കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുക പ്രധാനം: മാര്‍ അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: സഭയുടെ കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികൾക്കു കടമയും ഉത്തരവാദിത്വവുമുണ്ടെന്നു ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുരഞ്ജനത്തിന്റെ പാതയാണു ക്രൈസ്തവരുടേത്. വര്‍ഗീയ ഭീകരവാദങ്ങള്‍ എല്ലാ രംഗങ്ങളിലും ശക്തിയാര്‍ജിക്കുന്നതു സമൂഹം നിസാരവത്കരിക്കരുത്. മതസൗഹാര്‍ദം സംരക്ഷിക്കേണ്ടതു പൊതുസമൂഹത്തിന്റെ ധര്‍മമാണ്. വിശ്വാസ ആചാരാനുഷ്ഠാനങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ക്രൈസ്തവരും ഇതരമത വിശ്വാസികളും ഈ മണ്ണിന്റെ മക്കളും സഹോദരങ്ങളുമാണ്. ഈ മാനവസംസ്കാരത്തില്‍ അടിയുറച്ചും ഭരണഘടനയെ ആദരിച്ചും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചുമാണു ക്രൈസ്തവസമൂഹം ഭാരതമണ്ണില്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ റവ.ഡോ. കുര്യന് താമരശേരി ആമുഖ പ്രഭാഷണവും സെക്രട്ടറി ഷെവ.വി.സി. സെബാസറ്റ്യന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചു പ്രഫ. റോണി കെ. ബേബി വിഷയാവതരണം നടത്തി. വികാരി ജനറാള്‍മാരായ ഫാ. ജോര്‍ജ് ആലുങ്കല്‍, ഫാ. ജസ്റ്റിന് പഴേപറമ്പില്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. മാര്ട്ടിന് വെള്ളിയാംകുളം, പാസ്റ്ററല്‍ കൗണ്‍സിലിന്റെ വിവിധ കമ്മീഷനുകളുടെ ചെയര്മാന്മാരായ ഫാ. ജോണ്‍ പനച്ചിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. സഖറിയാസ് ഇല്ലിക്കമുറി, ഫാ.അഗസ്റ്റിന് പുതുപ്പറമ്പില്‍, ഫാ. ജോണ്‍ മതിയത്ത്, ഫാ.മാത്യു ഓലിക്കല്‍, ഫാ. ജയിംസ് ചവറപ്പുഴ, സെക്രട്ടറിമാരായ ഏബ്രാഹം മാത്യു പന്തിരുവേലില്‍, എം.എം. ജോര്‍ജ് മുത്തോലില്‍, ബിനോ പി. ജോസ് പെരുന്തോട്ടം, പി.എസ്. വര്‍ഗീസ് പുതുപ്പറമ്പില്‍, സണ്ണി എട്ടിയില്‍, തോമസ് വെള്ളാപ്പള്ളി എന്നിവര്‍പ്രസംഗിച്ചു.