കെസിബിസി മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു
കൊച്ചി: നൻമയുള്ള വാർത്തകൾ നിരന്തരം വിനിമയം ചെയ്യേണ്ടതു മാധ്യമങ്ങൾ പ്രധാന ദൗത്യമായി കാണണമെന്നു കെസിബിസി മീഡിയ കമ്മീഷൻ അധ്യക്ഷൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ. പാലാരിവട്ടം പിഒസിയിൽ29-ാമതു കെസിബിസി മാധ്യമ പുരസ്കാര സമർപ്പണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട്, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരിന്പനിക്കൽ എന്നിവർ പ്രസംഗിച്ചു.
2018ലെ സാംസ്കാരിക, കലാ, മാധ്യമരംഗത്തെ പ്രവർത്തന മികവിന് ഫ്രാൻസിസ് നൊറോണ (സാഹിത്യം), ബോബി ഏബ്രഹാം(മാധ്യമം), ജോസഫ് അന്നംകുട്ടി ജോസ് ( യുവപ്രതിഭ ), ഡോ. കെ.എം. ഫ്രാൻസിസ് (മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ദാർശനിക വൈജ്ഞാനിക പുരസ്കാരം ), സി. രാധാകൃഷ്ണൻ (സംസ്കൃതി പുരസ്കാരം), ഡോ. കെ.വി. പീറ്റർ, ജോണ് പോൾ, റവ. ഡോ. കുര്യൻ വാലുപറന്പിൽ (ഗുരുപൂജ) എന്നിവരാണ് അവാർഡുകൾക്ക് അർഹരായത്. ചലച്ചിത്ര, സീരിയൽ താരം സ്റ്റെഫി ലിയോണും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി, ഫാ. സേവറിയോസ് തോമസ്, തൃപ്പൂണിത്തുറ ആർഎൽവിയിലെ വിദ്യാർഥികൾ, കൊല്ലം വെർണൽ മ്യൂസിക് ബാൻഡ് എന്നിവരുടെ സംഗീത പരിപാടികൾ, ലൂർദ് നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ നൃത്താവിഷ്കാരം എന്നിവയുണ്ടായിരുന്നു.