാള്‍ക്ക് ആത്മീയജീവിതം നഷ്ടമായി. തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത് അയാള്‍ നിത്യജീവന്‍ നഷ്ടമാക്കി.
സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് മനുഷ്യര്‍ സമ്പത്ത് തേടുന്നത്. എന്നാല്‍ നമ്മുടെ ആത്മീയ ഉന്നമനത്തിനായി ഉപയോഗിക്കുന്നില്ലെങ്കില്‍ സമ്പത്ത് നമുക്ക് സന്തോഷം തരികയില്ല. ഈ ഭൂമിയിലെ സമ്പത്ത് നാം ഉപയോഗിക്കേണ്ടത് സ്വര്‍ഗത്തില്‍ സമ്പന്നരാകാന്‍ വേണ്ടിയാണ്.
ഇക്കാര്യത്തില്‍ സക്കേവൂസാണ് നമ്മുടെ മാതൃക. അയാള്‍ സ്വന്തം സമ്പത്ത് ത്യാഗം ചെയ്തു കൊണ്ട് സ്വര്‍ഗരാജ്യം നേടിയെടുത്തു.
വിഡ്ഢിയായ മനുഷ്യനെ പോലെയാകാതെ നമുക്കുള്ളതെല്ലാം ദൈവപരിപാലനയിലൂടെ ലഭിച്ചതാണെന്ന് നമുക്ക് അംഗീകരിക്കാം.
നമ്മുടെ സമ്പത്തും ജീവനും ഏതു നിമിഷവും തിരികെ എടുക്കപ്പെടാം എന്ന ബോധ്യത്തോടെ നമുക്ക് സ്വര്‍ഗത്തില്‍ നിക്ഷേപം കൂട്ടി വെയ്ക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.