മാർ അബിമലേക്ക് മെത്രാപ്പോലീത്ത വിശുദ്ധ പദവിയിലേക്ക്
എർബിൽ (ഇറാഖ്): ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ ചേർന്ന പരിശുദ്ധ സുനഹദോസ് മാർ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനായി തീരുമാനിച്ചു. പ്രഖ്യാപനം ഉടനെ ഉണ്ടാകും.
1945 ഏപ്രിൽ 30ന് തൃശൂരിൽ മെത്രാപ്പോലീത്തൻ അരമനയിൽ ദിവംഗതനായ മാർ അബിമലേക്ക് തിമോഥിയോസ് മെത്രാപ്പോലീത്ത വിശുദ്ധനാകുന്നതോടെ ഇന്ത്യൻ സഭയിൽനിന്നുള്ള പ്രഥമ വിശുദ്ധനാകും അദ്ദേഹം. 1908 ഫെബ്രുവരി 27ന് ഇന്ത്യയിൽ എത്തിയ മാർ അബിമലേക്ക് തിമോഥിയോസ്, ജന്മം കൊണ്ട് തുർക്കിക്കാരനാണെങ്കിലും ആത്മീയജീവിതംകൊണ്ട് ഇന്ത്യക്കാരനായി. ഖദർ ളോഹ ധരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യക്കാർക്കൊപ്പം ബ്രീട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത ഏക വിദേശീയനായ മെത്രാപ്പോലീത്തയാണ് അദ്ദേഹം.
കേരളത്തിലെ സാംസ്കാരിക തലസ്ഥാനത്ത് കർമംകൊണ്ട് മലയാളിയായി ജീവിച്ച് തൃശൂരിന്റെ മണ്ണിൽനിന്നു ലോകത്തോടു വിടപറഞ്ഞ വിശുദ്ധനാണ് ഇദ്ദേഹം. മഹാത്മാ ഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി എന്നിവരുമായി മികച്ച സൗഹൃദം പുലർത്തിയ അദ്ദഹം സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മുൻമുഖ്യമന്ത്രിമാരായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, കൂടാതെ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ മാർ അബിമലേക്കിന്റെ സുഹൃത്തുക്കളായിരുന്നു. മലയാളം പഠിച്ച അദ്ദേഹം സുറിയാനി ഭാഷയിൽനിന്നു മലയാളത്തിലേക്ക് പ്രാർഥനകൾ മൊഴിമാറ്റുകയും സണ്ഡേ സ്കൂളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് പാഠപുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാഖിലെ എർബലിൽ പരിശുദ്ധ പാത്രിയാർക്കീസിന്റെ ആസ്ഥാനത്ത് വിശുദ്ധനായി പ്രഖ്യാപിക്കുന്ന അതേ ദിവസം അതേ സമയം ഇന്ത്യൻ സഭയുടെ ആസ്ഥാനമായ തൃശൂരിൽ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത മാർ അബിമലേക്കിനെ വിശുദ്ധനായി പ്രഖ്യാപിക്കും.
ഇറാഖിലെ ആത്മീയ പിതാവായിരുന്ന മാർ യോസഫ് ഹാനാനീശോ മെത്രാപ്പോലീത്തയെയും ഈ സുനഹദോസിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട്.