ക്രൈസ്തവർക്ക് അവഗണന: കത്തോലിക്ക കോണ്‍ഗ്രസ്
തൊടുപുഴ: ന്യൂനപക്ഷങ്ങൾക്കായി സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന ക്ഷേമപദ്ധതികളിൽ ക്രൈസ്തവ വിഭാഗത്തിന് തുല്യനീതി ലഭിക്കുന്നില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി. കാർഷിക മേഖലയുടെ തകർച്ചയും മത്സ്യത്തൊഴിലാളി മേഖലയിലെ പ്രതിസന്ധിയും മൂലം ദൈനം ദിന ജീവിതം ദുസ്സഹമായിരിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണം.
കാർഷിക കടങ്ങളും വിദ്യാഭ്യാസ വായ്പകളും തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ഉണ്ടായിരിക്കുന്ന കുടിശികമൂലം കർഷകർ ആത്മഹത്യയുടെ വക്കിലാണ്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകളിലെല്ലാം ക്രൈസ്തവ വിഭാഗം വലിയ പ്രതിസന്ധി നേരിടുകയാണ്. പ്രകൃതിക്ഷോഭം മൂലം ഉണ്ടായിട്ടുള്ള തകർച്ചയെ അതിജീവിക്കാൻ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. കേരള സർക്കാർ നിയോഗിച്ചിരിക്കുന്ന ന്യൂനപക്ഷ കമ്മീഷൻ ഈ മേഖലയിൽ ക്രൈസ്തവർക്ക്അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു സമഗ്രമായി പഠിച്ച് സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസിന്റെ നിർദേശം ഉൾക്കൊള്ളുന്ന റിപ്പോർട്ട് ന്യൂനപക്ഷ കമ്മീഷനു സമർപ്പിച്ചു.
ഗ്ലോബൽ പ്രസിസിഡന്റ് ബിജു പറയന്നിലത്തിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ.ജിയോ കടവി, ജനറൽ സെക്രട്ടറി ടോമി പുഞ്ചക്കുന്നേൽ, പി.ജെ.പാപ്പച്ചൻ, പ്രഫ.ജോയി മൂപ്രപ്പള്ളി, സാജു അലക്സ്, സെലിൻ സിജോ, തോമസ്പീടികയിൽ, ജോർജ് കോയിക്കൽ, പ്രഫ.ജോസുകുട്ടി ജെ ഒഴുകയിൽ, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന തുടങ്ങിയവർ പ്രസംഗിച്ചു.