ആമസോണില്‍ വിവാഹിതര്‍ക്ക് പൗരോഹിത്യം നല്കാന് സാധ്യത
റോം: വൈദികരുടെ കുറവ് പരിഹരിക്കാന്‍ ആമസോണ്‍ മേഖലയില്‍ വിവാഹിതരായ വ്യക്തികള്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെ കുറിച്ച് വത്തിക്കാന്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഒക്ടോബര്‍ 6 മുതല്‍ 27 വരെ നടക്കുന്ന പ്രത്യേക മീറ്റിംഗില്‍ ചര്‍ച്ച നടക്കും.
വൈദികരുടെ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം എടുത്തു പറയുമ്പോള്‍ തന്നെ വിദൂരമായ ഉള്‍പ്രദേശങ്ങളില്‍ പ്രായമുള്ളവരും സ്വദേശികളും അവരവരുടെ സമൂഹങ്ങളില്‍ പൊതുസമ്മതനും സ്ഥിരതയാര്‍ന്ന കുടുംബജീവിതം നയിക്കുന്നവരുമായ വ്യക്തികളെയാണ് പൗരോഹിത്യനായി പരിഗണിക്കുന്നത്.
മുന്‍പ്, ചില ഉള്‍പ്രദേശങ്ങളില്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവാഹിതര്‍ക്ക് പൗരോഹിത്യം നല്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞിരുന്നു.
നിലവില്‍ കത്തോലിക്കാ സഭയില്‍ വിവാഹിതരായ വൈദികരെ അനുവദിക്കുന്നില്ലെങ്കിലും മറ്റു സഭകളില്‍ നിന്നും വരുന്നവര്‍ക്ക്, ഉദാഹരണത്തിന് ആംഗ്ലിക്കന്‍ സഭയില്‍ നിന്നുള്ളവര്‍ക്ക്, അവര്‍ വിവാഹതിരാണെങ്കിലും കത്തോലിക്കാ സഭയില്‍ ചേര്‍ന്ന് പുരോഹിതരായിരിക്കാന്‍ അനുവാദമുണ്ട്.