മധ്യപ്രദേശ് വാഹനാപകടത്തില്‍ മരിച്ച മലയാളി കന്യാസ്ത്രീയുടെ സംസ്കാരം ഇന്ന്
ചിറ്റാരിക്കാൽ(കാസർഗോഡ്): മധ്യപ്രദേശിലെ ജഗദൽപുരിൽ വാഹനാപകടത്തിൽ മരിച്ചത് കാസർഗോഡ് കണ്ണിവയൽ സ്വദേശിനിയായ കന്യാസ്ത്രീ. കണ്ണിവയലിലെ മടുക്കാങ്കൽ ജോസഫിന്റെയും പരേതയായ ഏലിയാമ്മയുടെയും മകൾ സിസ്റ്റർ ജയ്സ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച ആറോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ ഉൾപ്പെടെ പരിക്കേറ്റവർ ചികിത്സയിലാണ്.
ദീനബന്ധു സഭാംഗമായ സിസ്റ്റർ ജയ്സ് അടുത്തയിടെയാണ് ജഗദൽപുരിലേക്ക് സ്ഥലംമാറിയെത്തിയത്. സംസ്കാരം ഒന്നിനു രാവിലെ 9.30 ന് ജഗദൽപുർ ബിഷപ്സ് ഹൗസ് സെമിത്തേരിയിൽ. സഹോദരങ്ങൾ: ചെറിയാൻ മടുക്കാങ്കൽ (കേരള കോൺഗ്രസ്-എം ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ്), റോസക്കുട്ടി, സാലി, ലൗലി, ജോമി, സിസ്റ്റർ മിനി (യുഎസ്എ).