വിശ്വാസത്തിന്റെ ഏഴര പള്ളികള്‍
കേരളത്തിലെ സഭ വളര്‍ച്ചയുടെ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട പങ്ക് കേരളത്തിലെ ഏഴര പള്ളികള്‍ക്കുണ്ട്. ക്രിസ്തു വര്‍ഷം 52ല്‍ തോമാ ശ്ലീഹ കേരളത്തില്‍ എത്തിയതാണ് എന്ന് കരുത പ്പെടുന്നു. മലബാറിലെ കൊടുങ്ങല്ലൂര്‍ ആണ് അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കേ ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഇന്നത്തെ കേരളത്തേക്കാള്‍ വലുതും കേരളത്തിന്റെ വടക്ക് ഭാഗത്ത് ഇന്ന് മലബാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂവിഭാഗത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. ക്രിസ്തു വര്‍ഷം ആരംഭിക്കുന്നതിനു മുന്നേ മദ്ധ്യേ മധ്യ പൂര്‍വ്വ രാജ്യങ്ങളിലായി വാണിജ്യ ബന്ധം സ്ഥാപിച്ചതില്‍ പ്രശസ്തി നേടിയിരുന്നു മലബാര്‍. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പ് വരെ ഇവരുടെ വാണിജ്യ ഭാഷ ക്രിസ്തു സംസാരിച്ചിരുന്ന അരമായ ഭാഷയായിരുന്നു.
ക്രിസ്തു മതത്തിന്റെ പ്രചാരണാര്‍ഥം ഏഴു ദേവാലയങ്ങള്‍ സ്ഥാപിച്ചത് ആണ് ഏഴരപ്പള്ളികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ദേവാലയങ്ങളില്‍ പലതും അന്ന് യഹൂദന്മാരുടെ ആവാസ കേന്ദ്രങ്ങളിലായിരുന്നു. ഏഴരപ്പള്ളികള്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ പള്ളികള്‍ മാല്യങ്കര (കൊടുങ്ങല്ലൂര്‍), പാലയൂര്‍ (ചാവക്കാട്), കോക്ക മംഗലം (ചേര്‍ത്തല), പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍ (ചായല്‍), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. മാല്യങ്കരയില്‍ പണിത പള്ളി ആണ് ആദ്യത്തെ പള്ളിയായി കരുതപ്പെടുന്നത്. കന്യാകുമാരിയിലെ തിരുവിതാം കോടുള്ള പള്ളിയെ ആണ് അര പള്ളിയായി കരുതുന്നത്. ഏഴരപള്ളികളില്‍ കേരളത്തിന് പുറത്തുള്ള ഏക ദേവാലയവും ഈ പള്ളിയാണ്.
മാല്യങ്കര പള്ളി
സെന്റ്. തോമസ് കൊടുങ്ങല്ലൂര്‍ പള്ളി: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ മാല്യങ്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ക്രിസ്തു വര്‍ഷം 52മാണ്ട് സ്ഥാപിക്കപ്പെട്ട ഈ ദേവാലയം കേരള ത്തിലെ ആദ്യത്തെ ദേവാലയമാണ്. സീറോ മലബാര്‍ സഭയുടെ ഇരിങ്ങാലക്കുട രൂപതയില്‍ ഉള്‍പ്പെടുന്നതാണ് ഈ പള്ളി.
പാലയൂര്‍ പള്ളി
തൃശൂര്‍ ജില്ലയില്‍ ചാവക്കടിനു അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്തീയ ദേവാലയമാണ് പാലയൂര്‍ പള്ളി. തോമാശ്ലീഹ സ്ഥാപിച്ച ഈ പള്ളി നൂറ്റെട്ട് ശിവാലയങ്ങളില്‍ പറയുന്ന പാലയൂര്‍ ശിവ ക്ഷേത്രം നിന്നിരുന്ന അടുത്താണ് നിര്‍മ്മിച്ചത്. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശു മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണി കഴിപ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതയില്‍ ഉള്‍പ്പെടുന്നതാണ് പാലയൂര്‍ പള്ളി. ക്രിസ്തു വര്‍ഷം 52 തന്നെയാണ് ഈ ദേവാലയത്തിന്റെ നിര്‍മ്മാണവും.
കോക്കമംഗലം പള്ളി
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്ക് അടുത്ത് കോക്കമംഗലം എന്നാ സ്ഥലത്താണ് തോമാശ്ലീഹ മൂന്നാമത് പണി കഴിപ്പിച്ച ദേവാലയം സ്ഥിതി ചെയ്യുന്നത്. അദ്ദേഹം അവിടെ എത്തുകയും ഏക ദേശം ഒരു വര്‍ഷത്തോളം അവിടെ സുവിശേഷ പ്രചരണം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വചന പ്രഘോഷണത്തില്‍ ആകൃഷ്ടരായി ആയിരത്തി അറുനൂറോളം പേര് അന്ന് ക്രിസ്തു മതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ നാടോടി ഗാനരൂപമായ റമ്പാന് പാട്ടില്‍ പറയുന്നുണ്ട്. തോമാശ്ലീഹ കോക്കമംഗലത്ത് ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും വിശ്വാസികള്‍ക്കായി ഒരു കുരിശു വാഴ്ത്തി സ്ഥാപിക്കുകയും ചെയ്തു. കോക്കമംഗലത്തുകാര്‍ തങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥനായി വിശുദ്ധ തോമാശ്ലീഹായെ ഇന്നും കരുതി പോരുന്നു.
കോട്ടക്കാവ് സെന്റ്. തോമസ് പള്ളി
ഏഴരപ്പള്ളികളില്‍ ഒന്നായ കോട്ടക്കാവ് സെന്റ്. തോമസ് ദേവാലയം എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. പെരിയാറിന്റെ തീരത്തായിട്ടാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹ വചന പ്രഘോഷണം നടത്തിയെന്നും ഏകദേശം ആയിരത്തി എഴുനൂറോളം പേര് ക്രിസ്തു വിശ്വാസം സ്വീകരിച്ചു എന്നും പള്ളിയുടെ ചരിത്ര രേഖ കളില്‍ പറയുന്നു. റമ്പാന് പാട്ടിലും ഇക്കാര്യം പറയുന്നു. ആദ്യം നിര്‍മ്മിച്ച ദേവാലയം പുതുക്കി പണിയുകയും ഇപ്പോള്‍ കാണുന്ന പള്ളി വന്നതും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ്.
നിരണം പള്ളി
പത്തനം തിട്ട ജില്ലയില്‍ നിരണം എന്ന ദേശത്ത് ക്രിസ്തു വര്‍ഷം 54ന് ആണ് തോമാശ്ലീഹ പള്ളി സ്ഥാപിച്ചത്. പല തവണ പുതുക്കി പണിത ഈ ദേവാലയം തിരുവിതാംകൂര്‍ ദേശത്തുള്ള പല പള്ളികളുടെയും തല പള്ളി കൂടിയാണ്. പമ്പ നദി യുടെ ഉപ നദിയായ കോവിലയാറിനു തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പളളിയില്‍ ഹൈന്ദവ ക്ഷേത്രങ്ങളുടേത് പോലെ കൊത്ത് വിളക്കുകളും കൊത്ത് പണികളും ഉണ്ട്. നിരണം പള്ളിയെ കുറിച്ചുള്ള വിവരങ്ങള്‍ മാര്‍ഗ്ഗം കളി പാട്ടിലും വീരാടിയാന്‍ പാട്ടുകള്‍ എന്നീ സാഹിത്യ കൃതികളില്‍ കാണാം. മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാന ദേവാലയം കൂടിയാണ് നിരണം പള്ളി.
നിലയ്ക്കല്‍ പള്ളി
കേരളത്തിലെ എപ്പിസ്കോപ്പല്‍ സഭാ വിഭാഗങ്ങളുടെ മേല്‍ നോട്ടത്തില്‍ പരിപാലിക്കപ്പെടുന്ന ഒരു എക്യുമെനിക്കല്‍ ദേവാലയമാണ് സെന്റ്. തോമസ് എക്യുമെനിക്കല്‍ പള്ളി. ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കല്‍ ദേവാലയമാണ് ഇത്. വനപ്രദേശമായ നിലയ്ക്കലില്‍ ആണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹ ഇവിടെ എത്തിയിരുന്നതായി വിശ്വസിക്കുന്നു. 1984 ഏപ്രില്‍ 8 ന് ആണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. ശ്ലീഹ ഇവിടെ വന്നിരുന്നു എന്നതിന് ആധികാരിക മായ തെളിവുകള്‍ ലഭ്യമല്ല.
കൊല്ലം പള്ളി
തോമാ ശ്ലീഹ സ്ഥാപിച്ച ഇവിടത്തെ ദേവാലയം കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ചു പോയതിനാല്‍ അവിടത്തെ വിശ്വാസികള്‍ കൊല്ലം തേവലക്കരയില്‍ ശ്ലീഹ സ്ഥാപിച്ച പള്ളി പുതുക്കി പണിയുകയും പരിശുദ്ധ കന്യകമറിയത്തിന്റെ പേരില്‍ പുനര്‍സ്ഥാപിക്കുകയും ചെയ്തു. മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന ത്തിന് കീഴിലാണ് ഈ ദേവാലയം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ശ്ലീഹ സ്ഥാപിച്ച പള്ളിക്ക് പകരമായി ഒരു പള്ളി കൊല്ലത്ത് ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിച്ചു. ലത്തീന്‍ സഭയുടെ കീഴിലാണ് ഈ ദേവാലയം.
തിരുവതാംകോട് പള്ളി
അര പള്ളി എന്നറിയപ്പെടുന്ന ഈ ദേവാലയം കേരളത്തിന് പുറത്തു കന്യാകുമാരിയില്‍ തിരുവി താംകോട് എന്ന സ്ഥലത്ത് ക്രിസ്തു വര്‍ഷം 63 ല്‍ തോമാ ശ്ലീഹ സ്ഥാപിച്ചതായി കരുതപ്പെടുന്നു. തോമയാര്‍ കോവില്‍ എന്ന പേര് കൂടെ ഈ ദേവാലയത്തിന് ഉണ്ട്. തമിഴ് നാട്ടിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ് ഇത്. പഴയ തെക്കന്‍ തിരുവിതാംകൂറില്‍ പെട്ട ഈ പള്ളി ഒരു കാലത്ത് മലങ്കര നസ്രാണികളുടെ പ്രധാന ആരാധന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ ഇവിടെയുള്ള വിശ്വാസി സമൂഹത്തില്‍ നല്ലൊരു ശതമാനം പേരും മറ്റു ഭാഗങ്ങളിലേക്ക് കുടിയേറി പോയത് മൂലം വളരെ കാലങ്ങളായി ശ്രദ്ധ ലഭിക്കാതെ കിടന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ഈ പള്ളി പുനരുദ്ധാരണങ്ങള്‍ നടത്തുകയും 2007 ഡിസംബര്‍ 16 ന് അന്തര്‍ ദേശീയ മാര്‍ തോമന് തീര്‍ഥാടന കേന്ദ്രം ആയി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റു പള്ളികളില്‍ നിന്നും അര പള്ളി എന്ന പേര് കൈ വന്നതിനു പല അഭിപ്രായങ്ങള്‍ നിലവില്‍ ഉണ്ട്. താരതമ്യം ചെയ്യുമ്പോള്‍ മറ്റു ദേവാലയങ്ങളില്‍ നിന്നും ചെറിയ പള്ളി ആയതി നാലാണ് പകുതി എന്നര്‍ത്ഥത്തില്‍ അര എന്ന വിശേഷണം വന്നു ചേര്‍ന്നതെന്ന് ഒരു അഭിപ്രായം. എന്നാല്‍ രാജാവ് എന്നര്‍ത്ഥമുള്ള അരചന് എന്ന ദ്രാവിഡ പദത്തില്‍ നിന്നാണു അര, രാജകീയം എന്ന അര്‍ത്ഥത്തില്‍ ബഹുമാന സൂചകമായി ഇവിടെയും ഈ പദം ഉപയോഗിക്കുന്നു എന്നും വാദം നിലവിലുണ്ട്. രാജാവിന്റെ പ്രത്യേക താല്പര്യ പ്രകാരം പണി കഴിപ്പിച്ച ദേവാലയം ആയതി നാലാണ് ഈ സ്ഥാനം ലഭിച്ചുവെന്ന വിശദീകരണവും നിലവിലുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.